റെയില്‍വേസ്റ്റേഷന്‍ പരിസരത്ത് നിന്ന് ബൈക്ക് കവര്‍ന്നു; പിന്നീട് ഉപേക്ഷിച്ചു

0

കാസര്‍കോട്: (www.k-onenews.in) റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് പാര്‍ക്ക് ചെയ്ത ബൈക്ക് കാണാതായതിനെ തുടര്‍ന്ന് അന്വേഷിക്കുന്നതിനിടയില്‍ ഹാന്റ് ലോക്ക് തകര്‍ത്ത് നിലയില്‍ കണ്ടെത്തി. മാധ്യമപ്രവര്‍ത്തകനായ എരിയാല്‍ സ്വദേശിയുടെ ബൈക്കാണ് റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്ത് നിന്നും കവര്‍ന്നത്. ഇന്നലെ ഉച്ചയ്ക്ക് റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്ത് പാര്‍ക്ക് ചെയ്ത് കാഞ്ഞങ്ങാട്ടേക്ക് ജോലിയാവശ്യാര്‍ഥം ട്രെയിനില്‍ പോയതായിരുന്നു. രാത്രി പത്തരയോടെ തിരിച്ചെത്തിയപ്പോഴാണ് ബൈക്ക് കാണാതായ വിവരം അറിയുന്നത്. ഉടന്‍ തന്നെ പരിസരത്തുണ്ടായിരുന്ന പട്രോളിങ് പോലിസില്‍ വിവരമറിയിച്ചപ്പോഴാണ് മണിക്കുറുകള്‍ക്ക് മുമ്പ് ഒരു ബൈക്കില്‍ രണ്ടംഗ സംഘം സ്ത്രീകളെ ശല്യം ചെയ്തതായി നാട്ടുകാര്‍ വിവരമറിയിക്കുകയും ബൈക്കിന്റെ നമ്പര്‍കുറിച്ചെടുത്ത് പോലിസിന് വിവരം നല്‍കിയതായും അറിഞ്ഞത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ബൈക്ക് റോഡരികില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തുകയും പോലിസ് സ്‌റ്റേഷനില്‍ കൊണ്ടു പോവുകയുമായിരുന്നു. ബൈക്ക് മോഷ്ടിച്ച സംഘം നാട്ടുകാര്‍ പിന്തുടരുന്നുവെന്ന് അറിഞ്ഞതിനെ തുടര്‍ന്ന് ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നുവെന്നാണ് കരുതുന്നത്. രാത്രി തന്നെ കാസര്‍കോട് എസ്‌ഐ അജിത് കുമാര്‍ ബൈക്ക് ഉടമയ്ക്ക് തിരിച്ചേല്‍പ്പിച്ചു. സംഭവത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കുറിച്ച് പോലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്ത് ഇരുചക്രവാഹനങ്ങളടക്കമുളള കവരുന്ന സംഘം തമ്പടിച്ചിട്ടുണ്ട്. ക്രിമിനല്‍ സംഘങ്ങള്‍ കുറ്റകൃത്യങ്ങളിലേര്‍പ്പെടുന്നതിനായി മോഷ്ടിച്ച വാഹനങ്ങള്‍ ഉപയോഗപ്പെടുത്തുന്ന സംഭവങ്ങള്‍ വര്‍ധിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ബൈക്കുകളില്‍ നിന്നും പെട്രോള്‍ ഊറ്റിയെടുക്കുകയും ഹെല്‍മെറ്റുകള്‍ കവരുകയും ചെയ്യുന്നത് പതിവാണെന്നാണ് റെയില്‍വേ യാത്രക്കാരുടെ ആക്ഷേപം.

LEAVE A REPLY

Please enter your comment!
Please enter your name here