ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്‍പ് ബി.ജെ.പി വിരുദ്ധ മഹാസഖ്യമുണ്ടാകില്ലെന്ന് സീതാറാം യെച്ചൂരി

0

കൊല്‍ക്കത്ത: (www.k-onenews.in) 2019 ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്‍പ് ബി.ജെ.പി വിരുദ്ധ മഹാസഖ്യം രൂപീകരിക്കില്ലെന്ന് സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. എന്നാല്‍ തെരഞ്ഞെടുപ്പിന് ശേഷം മതേതര-ജനാധിപത്യ സര്‍ക്കാര്‍ അധികാരത്തിലേറുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ തെരഞ്ഞെടുപ്പിന് മുന്‍പ് രാജ്യത്ത് മഹാസഖ്യം ഉണ്ടാകുമെന്ന് തോന്നുന്നില്ല. കാരണം നമ്മുടെ രാജ്യം വൈവിധ്യങ്ങളുടേതാണ്.’

1996 ലെയും 2004 ലെയും സമാന സാഹചര്യമായിരിക്കും രാജ്യം സാക്ഷ്യം വഹിക്കാന്‍ പോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തെരഞ്ഞെടുപ്പിന് ശേഷം പ്രാദേശിക-മതനിരപേക്ഷ കക്ഷികള്‍ ഒന്നിച്ചുനില്‍ക്കുമെന്നും യെച്ചൂരി പറഞ്ഞു.

സഖ്യത്തെക്കുറിച്ച് പ്രതിപക്ഷ നേതാക്കള്‍ മാത്രമല്ല പറയുന്നതെന്നും അണികളും ജനങ്ങളും ഈ ജനവിരുദ്ധ സര്‍ക്കാരിനെ അധികാരത്തില്‍ നിന്ന് പുറത്താക്കണമെന്ന് ആഗ്രഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സി.പി.ഐ.എം മതേതര ബദല്‍ സര്‍ക്കാരിനെ പിന്തുണയ്ക്കുമോ എന്ന ചോദ്യത്തിന് തങ്ങള്‍ നേരത്തെയും പിന്തുണച്ചിട്ടുള്ളതാണെന്ന് 1989,1996, 2004 കാലയളവിലെ സര്‍ക്കാരുകളെ ചൂണ്ടിക്കാണിച്ച് യെച്ചൂരി പറഞ്ഞു.

ബി.ജെ.പിയെ വിമര്‍ശിക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസിന് അവകാശമില്ലെന്ന്, തൃണമൂല്‍ കോണ്‍ഗ്രസും കൂടി ഉള്‍പ്പെട്ട ബി.ജെ.പി വിരുദ്ധ ചേരിയില്‍ അംഗമാകുമോ എന്ന ചോദ്യത്തിന് അദ്ദേഹം മറുപടി നല്‍കി. മോദിയില്‍ നിന്ന് ഇന്ത്യയെ രക്ഷിക്കൂ… മമതയില്‍ നിന്ന് ബംഗാളിനെ രക്ഷിക്കൂ എന്നതാണ് ഇടതുപക്ഷത്തിന്റെ മുദ്രാവാക്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബംഗാളില്‍ ബി.ജെ.പിയ്ക്ക് വേരോട്ടമുണ്ടാക്കുന്നതില്‍ മമതാ ബാനര്‍ജി സര്‍ക്കാര്‍ നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ജനാധിപത്യത്തെ കൊല്ലുകയാണ് മമതയുടെ പാര്‍ട്ടി ബംഗാളില്‍ ചെയ്യുന്നതെന്നും യെച്ചൂരി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here