അപകട ദൃശ്യങ്ങൾ സോഷ്യൽമീഡിയയിലൂടെ പ്രചരിപ്പിക്കുന്ന ക്രൂരവിനോദം ; നിയമപരമായി നേരിടാനൊരുങ്ങി മഞ്ചേശ്വരത്തെ സാമൂഹ്യപ്രവർത്തകർ

0
മഞ്ചേശ്വരം: (www.k-onenews.in) അപകട ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കുന്ന ക്രൂരവിനോദത്തിനെതിരെ പ്രതിഷേധമുയരുന്നു.
റോഡ്‌ അപകടങ്ങളിലും മറ്റും അകപ്പെട്ട ഇരകളുടെ ചിന്നിച്ചിതറിയ ശരീരങ്ങളും അക്രമങ്ങളുടെയുൾപ്പെടെയുള്ള ഫോട്ടോകളും വീഡിയോകളും യാതൊരു സെൻസറിങ്ങിനും വിധേയമാവാതെ പ്രചരിപ്പിക്കുന്ന പ്രവണത സമൂഹമാധ്യമങ്ങളിൽ വ്യാപകമാവുകയാണു.
കഴിഞ്ഞ ദിവസം മഞ്ചേശ്വരത്ത്‌ ട്രെയിൻ തട്ടി മരണപ്പെട്ട സഹോദരിമാരുടെയും പിഞ്ചു കുഞ്ഞിന്റെയും വികലമായ മൃതശരീരങ്ങൾ ഫോട്ടോയെടുത്ത്‌ വാട്സാപ്പിലൂടെയും മറ്റും വ്യാപകമായി ഷെയർ ചെയ്യപ്പെട്ടിരുന്നു. ഫാമിലി ഗ്രൂപ്പുകളിൽ അടക്കം ഫോർവ്വേഡ്‌ ചെയ്യപ്പെട്ട ഈ ചിത്രങ്ങൾ അപകടത്തിൽ പെട്ടവരുടെ കുടുംബാംഗങ്ങളിലേക്ക്‌ വരെ എത്തിയിരുന്നു‌.
പ്രചരിപ്പിക്കുന്നവർക്ക്‌ യാതൊരു നേട്ടവുമില്ലാത്ത അത്യന്തം ഹീനവും ക്രൂരവുമായ ഇത്തരം ചെയ്തികൾക്കെതിരെ അധികാരികൾ ശക്തമായ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ ഇതിനോടകം മഞ്ചേശ്വരം പോലീസിൽ പരാതി നൽകിരിക്കയാണ്.
 സാമൂഹ്യ പ്രവർത്തകൻ നിയാസ്‌ കുഞ്ചത്തൂരാണ് മഞ്ചേശ്വരം പോലീസ്‌ സ്റ്റേഷനിലെത്തി എസ്‌ഐ അനൂപ്‌ കുമാറിനും സൈബർ സെല്ലിനും പരാതി നൽകിയത്‌. അപകടത്തിൽ പെടുന്നവർക്ക്‌ പ്രാഥമിക ശുശ്രൂഷ നൽകുകയോ ദുരിതാശ്വാസപ്രവർത്തനത്തിൽ ഏർപ്പെടുകയോ ചെയ്യുന്നതിനു പകരം ഫോട്ടോ എടുക്കാനും അത്‌ പ്രചരിപ്പിക്കാനും ശ്രമിക്കുന്നത്‌ ഏറെ ഖേദകരമാണെന്ന് നിയാസ്‌ കുഞ്ചത്തൂർ അഭിപ്രായപ്പെട്ടു. ഉറ്റവരുടെ ഇത്തരം ചിത്രങ്ങൾ ബന്ധുക്കളിലേക്കെത്തുമ്പോൾ അവരുടെ മാനസികാവസ്ഥ നമുക്ക്‌ ഊഹിക്കാവുന്നതിനും അപ്പുറമായിരിക്കുമെന്ന് നിയാസ്‌ പറയുന്നു. ഇതിനൊരു അറുതി വരുത്താനാണു താൻ നിയമനടപടിയുമായി മുന്നോട്ടു പോവുന്നതെന്നും അദ്ധേഹം കൂട്ടിച്ചേർത്തു.
മഞ്ചേശ്വരം പൊസോട്ട്‌ സ്വദേശി അബൂബക്കറിന്റെ മക്കളായ ആയിഷ സഹോദരി ആമിന, എന്നിവരും രണ്ട്‌ വയസ്സായ പിഞ്ചുകുട്ടിയുമാണ് ഇന്നലെ ഉച്ചയോടെ ട്രെയിൻ തട്ടി കൊല്ലപ്പെട്ടത്‌. പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹങ്ങൾ ഖബറടക്കി.

LEAVE A REPLY

Please enter your comment!
Please enter your name here