നാലുവര്‍ഷത്തെ ബിജെപി ഭരണം രാജ്യത്തെ ഭീതിയിലാഴ്ത്തി; പോപുലര്‍ ഫ്രണ്ട്

0

ന്യൂഡല്‍ഹി: (www.k-onenews.in) നരേന്ദ്ര മോഡി നേതൃത്വം നല്‍കുന്ന ബി.ജെ.പി സര്‍ക്കാരിന്റെ നാലുവര്‍ഷത്തെ പരാജയം സമ്പൂര്‍ണ പരാജയമാണെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ എക്‌സിക്യൂട്ടീവ് യോഗം വ്യക്തമാക്കി. സാമ്പത്തിക, വികസന രംഗങ്ങളില്‍ കൂപ്പുകുത്തിയ സര്‍ക്കാരിന് ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ ഒന്നും പാലിക്കാന്‍ കഴിഞ്ഞില്ലെന്നും യോഗം അംഗീകരിച്ച പ്രമേയം ചൂണ്ടിക്കാട്ടി.
നോട്ടു നിരോധനവും ജി.എസ്.ടിയും പോലുള്ള നടപടികള്‍ രാജ്യത്തെ ലക്ഷക്കണത്തിന് വരുന്ന പാവപ്പെട്ടവരുടെ ഉപജീവനത്തെ തകര്‍ത്തു. ഇന്ധന വിലയും അവശ്യസാധനങ്ങളുടെ വിലയും ദൈനംദിനം കുതിച്ചുയരുന്നത് സാധാരണക്കാരനെ കൂടുതല്‍ ദുരിതത്തിലാക്കി. തൊഴിലില്ലായ്മയും അഴിമതിയും വ്യാപകമായി. നോട്ടു നിരോധനം പ്രഖ്യാപിച്ച് അഞ്ചുദിവസത്തിനുള്ളില്‍ ബി.ജെ.പി ദേശീയ പ്രസിഡന്റ് അമിത് ഷാ നേതൃത്വം നല്‍കുന്ന സഹകരണ ബാങ്ക് 745.58 കോടി രൂപയുടെ നോട്ടുകള്‍ മാറിയതടക്കമുള്ള ഗുരുതരമായ ആരോപണങ്ങളാണ് ഉയര്‍ന്നുവന്നിരിക്കുന്നത്. ഭരണരംഗത്തെയും സാമ്പത്തിക രംഗത്തെയും തകര്‍ച്ചയെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാന്‍ കഴിയാതെ, രാജ്യത്ത് വര്‍ഗീയ ധ്രുവീകരണം നടത്തി ജനശ്രദ്ധ തിരിച്ചുവിടാനുള്ള ശ്രമങ്ങളാണ് ബി.ജെ.പി നടത്തിക്കൊണ്ടിരിക്കുന്നത്. 2019 ലെ ലോകസഭാ തിരഞ്ഞെടുപ്പു നേരിടാന്‍ അവര്‍ക്കു മുമ്പിലുള്ള മാര്‍ഗം അതുമാത്രമാണ്. സാമൂഹ്യനീതിയും തുല്യതയും നിലനില്‍ക്കുന്ന ജനാധിപത്യ മേതതര രാജ്യമായി ഇന്ത്യ അഭിവൃദ്ധിപ്പെടണമെങ്കില്‍ ഈ ശക്തികളെ അധികാരത്തില്‍ നിന്ന് പുറത്താക്കേണ്ടത് അനിവാര്യമാണ്. ലോകസഭാ തിരഞ്ഞെടുപ്പു മുന്നില്‍ കണ്ട് രാജ്യത്തിന്റെ നന്മയെ കരുതി അഭിപ്രായ ഭിന്നതകള്‍ മാറ്റിവച്ച് ഐക്യപ്പെടാന്‍ മതേതര ശക്തികള്‍ തയ്യാറാകുമ്പോള്‍ മാത്രമെ, ജനവിരുദ്ധ, വര്‍ഗീയ സര്‍ക്കാരില്‍ നിന്ന് മോചനം നേടാനാവു എന്നും ദേശീയ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗീകരിച്ച പ്രമേയത്തില്‍ പറഞ്ഞു.

