കോവിഡിനെതിരേ ജനങ്ങൾ പുലർത്തിയ ജാഗ്രതയും കരുതലും അൽപം കൈമോശം വന്നുവെന്ന് മുഖ്യമന്ത്രി; നിർദേശങ്ങൾ പാലിച്ചില്ലെങ്കിൽ കർശന നടപടി

0
0

തിരുവനന്തപുരം: (www.k-onenews.in)
സംസ്ഥാനത്ത് കോവിഡിനെതിരേ ജനങ്ങൾ പുലർത്തിയ ജാഗ്രതയും കരുതലും അൽപം കൈമോശം വന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോവിഡ് നിർദേശങ്ങൾ പാലിച്ചില്ലെങ്കിൽ കർശന നടപടി സ്വീകരിക്കുമെന്നും നിർദേശങ്ങൾ ലംഘിക്കുന്നവർക്ക് പിഴ കൂട്ടേണ്ടിവരുമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി

പലയിടത്തും കോവിഡ് സാഹചര്യത്തെ ജനങ്ങൾ ലാഘവത്തോടെ സമീപിക്കുന്ന സ്ഥിതിവിശേഷമുണ്ടായി. ഈ പശ്ചാത്തലത്തിൽ നാടിനെ രക്ഷിക്കുന്നതിനായാണ് കൂടുതൽ കടുത്ത നടപടികളിലേക്ക് സർക്കാർ നീങ്ങിയത്. കോവിഡ് ബാധിതരെ കണ്ടെത്താൻ പരിശോധനകളുടെ എണ്ണം വർധിപ്പിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കോവിഡിനെതിരേ മരുന്ന് ഇപ്പോഴും കണ്ടെത്തിയിട്ടില്ല. അതിനാൽ കൂടുതൽ ശക്തമായ പ്രതിരോധ സംവിധാനങ്ങൾ വേണം. ജനങ്ങൾ ജാഗ്രത നിർദേശങ്ങൾ കൃത്യമായി പാലിക്കണം. കോവിഡ് എത്രകാലം നിലനിൽക്കുമെന്ന് അറിയാത്ത സാഹചര്യത്തിൽ രോഗവ്യാപനത്തിന് സാധ്യതയുള്ള പ്രദേശങ്ങൾ അടച്ചിടാൻ സാധിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

കടകളിൽ പോകുമ്പോൾ ജനങ്ങൾ കൃത്യമായ ശാരീരിക അകലം പാലിക്കുകയും മാസ്ക് ധരിക്കുകയും വേണം. സാധനങ്ങൾ തൊട്ടുനോക്കേണ്ട കടയാണെങ്കിൽ ഗ്ലൗസ് ധരിച്ച് മാത്രമേ കയറാൻ പാടുള്ളു. കടകളിൽ ആവശ്യമായ ക്രമീകരണങ്ങൾ ഉറപ്പുവരുത്തേണ്ട ബാധ്യത കട ഉടമയ്ക്കുണ്ട്. ക്രമീകരണങ്ങൾ ഒരുക്കിയിട്ടില്ലെങ്കിൽ കട അടച്ചുപൂട്ടുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here