ദല്‍ഹി വിടാന്‍ മണിക്കൂറുകള്‍ ബാക്കി നില്‍ക്കെ ജുമഅ മസ്ജിദിലെത്തി ഭരണഘടനയുടെ ആമുഖം വായിച്ച് ചന്ദ്രശേഖര്‍ ആസാദ്‌

0
2

ന്യൂദല്‍ഹി:(www.k-onenews.in) ദല്‍ഹി വിടാന്‍ മണിക്കൂറുകള്‍ ബാക്കി നില്‍ക്കെ ജുമഅ മസ്ജിദിലെത്തി ഭരണഘടനയുടെ ആമുഖം വായിച്ച് ഭീം ആർമി നേതാവ് ചന്ദ്രശേഖര്‍ ആസാദ്. വ്യാഴാഴ്ച്ച കടുത്ത ഉപാധികളോടെ ജാമ്യം ലഭിച്ച അദ്ദേഹം ദല്‍ഹി നഗരം വിടാന്‍ മണിക്കൂറുകള്‍ ബാക്കി നില്‍ക്കെയാണ് വീണ്ടും ജുമഅ മസ്ജിദിലെത്തി പ്രതിഷേധക്കാര്‍ക്കായി ഭരണഘടനയുടെ ആമുഖം വായിച്ചത്.

സമാധാനപരമായ പ്രതിഷേധം ജനങ്ങളുടെ അവകാശമാണ്. വ്യത്യസ്ത മതവിഭാഗങ്ങളില്‍പ്പെടുന്നവര്‍ പ്രതിഷേധത്തിന്റെ ശക്തി തെളിയിക്കാന്‍ അണിനിരന്ന് മുസ്‌ലിങ്ങള്‍ മാത്രമല്ല പ്രതിഷേധത്തിന് ഉള്ളതെന്ന് തെളിയിക്കണമെന്നും അദ്ദേഹം പറഞ്ഞു.

”ഭരണഘടനയുടെ ആമുഖം വായിച്ചതിനാണ് തന്നെ അറസ്റ്റ് ചെയ്തത്. ഇന്ന് രാജ്യത്ത് ഭരണഘടന പോലും വായിക്കാന്‍ കഴിയാത്ത സാഹചര്യമാണോ നിലവിലുള്ളത്. പോരാട്ടം തുടരും. ഏത് തരത്തിലുള്ള നടപടിയുണ്ടായാലും പിന്നോട്ടില്ല. നിയമം പിന്‍വലിക്കുന്നതുവരെ പോരാട്ടം തുടരാനാണ് തീരുമാനം”- ചന്ദ്രശേഖര്‍ ആസാദ് പറഞ്ഞു.

പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ചുകൊണ്ട് മോദിയും കേന്ദ്രസര്‍ക്കാരും 1000 റാലി നടത്തുകയാണെങ്കില്‍ താന്‍ 1500 റാലികള്‍ നടത്തുമെന്ന് അദ്ദേഹം കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.

വ്യാഴാഴ്ച്ച ചന്ദ്രശേഖര്‍ ആസാദിന് ജാമ്യം അനുവദിച്ച ദല്‍ഹി ഹൈക്കോടതി 24മണിക്കൂറിനുള്ളില്‍ ദല്‍ഹി നഗരം വിടണമെന്നും നാല് ആഴ്ച്ചത്തേക്ക് തലസ്ഥാന നഗരിയില്‍ പ്രവേശിക്കരുതെന്നും നിര്‍ദേശിച്ചിരുന്നു. വെള്ളിയാഴ്ച്ച രാത്രി 9 മണിക്ക് ചന്ദ്രശേഖര്‍ ആസാദ് ദല്‍ഹിയില്‍ നിന്ന് മടങ്ങും.

പൗരന്മാര്‍ക്ക് രാജ്യത്ത് സമാധാനപരമായ പ്രതിഷേധം ആഹ്വാനം ചെയ്യാനും നടത്താനുമുള്ള അവകാശം ഉണ്ടെന്നും ഇത് ഭരണകൂടത്തിന് നിഷേധിക്കാന്‍ കഴിയില്ലെന്നും ചന്ദ്രശേഖര്‍ ആസാദിന് ജാമ്യം അനുവദിച്ച ദല്‍ഹി ഹൈകോടതി നിരീക്ഷിച്ചിരുന്നു. ഡിസംബര്‍ 21നാണ് പൗരത്വ ഭേദഗതി നിയമത്തിനെതിരെ ദല്‍ഹി ജുമഅ മസ്ജിദില്‍ ജനകീയ പ്രക്ഷോഭം സംഘടിപ്പിച്ച ചന്ദ്രശേഖര്‍ ആസാദിനെ പൊലീസ് അറസ്റ്റ് ചെയ്തത്.

LEAVE A REPLY

Please enter your comment!
Please enter your name here