പശുക്കടത്ത് ആരോപിച്ചുള്ള കേസില്‍ ആള്‍ക്കൂട്ടക്കൊലക്ക് ഇരയായ പെഹ്‌ലുഖാനെതിരെ കുറ്റപത്രം

0

ന്യൂദല്‍ഹി:(www.k-onenews.in) പശുക്കടത്ത് ആരോപിച്ച് രാജസ്ഥാനിലെ അൽവാറില്‍ ഹിന്ദുത്വ ഭീകരര്‍ അടിച്ചുകൊന്ന പെഹ്ലുഖാനെ പ്രതി ചേര്‍ത്ത് രാജസ്ഥാന്‍ പൊലീസിന്‍റെ കുറ്റപത്രം. കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം തയ്യാറാക്കിയ കുറ്റപത്രത്തിലാണ് പെഹ്ലുഖാനെയും മക്കളെയും ഗോവധ നിരോധന നിയമപ്രകാരം പ്രതി ചേര്‍ത്തത്.

കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 30ന് തയ്യാറാക്കിയ കുറ്റപത്രം ഈ വര്‍ഷം മെയ് 29നാണ് അല്‍വാറിലെ ബെഹ്റോര്‍ അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിന് കൈമാറിയത്. ‌ഗോവധ നിരോധന നിയമപ്രകാരം കശാപ്പിനായി പെഹ്ലുഖാനും മക്കളായ ഇര്‍‍ഷാദ്, ആരിഫ് എന്നിവരും പശുക്കളെ കടത്തി‌കൊണ്ടുപോയെന്നാണ് കുറ്റപത്രത്തിലെ ആരോപണം. പശുക്കളെ കടത്താന്‍ ഉപയോഗിച്ച ട്രക്കിന്‍റെ ഉടമ മുഹമ്മദും പ്രതിപട്ടികയിലുണ്ട്.

2017 ഏപ്രില്‍ ഒന്നിനാണ് പശുക്കടത്ത് ആരോപിച്ച് പെഹ്ലുഖാനെ ഹിന്ദുത്വ ഭീകരര്‍ അടിച്ചുകൊന്നത്. രണ്ട് ട്രക്കുകളിലായിട്ടായിരുന്നു ക്ഷീരകര്‍ഷകനായ പെഹ്ലുഖാന്‍ പശുക്കളെ കൊണ്ടുപോയിരുന്നത്. അതുകൊണ്ടുതന്നെ രണ്ട് ‌എഫ്.ഐ.ആറുകളാണ് പൊലീസ് തയ്യാറാക്കിയിരുന്നത്. മറ്റൊരു ട്രക്കുടമയായ ജഗദീഷ് പ്രസാദ്, പെഹ്ലു ഖാന്‍റെ സഹായികളായ അസ്മത്ത് റഫീഖ് എന്നിവരെ പ്രതി ചേര്‍ത്ത് ബിജെപി സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. കോണ്‍ഗ്രസ് ബി.ജെ.പിയുടെ മറ്റൊരു പതിപ്പാണെന്ന് തെളിയിക്കുന്നതാണ് കുറ്റപത്രമെന്ന് ആള്‍ ഇന്ത്യ എം.ഐ.എം പ്രസിഡന്‍റ് അസദുദ്ദീന്‍ ഉവൈസി ട്വീറ്റ് ചെയ്തു. അതേസമയം പ്രതിചേര്‍ത്ത നടപടിക്കെതിരെ കുടുംബം രംഗത്ത് വന്നു.

LEAVE A REPLY

Please enter your comment!
Please enter your name here