‘കര്‍ണാടകത്തില്‍ കോണ്‍ഗ്രസ് സീറ്റ് വര്‍ധിപ്പിച്ച് അധികാരം നിലനിര്‍ത്തും’,ബിജെപി നിലം തൊടില്ല; സിഫോര്‍ സര്‍വേ

0

ബംഗളുരു: (www.k-onenews.in) രാജ്യം ഉറ്റുനോക്കുന്ന കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ കോണ്‍ഗ്രസ് സീറ്റുകള്‍ വര്‍ധിപ്പിച്ച് ഭരണം നിലനിര്‍ത്തുമെന്ന് സര്‍വേഫലം. കോണ്‍ഗ്രസിന്റെ വോട്ടുവിഹിതത്തിലും വര്‍ധനവുണ്ടാകുമെന്ന് സര്‍വേ നടത്തിയ സിഫോര്‍ വ്യക്തമാക്കുന്നു. മുന്‍പു നടന്ന തിരഞ്ഞെടുപ്പില്‍ (2013) ഫലത്തോട് അടുത്തു നില്‍ക്കുന്ന പ്രവചനം നടത്തിയ സിഫോര്‍ പുറത്തുവിട്ട സര്‍വേഫലം. കര്‍ണാടക കോണ്‍ഗ്രസ് പിടിയ്ക്കുമെന്ന് കഴിഞ്ഞ ദിവസം ബിജെപി നടത്തിയ സര്‍വേയില്‍ കണ്ടെത്തിയിരുന്നു.

തങ്ങളുടെ കയ്യില്‍ നിന്നും നഷ്ടപ്പെട്ട സംസ്ഥാനം തിരിച്ചുപിടിക്കാനുള്ള തന്ത്രങ്ങള്‍ മെനയുന്നതിന്റെ ഭാഗമായാണ് ബിജെപി സര്‍വേ നടത്തിയത്. 224 അംഗ സഭയില്‍ 100 സീറ്റില്‍ കോണ്‍ഗ്രസിന് മുന്‍തൂക്കമുണ്ടെന്നാണ് സര്‍വേയിലെ കണ്ടെത്തല്‍. ലിംഗായത്തുകളെ പ്രത്യേക മതമായി അംഗീകരിക്കാനുള്ള മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ തീരുമാനം കൂടി വന്നതോടെ കൂടുതല്‍ പ്രതിരോധത്തിലായി എന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍.

കോണ്‍ഗ്രസിന് 119-120 സീറ്റ് കിട്ടുമെന്നായിരുന്നു 2013ല്‍ സിഫോറിന്റെ പ്രവചനം. അന്ന് അവര്‍ക്കു ലഭിച്ചതാകട്ടെ, 122 സീറ്റുകള്‍. ഇത്തവണ വോട്ടുവിഹിതത്തില്‍ ഒന്‍പതു ശതമാനം വര്‍ധനയോടെ കോണ്‍ഗ്രസ് 46 ശതമാനം വോട്ട് നേടുമെന്നാണ് പ്രവചനം. ബിജെപിക്ക് 31 ശതമാനം, ജെഡിഎസിന് 16 ശതമാനം എന്നിങ്ങനെയാകും വോട്ടുവിഹിതം. പ്രവചനത്തില്‍ ഒരു ശതമാനത്തിന്റെ തെറ്റു മാത്രമേ വരാന്‍ സാധ്യതയുള്ളൂവെന്നാണു സിഫോറിന്റെ അവകാശവാദം.


Must Read: ‘ഹായ് എന്റെ പേര് മോദി, എന്റെ ആപ്പ് എല്ലാ വിവരങ്ങളും യുഎസിലെ കൂട്ടുകാര്‍ക്ക് കൊടുക്കും: നമോ ആപ്പിനെ ട്രോളി രാഹുലിന്റെ ട്വീറ്റ്


224 അംഗ നിയമസഭയില്‍ കോണ്‍ഗ്രസ് 122ല്‍ നിന്ന് ഇത്തവണ സീറ്റെണ്ണം 126 ആക്കും. ബിജെപിക്കും നേട്ടമുണ്ടാകും. 2013ല്‍ നേടിയ 40 സീറ്റ് ബിജെപി 70 സീറ്റുകളാക്കി വര്‍ധിപ്പിക്കും. അതേസമയം ജെഡിഎസിന്റെ 40 സീറ്റുകള്‍ 27 ആയി കുറയും. മറ്റുള്ളവര്‍ക്ക് ഒരു സീറ്റും ഏഴു ശതമാനം വോട്ടും മാത്രമേ ലഭിക്കൂവെന്നും സര്‍വേ പറയുന്നു.

ത്രിപുരയില്‍ ഇടതുകോട്ടയില്‍ അട്ടിമറി വിജയത്തിലൂടെ അധികാരത്തിലെത്തിയ ബിജെപി വലിയ പ്രാധാന്യമാണ് കര്‍ണാടക തെരഞ്ഞടുപ്പിനും നല്‍കുന്നത്. ആരോപണവിധേയനായ ബി.എസ് യെദ്യൂരപ്പയെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാട്ടിയത് വോട്ടര്‍മാര്‍ വേണ്ടത്ര സ്വീകരിച്ചിട്ടില്ലെന്നും കണ്ടെത്തലുണ്ട്. ഇതിനെ മറികടക്കാന്‍ മോദിയെ പങ്കെടുപ്പിച്ച് കൂടുതല്‍ റാലി നടത്താനാണ് പാര്‍ട്ടി പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. എന്തുവിലകൊടുത്തും കര്‍ണാടക പിടിയ്ക്കുകയെന്ന ലക്ഷ്യത്തിലാണ് ബിജെപി. ഇതിനായി നിരവധി ദേശീയ നേതാക്കള്‍ കര്‍ണാടകയില്‍ ക്യാംപയിന്‍ ചെയ്യുകയാണ്. കൂടാതെ സോഷ്യല്‍മീഡിയകളിലും വ്യാപകമായ പ്രചരണമാണ് ബിജെപി നടത്തുന്നത്.

എന്നാല്‍ ഇതിലുപരിയായി ക്ഷേത്ര സന്ദര്‍ശനവുമായി രാഹുല്‍ ഗാന്ധി കര്‍ണാടകത്തില്‍ പര്യടനം തുടരുന്നതിലൂടെ ഹിന്ദുത്വ കാര്‍ഡ് കോണ്‍ഗ്രസും കൃത്യമായി കളിക്കുകയാണ്. ബിജെപിയുടെ വോട്ടുബാങ്കില്‍ വിള്ളുണ്ടാക്കാന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ ലിംഗായത്തുകളെ പ്രത്യേക മതമാക്കി വിഷയം കേന്ദ്രത്തിന് വിട്ടത് മറികടക്കാന്‍ സമുദായ നേതാക്കളെ നേരിട്ട് കാണാന്‍ അമിത് ഷായുടെ സഹായം തേടിയിരിക്കുകയാണ് സംസ്ഥാന ഘടകം.

LEAVE A REPLY

Please enter your comment!
Please enter your name here