ന്യൂനപക്ഷങ്ങള്‍ക്കെതിരേയുള്ള പശുഭീകരത അവസാനിപ്പിക്കുക

പശുഭീകരതയുടെ പേരില്‍ തെരുവില്‍ അഴിഞ്ഞാടുന്ന വര്‍ഗീയ ശക്തികളില്‍ നിന്ന് രാജ്യത്തെ മുസ്‌ലിംകളുടെ ജീവന് സംരക്ഷണം നല്‍കുന്നതില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ പരാജയപ്പെട്ടതായി ദേശീയ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ കുറ്റപ്പെടുത്തി. തല്ലിക്കൊലയുടെ പേരില്‍ ജാര്‍ഖണ്ഡില്‍ കോടതി കുറ്റവാളികളെ ശിക്ഷിച്ചിട്ടും, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആള്‍ക്കൂട്ട ആക്രമണങ്ങള്‍ ആവര്‍ത്തിക്കുന്നത്, പശുസംരക്ഷണത്തിന്റെ പേരിലുള്ള വര്‍ഗീയ ശക്തികളുടെ അഴിഞ്ഞാട്ടം ശക്തിപ്പെടുന്നതിന് തെളിവാണ്. ഏതുസമയത്തും ആള്‍ക്കൂട്ട ആക്രമണത്തിനിരയായി മുസ്‌ലിംകള്‍ കൊല്ലപ്പെടാവുന്ന സ്ഥിതിവിശേഷമാണ് രാജ്യത്ത് നിലനില്‍ക്കുന്നത്. ഇരകളുടെ ജീവന്‍ രക്ഷിക്കുന്നതിന് പകരം പോലിസ് അക്രമികളായ ആള്‍ക്കൂട്ടത്തെ സഹായിക്കുന്ന ദൃശ്യങ്ങളാണ് ഉത്തര്‍പ്രദേശില്‍ നിന്നും ഏറ്റവും ഒടുവില്‍ പുറത്തുവന്നത്. കഴിഞ്ഞ രണ്ടാഴ്ചക്കുള്ളില്‍ അസമിലും ജാര്‍ഖണ്ഡിലും ഉത്തര്‍പ്രദേശിലും മൂന്നു വ്യത്യസ്ത സംഭവങ്ങളാണ് ഉണ്ടായത്. പൊള്ളയായ വാചാടോപം അവസാനിപ്പിച്ച് യു.പി, ജാര്‍ഖണ്ഡ്, അസം പോലുള്ള സംസ്ഥനങ്ങളിലെ തങ്ങളുടെ മുഖ്യമന്ത്രിമാരെക്കൊണ്ട് ഉത്തരവാദിത്തം നിര്‍വഹിപ്പിക്കാന്‍ പ്രധാനമന്ത്രി തയ്യാറാവണമെന്ന് യോഗം ആവശ്യപ്പെട്ടു.

രാഷ്ട്രീയ എതിര്‍പ്പുകളെ ഭീകരനിയമങ്ങള്‍ ചുമത്തി അടിച്ചമര്‍ത്തുന്നത് അവസാനിപ്പിക്കുക

രാഷ്ട്രീയ എതിരാളികള്‍ക്കും ബുദ്ധിജീവികള്‍ക്കും പൗരാവകാശ പ്രവര്‍ത്തകര്‍ക്കുമെതിരേ യു.എ.പി.എ, എന്‍.എസ്.എ പോലുള്ള ഭീകര നിയമങ്ങള്‍ വ്യാപകമായി പ്രയോഗിക്കുന്നതില്‍ യോഗം കടുത്ത ആശങ്ക രേഖപ്പെടുത്തി. ഇത്തരം ഭീകരനിയമങ്ങള്‍ നിലനില്‍ക്കുന്നത് മൗലീകാവകാശങ്ങള്‍ നിഷേധിക്കപ്പെടാന്‍ ഇടയാക്കുമെന്നും അധികാരത്തിലിരിക്കുന്നവര്‍ വിയോജിപ്പുകളെ അടിച്ചമര്‍ത്താന്‍ ദുരുപയോഗം ചെയ്യുമെന്നും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മനുഷ്യാവകാശ പ്രവര്‍ത്തകര്‍ കഴിഞ്ഞകാലങ്ങളില്‍ ചൂണ്ടിക്കാട്ടിയിട്ടുള്ളതാണ്. അത് അതേപടി ഇന്ന് രാജ്യത്ത് നടപ്പാവുന്ന സ്ഥിതിവിശേഷമാണുള്ളത്. ഭീമ കൊരേഗാവ് സംഭവവുമായി ബന്ധപ്പെടുത്തി മഹാരാഷ്ട്രയില്‍ അഞ്ച് ആക്ടിവിസ്റ്റുകളെ അറസ്റ്റ് ചെയ്തത് ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്. അറസ്റ്റിനെ തുടര്‍ന്ന് പരസ്പര വിരുദ്ധമായ കഥകളുമായി പോലിസ് രംഗത്തുവരികയും യു.എ.പി.എ ചുമത്തുകയുമായിരുന്നു. അവശജനവിഭാഗങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കെതിരേ ശക്തമായ നിലപാട് സ്വീകരിക്കുകയും ജനാധിപത്യ പ്രക്ഷോഭങ്ങള്‍ക്ക് സജീവമായി നേതൃത്വം നല്‍കുകയും ചെയ്തിരുന്നവരാണ് അറസ്റ്റിലായത്. ഭീമ കൊരേഗാവ് സംഭവത്തിന്റെ വാര്‍ഷികത്തിനിടെ അക്രമം നടത്തിയവരെയും ഭാരത് ബന്ദ് ദിവസം ദലിത് പ്രവര്‍ത്തകര്‍ക്കു നേരെ നിറയൊഴിക്കുകയും ചെയ്തവരെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്നത് ശ്രദ്ധേയമാണ്. ഭീം അര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിനെ കഴിഞ്ഞ കുറേക്കാലമായി നീതീകരിക്കാനാവാത്ത കാരണങ്ങളുടെ പേരില്‍ തടവിലിട്ട് പീഡിപ്പിക്കുകയും എന്‍.എസ്.എ ചുമത്തുകയും ചെയ്തിരിക്കുന്നു. ഏകപക്ഷീയമായ അറസ്റ്റിനും വിവേചനപരമായി രാജ്യദ്രോഹക്കുറ്റം ചുമത്തുന്നതിനും തമിഴ്‌നാട്ടിലെ തൂത്തുക്കൂടി പ്രക്ഷോഭവും വേദിയായിരിക്കുന്നു. അവകാശങ്ങള്‍ ലംഘിക്കപ്പെടുകയും അധികാര ദുര്‍വിനിയോഗം നടത്തുകയും ചെയ്യുന്ന ഗുരുതരമായ സ്ഥിതിവിശേഷത്തിനെതിരേ രാജ്യത്ത് ശക്തമായ പൗരാവകാശ മുന്നേറ്റം ഉയര്‍ന്നുവരണമെന്നും യോഗം ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here