പ്രതീഷ് വിശ്വനാഥിനു നേരെ വധശ്രമം? ഹിന്ദു ഹെല്പ് ലൈനിന്റെ സംശയം ആർഎസ്എസിലേക്കോ?

0

എറണാകുളം: (www.k-onenews.in) ഹിന്ദു ഹെല്പ് ലൈൻ നാഷണൽ ജോ. കോർഡിനേറ്റർ അഡ്വ. പ്രതീഷ് വിശ്വനാഥ് സഞ്ചരിച്ച കാർ അപകടത്തിൽ പെട്ട സംഭവം വധശ്രമമാണെന്ന ആരോപണവുമായി ഹിന്ദു ഹെല്പ് ലൈൻ. സംഘടനയിലെ പ്രവർത്തകരുടെ സംശയം ആർഎസ്എസിലേക്ക് നീളുകയാണെന്നാണ് സൂചന. ഹിന്ദു ഹെല്പ് ലൈൻ സ്ഥാപകനും വിഎച്ച്പി സമുന്നത നേതാവുമായിരുന്ന പ്രവീൺ തൊഗാഡിയയുടെ വലംകയ്യും സംഘടനയിലെ രണ്ടാമനാണ് പ്രതീഷ്. തൊഗാഡിയക്ക് നേരെ പലതവണ വധശ്രമമുണ്ടാവുകയും വിശ്വ ഹിന്ദു പരിഷത്തിൽ നിന്നും ദയനീയമായി പുറത്താക്കപ്പെടുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് കേരളത്തിൽ വച്ച് പ്രതീഷ് വിശ്വനാഥ്‌ ദുരൂഹമായി അപകടത്തിൽ പെടുന്നത്.

കഴിഞ്ഞ ദിവസം പ്രതീഷ് വിശ്വനാഥ്‌ നെടുമ്പാശേരി എയർപോർട്ടിൽ നിന്നും എറണാകുളം ടൗണിലേക്ക് വരവ് പറവൂർ കവലയിൽ വച്ചാണ് അപകടമുണ്ടായത്. പ്രതീഷ് സഞ്ചരിച്ചിരുന്ന കാറിന്റെ പിറകിൽ ട്രെയിലർ ഇടിക്കുകയായിരുന്നു. അപകടം സംഭവിച്ചതിനു പിന്നാലെ ട്രെയിലറിലെ ഉടമ തോപ്പുംപടി സ്വദേശിയാണെന്നും സംഭവത്തിൽ ദുരൂഹതയുണ്ടോ എന്ന് അന്വേഷിക്കുന്നതായും പ്രതീഷ് ഫേസ്ബുക്കിൽ കുറിച്ചിരുന്നു. സിപിഐഎമ്മിന്റെ ഭക്ഷണശാലയിലെ വിളമ്പുകാരന്റെ മതം പോലും നോക്കി പ്രതികരിച്ചിരുന്ന പ്രതീഷ് വിശ്വനാഥ്‌, ഈ സംഭവത്തിൽ കണ്ണടച്ച് ‘തീവ്രവാദ’ ആക്രമണ ആരോപണമോ മറ്റോ ഉയർത്താത്തതും കൗതുകകരമാണ്.

ഹാദിയ വിഷയത്തിലും ‘ലവ് ജിഹാദ്’ കുപ്രചരണങ്ങളിലും പ്രതീഷ് വിശ്വനാഥന്റെ പ്രചാരണങ്ങൾ ഏറ്റെടുക്കാൻ മത്സരം കാട്ടിയ സംഘപരിവാർ ഔദ്യോഗിക – അനൗദ്യോഗിക വാർത്താ മാധ്യമങ്ങളും ഈ അപകടവാർത്ത ഏറ്റെടുക്കാൻ തയ്യാറായിട്ടില്ല എന്നതും ദുരൂഹമാണ്. ഒരു വർഷം മുൻപ് കോകില എന്ന ബിജെപി വനിത കൗൺസിലർ വാഹനാപകടത്തിൽ പെട്ട് മരണമടഞ്ഞപ്പോൾ, കൊലപാതക ആരോപണവുമായി പ്രചാരണം നടത്തിയ സംഘപരിവാർ സൈബർ വിങ്ങും നിശ്ശബ്ദതയിലാണ്.

ദേശീയതലത്തിൽ പ്രവീൺ തൊഗാഡിയയും ആർഎസ്എസ് നേതൃത്വവും തമ്മിൽ നടക്കുന്ന പ്രശ്നങ്ങൾക്ക് സമാനമായി കേരളത്തിൽ പ്രതീഷും സംസ്ഥാന നേതൃത്വവും തമ്മിൽ പ്രശ്നങ്ങളുണ്ട്. മൃദു ഹിന്ദുത്വ അജണ്ടയുമായി കേരളത്തിൽ വേരുറപ്പിക്കാൻ ശ്രമിക്കുന്ന കേരളത്തിലെ ബിജെപിക്ക് പ്രതീഷ് വിശ്വനാഥിന്റെയും ഹിന്ദു ഹെൽപ് ലൈനിന്റെയും തീവ്ര വിഷപ്രചാരണങ്ങൾ വിനയാകുന്നുവെന്ന് പാർട്ടിയിലെ മിതവാദികളായ നേതാക്കൾ നേരത്തെ തന്നെ അഭിപ്രായപ്പെട്ടിരുന്നു. ഡൽഹി കേരളാ ഹൗസിലെ ബീഫ് വിഭവങ്ങൾക്കെതിരെ പ്രതീഷ് നടത്തിയ നീക്കങ്ങൾ കേരളത്തിൽ പാർട്ടിക്ക് വലിയ തിരിച്ചടിയുണ്ടാക്കിയതായി ആ ഘട്ടത്തിൽ തന്നെ പല നേതാക്കളും അഭിപ്രായപ്പെട്ടിരുന്നു.

