നടി ജയപ്രദയും ബിജെപിയില്‍ ചേര്‍ന്നു; യു.പിയിലെ രാംപുരില്‍ നിന്ന് മത്സരിക്കും

0

ന്യൂദല്‍ഹി:(www.k-onenews.in) ലോക്‌സഭാ മുന്‍ എം.പിയും നടിയുമായ ജയപ്രദ ബി.ജെ.പിയില്‍ ചേര്‍ന്നു. ദല്‍ഹിയിലെ ബി.ജെ.പി ആസ്ഥാനത്തെത്തിയാണ് ജയപ്രദ ഔദ്യോഗിക അംഗത്വം നേടിയത്. നരേന്ദ്രമോദിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്നതില്‍ അഭിമാനമുണ്ടെന്നും ദേശീയ സുരക്ഷക്ക് പ്രാധാന്യം നല്‍കുന്ന ഒരു ദേശീയ പാര്‍ട്ടിയുടെ ഭാഗമായതില്‍ സന്തോഷമെന്നും ജയപ്രദ പ്രതികരിച്ചു.

സമാജ്‌വാദിയില്‍ പാര്‍ട്ടിയില്‍ നിന്നുള്ള ലോക്‌സഭാംഗമായിരുന്ന ജയപ്രദ പാര്‍ട്ടി നേതാവ് അസംഖാനുമായുള്ള പ്രശ്‌നങ്ങളെ തുടര്‍ന്നായിരുന്നു നേരത്തെ പാര്‍ട്ടിയില്‍ നിന്ന് പുറത്ത് പോയത്.

ചന്ദ്രബാബു നായിഡുവിന്റെ തെലുഗു ദേശം പാര്‍ട്ടിയിലൂടെയായിരുന്നു ജയപ്രദയുടെ രാഷ്ട്രീയ പ്രവേശം. ചന്ദ്രബാബു നായിഡുവിന്റെ വിശ്വസ്തയായി മാറിയ ജയപ്രദ ആന്ധ്രയില്‍ നിന്ന് രാജ്യസഭയിലുമെത്തി. പിന്നീട് തെലുഗു മഹിളാ സംഘടനയുടെ അധ്യക്ഷ പദവിയും ജയപ്രദ വഹിച്ചിരുന്നു.

പിന്നീട് ചന്ദ്രബാബു നായിഡുവുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടര്‍ന്ന് തെലുങ്ക് ദേശം പാര്‍ട്ടി വിട്ട ജയപ്രദ സമാജ്‌വാദി പാര്‍ട്ടിയില്‍ ചേരുകയായിരുന്നു. തുടര്‍ന്ന് യു.പിയിലെ രാംപുരില്‍ നിന്ന് രണ്ട് തവണ ലോക്‌സഭാംഗമായി. അതിന് ശേഷണാണ് അസംഖാനുമായുള്ള വിവാദമുണ്ടാകുന്നത്.

വിവാദത്തിന് പിന്നാലെ സമാജ്‌വാദി പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ട ജയപ്രദ അമര്‍സിംഗിനൊപ്പം ആര്‍.എല്‍.ഡിയില്‍ ചേരുകയായിരുന്നു. 2014-ല്‍ ബിജ്‌നോര്‍ മണ്ഡലത്തില്‍ നിന്ന് വീണ്ടും മത്സരിച്ച ജയപ്രദയ്ക്ക് വിജയിക്കാനായില്ല.

ഇത്തവണ ബി.ജെ.പിയുടെ സിറ്റിങ് സീറ്റായ രാംപുരില്‍ മത്സരിച്ച് വിജയമുറപ്പിക്കാനാണ് ജയപ്രദയുടെ ശ്രമം. സമാജ്‌വാദി പാര്‍ട്ടി നേതാവ് അസംഖാനാണ് ജയപ്രദയുടെ എതിര്‍സ്ഥാനാര്‍ഥി.

നേരത്തെ ബോളിവുഡ് നടിമാരായ ഇഷാ കോപികറും മൗഷിമ ചാറ്റര്‍ജിയും ബി.ജെ.പിയില്‍ ചേര്‍ന്നിരുന്നു. ഹിന്ദി താരങ്ങളായ രൂപ ഗാംഗുലി, റിമി സെന്‍, സംഗീജ്ഞ ബാബുല്‍ സുപ്രിയോ എന്നിവര്‍ക്കു പിന്നാലെയാണ് മൗഷ്മി ചാറ്റര്‍ജിയുടെ ബി.ജെ.പി പ്രവേശനം

LEAVE A REPLY

Please enter your comment!
Please enter your name here