മുന്നോക്ക സാമ്പത്തിക സംവരണത്തിന് രാഷ്ട്രപതിയുടെ അംഗീകാരം; ബില്‍ നിയമമായി

0

ന്യൂദല്‍ഹി:(www.k-onenews.in) മുന്നോക്ക സമുദായങ്ങള്‍ക്കുള്ള സാമ്പത്തിക സംവരണ ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം. രാഷ്ട്രപതി രാംനാഥ് കോവിന്ദ് ബില്ലില്‍ ഒപ്പുവെച്ചു.രാഷ്ട്രപതികൂടി ഒപ്പുവച്ചതോടെ ബില്‍ നിയമമായി.

നേരത്തെ ലോക്‌സഭയിലും രാജ്യസഭയിലും ബില്‍ പാസായിരുന്നു.എന്നുമുതല്‍ നിയമം പ്രാബല്യത്തില്‍ വരുമെന്ന് ഇനി സര്‍ക്കാരാണ് തീരുമാനിക്കുക.

ലോക്‌സഭയില്‍ 323 പേര്‍ അനുകൂലിക്കുകയും മൂന്നു പേര്‍ എതിര്‍ക്കുകയും ചെയ്തു. കോണ്‍ഗ്രസും മുസ്ലിം ലീഗും മജ്ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന്‍ പാര്‍ട്ടിയുമാണ് ബില്ലിനെ എതിര്‍ത്ത് വോട്ടു ചെയ്തത്. ലീഗില്‍ നിന്ന് ഇ.ടിയും കുഞ്ഞാലിക്കുട്ടിയും എം.ഐ.എമ്മില്‍ നിന്ന് ഒവൈസിയുമാണ് എതിര്‍ത്ത് വോട്ട് ചെയ്തത്. സി.പി.ഐ.എമ്മും കോണ്‍ഗ്രസും അനുകൂലിച്ചാണ് വോട്ടു ചെയ്തത്. ഐ.എ.ഡി.എം.കെ സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. ഡെപ്യൂട്ടി സ്പീക്കര്‍ മുനിസ്വാമി തമ്പിദുരൈയും സഭയില്‍ നിന്ന് ഇറങ്ങിപോയി.

രാജ്യസഭയില്‍ ബില്‍ സെലക്ട് കമ്മിറ്റിയ്ക്ക് വിടണമെന്ന പ്രതിപക്ഷ കക്ഷികളുടെ ആവശ്യം തള്ളിയ ശേഷം നടന്ന വോട്ടെടുപ്പില്‍ 172 അംഗങ്ങളില്‍ 165 പേര്‍ അനുകൂലമായി വോട്ട് ചെയ്തു. മുസ്ലിം ലീഗ് എം.പി പി.വി അബ്ദുല്‍ വഹാബടക്കം ഏഴു പേരാണ് എതിര്‍ത്ത് വോട്ട് ചെയ്തത്. ബില്‍ ഇന്നലെ ലോക്സഭ പാസാക്കിയിരുന്നു.

കഴിഞ്ഞ വ്യാഴാഴ്ചയാണ് കേന്ദ്ര മന്ത്രിസഭാ യോഗം അടിയന്തരമായി ചേര്‍ന്ന് മുന്നാക്ക സമുദായങ്ങളില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് പത്തു ശതമാനം സംവരണത്തിന് അനുമതി നല്‍കിയത്.190 മില്ല്യണ്‍ മുന്നോക്കക്കാര്‍ക്കാണ് ഈ 10 ശതമാനത്തിന്റെ ആനുകൂല്യം ലഭിക്കുക.

തെരഞ്ഞെടുപ്പടുത്ത വേളയില്‍ സംവരണം ആവശ്യപ്പെടുന്ന പട്ടീദര്‍, ജാട്ടുകള്‍, ഗുജ്ജറുകള്‍, മറാത്ത വിഭാഗക്കാര്‍ എന്നിവരുള്‍പ്പെടുന്ന ഉന്നതജാതി സമുദായങ്ങളെ സംതൃപ്തിപ്പെടുത്താനാണ് ബി.ജെ.പി നിയമനിര്‍മ്മാണം കൊണ്ടു വന്നതെന്ന് വിമര്‍ശനം ഉണ്ടായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here