രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസിന് ; മാണിക്ക് സീറ്റ് നല്‍കിയത് ലീഗിന്റെ സമ്മര്‍ദത്തില്‍

0

തിരുവനന്തപുരം: (www.k-onenews.in) രാജ്യസഭാസീറ്റ് കേരളാ കോണ്‍ഗ്രസിനു മുന്നില്‍ അടിയറവ് വെച്ച് കോണ്‍ഗ്രസ്. കെഎം മാണിയുടെ പാര്‍ട്ടിക്ക് സീറ്റ് വിട്ട് നല്‍കാന്‍ തീരുമാനിച്ചെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും വ്യക്തമാക്കി.

ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും ഹസനും രാഹുല്‍ ഗാന്ധിയുമായി നടത്തിയ ചര്‍ച്ചയിലാണ് ഇത്തരമൊരു തീരുമാനം ഉണ്ടായത്. കോട്ടയം ലോക് സഭാ സീറ്റും കേര്‌ളാ കോണ്‍ഗ്രസിന് വിട്ടു നല്‍കാന്‍ ഇന്നത്തെ ചര്‍ച്ചയില്‍ തീരുമാനമായി.

നേരത്തെ, യുഡിഎഫ് പ്രവേശനത്തിന് തയ്യാറാണെങ്കിലും രാജ്യസഭാ സീറ്റ് വേണമെന്ന ഉറച്ച നിലപാട് കെ എം മാണി എടുത്തിരുന്നു.. മുസ്‌ലിം ലീഗ് കേരള കോണ്‍ഗ്രസിനൊപ്പം ഉറച്ചു നിന്നതോടെയാണ് സീറ്റ് നല്‍കാന്‍ കോണ്‍ഗ്രസ് തയാറായത്. രാജ്യസഭാ സീറ്റുകാര്യം മാത്രമല്ല ചര്‍ച്ച ചെയ്തതെന്ന് ജോസ് കെ.മാണി എം.പി. പറഞ്ഞു. യുഡിഎഫിലേക്കുള്ള തിരിച്ചുവരവുമായി ബന്ധപ്പെട്ട മറ്റ് കാര്യങ്ങളും ചര്‍ച്ച ചെയ്‌തെന്ന് ജോസ് കെ.മാണി ഡല്‍ഹിയില്‍ പറഞ്ഞു. അതേസമയം രാജ്യസഭാ സീറ്റ് വിട്ടുനല്‍കുന്നതിനെതിരെ കോണ്‍ഗ്രസില്‍ പുതിയ കലാപം തുടങ്ങിയിട്ടുണ്ട്.

രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസിന് നല്‍കുന്നതിനെ എതിര്‍ത്ത് കോണ്‍ഗ്രസ് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്ത് എത്തിയിട്ടുണ്ട്. മണ്ണും ചാരി നിന്നവന്‍ പെണ്ണും കൊണ്ട് പോയ പോലെയാണെന്നാണ് രാജ്യസഭാ സീറ്റിന്റെ കാര്യത്തില്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പ്രതികരിച്ചത്. കോണ്‍ഗ്രസ് സാന്നിധ്യമാണ് രാജ്യസഭയില്‍ വേണ്ടതെന്ന് കെസി ജോസഫ് എംഎല്‍എ അഭിപ്രായപ്പെട്ടു.

കേരളാ കോണ്‍ഗ്രസിന് സീറ്റ് വിട്ടുകൊടുക്കരുതെന്നാണ് സുധീരനും ആവശ്യപ്പെട്ടിരിക്കുന്നത്. ഇത് സംബന്ധിച്ച് ഡല്‍ഹിയിലുള്ള നേതാക്കളെ അദ്ദേഹം അതൃപ്തി അറിയിക്കുകയും ചെയ്തു. മാണിക്ക് മുന്നില്‍ മുട്ടുമടക്കരുതെന്നായിരുന്നു കോണ്‍ഗ്രസിലെ ഒരു വിഭാഗം ആളുകളുടെ നിലപാട്.

കേരള കോണ്‍ഗ്രസിനു സീറ്റു വിട്ടുനല്‍കരുതെന്ന് വി.എം സുധീരന്‍ ആവശ്യപ്പെട്ടു. അങ്ങനെയുണ്ടായാല്‍ അത് തെറ്റായ കീഴവഴക്കമാകും. ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കി കെപിസിസി അധ്യക്ഷന്‍ എം.എം ഹസനെയും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയേയും അദ്ദേഹം ഫോണില്‍വിളിച്ച് സംസാരിച്ചു. തിരുവഞ്ചൂര്‍ രാധാകൃഷ്ണനുമായി സുധീരന്‍ കൂടിക്കാഴ്ച നടത്തുകയും ചെയ്തു. ആത്മാഭിമാനം പണയപ്പെടുത്തരുതെന്ന് ഡീന്‍ കുര്യാക്കോസ് ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here