ഹാദിയാ വിഷയവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ നടന്ന തീവ്ര ഹിന്ദുത്വ പ്രചാരണങ്ങളുടെ പിന്നിലും ഹിന്ദു ഹെൽപ് ലൈൻ ആയിരുന്നു. ഈ ഘട്ടത്തിലാണ് തീവ്ര ഹിന്ദുത്വവാദികളുടെ പ്രിയങ്കരമായ ഇടമായി ഹിന്ദു ഹെൽപ് ലൈൻ മാറി. തൃപ്പൂണിത്തുറയിലെ ഘർവാപ്പസി കേന്ദ്രത്തിന്റെ വാർത്തകൾ കൂടി പുറത്തുവന്നതോടെ ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരന്റെ നേതൃത്വത്തിൽ പാർട്ടി ഹിന്ദു ഹെൽപ് ലൈനിനു സംരക്ഷണവുമായി എത്തി. എന്നാൽ അയോധ്യയിൽ രാമക്ഷേത്രം പണിയാൻ പാർലമെന്റിൽ നിയമനിർമാണം നടത്തണമെന്നും നരേന്ദ്ര മോദിക്ക് തീവ്രതയില്ലെന്നും അഭിപ്രായപ്പെട്ട് തൊഗാഡിയ നടത്തുന്ന പ്രചാരണങ്ങളുടെ നേതൃത്വം പ്രതീഷ് വിശ്വനാഥ്‌ ഏറ്റെടുത്തതോടെ കാലിനടിയിലെ മണ്ണ് ഒലിച്ചുപോകുന്ന നിലയിലായി ബിജെപി നേതാക്കൾ.

ലവ് ജിഹാദ് കുപ്രചാരങ്ങൾക്കും ഹാദിയാ വിഷയത്തിലും ഹിന്ദു ഹെൽപ് ലൈനിനെ ഉപയോഗപ്പെടുത്തിയതിനാൽ തന്നെ അവരെ പരസ്യമായി തള്ളിപ്പറയാൻ ബിജെപി നേതാക്കൾക്ക് കഴിയുന്നില്ല. നിശബ്ദ നിസ്സഹകരണമാണ് അവർക്ക് മുന്നിലുള്ള വഴി. ഇത് തിരിച്ചറിഞ്ഞ പ്രതീഷ് വിശ്വനാഥ്‌ ‘ജീവൻ കളഞ്ഞ്’ തീവ്രഹിന്ദുത്വവാദികളെ ഒരുമിച്ചുകൂട്ടി കരുത്ത് തെളിയിക്കാനുള്ള നീക്കമാണ് നടത്തുന്നത്. ഇതിന്റെ ഭാഗമായാണ് വിദേശ വനിതടെ മരണവുമായി ബന്ധപ്പെട്ട വിഷയത്തിന് പിന്നാലെ പൊലീസ് കേസെടുത്ത അശ്വതി ജ്വാലയെ സംരക്ഷിക്കാൻ ജീവൻ കൊടുത്തും പോരാടുമെന്ന് പ്രഖ്യാപിക്കാൻ പ്രതീഷിനെ പ്രേരിപ്പിച്ചത്.

അശ്വതി ജ്വാലക്ക് പിന്തുണയുമായി ആദ്യം പോയത് ബിജെപി നേതാവും എംപിയുമായ വി മുരളീധരനായിരുന്നു. ചുരുങ്ങിയ വാക്കുകളിൽ പിന്തുണയറിയിച്ച വി മുരളീധരൻ മാധ്യമങ്ങളോടും അതുതന്നെയാണ് പറഞ്ഞത്. ഇതിനു പിന്നാലെയാണ് പിണറായി പൊലീസിനെ വെല്ലുവിളിക്കുകയാണെന്നും ജീവൻ കൊടുത്തതും അശ്വതിയെ രക്ഷിക്കുമെന്നും പറഞ്ഞ് പ്രതീഷ് വിശ്വനാഥൻ പോസ്റ്റിട്ടത്. തീവ്രഹിന്ദുത്വവാദികളായ ബിജെപി അണികൾ പ്രതീതിന്റെ വാക്കുകളെ ആവേശത്തോടെയാണ് സ്വീകരിച്ചത്. പുതുതായി എംപി സ്ഥാനത്തെത്തിയ കേരളത്തിലെ മുതിർന്ന നേതാവ് കൂടിയായ വി മുരളീധരനാകട്ടെ വലിയ സ്വീകാര്യതയൊന്നും സ്വന്തം അണികളിൽ നിന്നും ലഭിച്ചില്ല. ഇതിനെയും ഏറെ ആശങ്കയോടെയാണ് ബിജെപി നേതൃത്വം വീക്ഷിക്കുന്നത്. ഇതിനു പിന്നാലെയാണ് ദുരൂഹമായി പ്രതീഷ് വിശ്വനാഥിന്റെ വാഹനം അപകടത്തിൽ പെടുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here