‘വീഡിയോ ഗെയിമിന് പിന്നാലെ ഭൂകമ്പ ദൃശ്യങ്ങള്‍’; വ്യോമസേനാ ആക്രമണമെന്ന പേരില്‍ 2015 ലെ ഭൂകമ്പ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച് സംഘപരിവാര്‍

0

തിരുവനന്തപുരം:(www.k-onenews.in) പുല്‍വാമ ആക്രമണത്തിന് തിരിച്ചടിയായി പാക് ഭീകരകേന്ദ്രങ്ങളില്‍ ഇന്ത്യന്‍ വ്യോമസേന നടത്തിയ ആക്രമണമെന്ന പേരില്‍ വ്യാജ വീഡിയോ പ്രചരിപ്പിക്കപ്പെട്ടതിന് പിന്നാലെ വ്യാജ ചിത്രങ്ങളും.

ഭീകരാക്രമണത്തില്‍ 350 ഓളം തീവ്രവാദികള്‍ കൊല്ലപ്പെട്ടുവെന്ന റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നെങ്കിലും ഔദ്യോഗിക സ്ഥിരീകരണമൊന്നും പ്രതിരോധമന്ത്രാലയം നല്‍കിയിരുന്നില്ല. മരണ സംഖ്യയുമായി ബന്ധപ്പെട്ട് ചോദ്യങ്ങള്‍ ഉയര്‍ന്നതോടെയാണ് വ്യാജ ചിത്രങ്ങളുമായി സംഘപരിവാര്‍ അനുകൂലികള്‍ രംഗത്തെത്തിയത്.

2015 ഒക്ടോബര്‍ എട്ടിന് പാക് അധീന കാശ്മീരില്‍ നടന്ന ഭൂകമ്പത്തിന്റെ ദൃശ്യങ്ങളാണ് BJPകേരളം എന്ന ഫേസ്ബുക്ക് പേജില്‍ പ്രചരിപ്പിക്കുന്നത്. ബി.ബി.സി വാര്‍ത്തയ്‌ക്കൊപ്പം നല്‍കിയ ദൃശ്യങ്ങള്‍ വ്യോമാക്രമണം നടന്ന സ്ഥലമെന്ന പേരിലാണ് പ്രചരിപ്പിക്കപ്പെടുന്നത് ” ഇനി തെളിവ് കിട്ടിയില്ല എന്ന് പറയരുത്”- എന്ന തലക്കെട്ടിലാണ് ചിത്രങ്ങള്‍ പ്രചരിപ്പിച്ചത്.

പാക് അധീന കാശ്മീരിലെ ബാലാകോട്ടില്‍ ഉണ്ടായ ഭൂകമ്പ ദൃശ്യങ്ങളാണ്ഇവര്‍ വ്യാജപ്രചരണത്തിന് ഉപയോഗിച്ചത്. എന്നാല്‍ ഫോട്ടോയുടെ യാഥാര്‍ത്ഥ്യം ചൂണ്ടിക്കാട്ടി ചിലര്‍ എത്തിയതോടെ ഫേസ്ബുക്ക് പേജില്‍ നിന്നും ഇവര്‍ ഫോട്ടോ പിന്‍വലിച്ചു. എന്നാല്‍ ഇതിന്റെ സ്‌ക്രീന്‍ ഷോട്ടുകള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

വീഡിയോ ഗെയിം നാടകത്തിന് ശേഷം അടുത്ത നാടകവുമായി സംഘപരിവാര്‍ ഇറങ്ങിയിരിക്കുകയാണെന്നും കളവ് പറയാന്‍ മാത്രം വായ തുറക്കുന്ന ഒരു പാര്‍ട്ടിയും, പ്രധാനമന്ത്രിയുമാണ് നാട് ഭരിക്കുന്നത്..എന്നും പറഞ്ഞാണ് ചിലര്‍ പോസ്റ്റിനെ വിമര്‍ശിക്കുന്നത്.

മുന്നൂറ് ഭീകരരെ കൊന്നുവെന്ന് നേരം വെളുക്കുന്നതിന് മുന്‍പ് പ്രഖ്യാപിച്ചവര്‍ അതിന് തെളിവ് തരാന്‍ ബാധ്യസ്ഥരാണെന്നും ചിലര്‍ ചൂണ്ടിക്കാട്ടുന്നു.

ജെയ്ഷെ കേന്ദ്രങ്ങളില്‍ ഇന്ത്യന്‍ വ്യോമസേന നടത്തിയ ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ എന്ന പേരില്‍ സോഷ്യല്‍മീഡിയയില്‍ ഇന്നലെ മുതല്‍ വ്യാജ വീഡിയോ പ്രചരിച്ചിരുന്നു.

വീഡിയോ ഗെയിം ക്ലിപ്പിങ്ങുകളും 2015 ല്‍ നടന്ന എയര്‍ഫോഴ്‌സിന്റെ നൈറ്റ് ഫ്‌ളൈയിങ് ദൃശ്യങ്ങളുമൊക്കെയായിരുന്നു ബി.ജെ.പി അനൂകൂല അക്കൗണ്ടുകളില്‍ നിന്നും യഥാര്‍ത്ഥ വീഡിയോ എന്ന വ്യാജേന പ്രചരിപ്പിക്കപ്പെട്ടത്.

പ്രധാനമന്ത്രി നരേന്ദ്രമോദിയെ ട്വിറ്ററില്‍ പിന്തുടരുന്ന അജയ് കുശ്വാഹ എന്നയാളാണ് ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നും ഈ വീഡിയോ ആദ്യം ഷെയര്‍ ചെയ്തത്. തിരിച്ചടിച്ച് വീണ്ടും ഇന്ത്യ എന്ന് പറഞ്ഞുകൊണ്ടാണ് ഇയാള്‍ വീഡിയോ ഷെയര്‍ ചെയ്തത്.

നരേന്ദ്ര മോദിക്ക് കീഴിലുള്ള പുതിയ ഇന്ത്യയാണ് ഇതെന്നും 300 ഓളം തീവ്രവാദികളാണ് ഇന്ത്യന്‍ വ്യോമസേന നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ടതെന്നു ഇദ്ദേഹം ട്വീറ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെ നിരവധി പേര്‍ വീഡിയോ റീട്വീറ്റ് ചെയ്യുകയും ചെയ്തു.

എന്നാല്‍ ഇതേ വീഡിയോ തന്നെ ഖാലിദ് പി.കെ എന്ന പാക് പൗരനും അദ്ദേഹത്തിന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ ഇന്ന് പോസ്റ്റ് ചെയ്തിട്ടുണ്ട്. ‘ഇന്ത്യക്കെതിരെ പാക് വ്യോമസേനയുടെ ആക്രമണം’ എന്ന് പറഞ്ഞുകൊണ്ടാണ് ഇയാള്‍ വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്.

എന്നാല്‍ 2016 സെപ്റ്റംബറില്‍ മുഹമ്മദ് സൊഹൈബ് എന്നയാളാണ് ഈ വീഡിയോ ആദ്യമായി യൂട്യൂബില്‍ അപ് ലോഡ് ചെയ്തതെന്ന് ആള്‍ട്ട് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here