വിവാദ നായകൻ ഡോൺ തസ്‌ലീം കൊല്ലപ്പെട്ടു

0
1

കാസര്‍കോട്:(www.k-onenews.in)

വിവാദ നായകനും കാസർഗോഡ്‌ കീഴൂര്‍ ചെമ്പിരിക്ക സ്വദേശിയുമായ ഡോൺ തസ്ലീം എന്ന മൂത്തസ്ലീമിനെ (38) കൊലപ്പെടുത്തി.
കര്‍ണാടക നെലോഗി പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ നിന്നും ജനുവരി 31ന് ഗുണ്ടാസംഘം തട്ടിക്കൊണ്ടുപോയ തസ്‌ലീമിനെ ഞായറാഴ്ച വൈകിട്ടോടെ കൊലപ്പെടുത്തിയെന്നാണു വിവരം. തട്ടിക്കൊണ്ടുപോയ സംഘത്തെ ബണ്ട്വാളില്‍ വെച്ച് പോലീസ് പിന്തുടരുന്നതിനിടെ കാറില്‍ വെച്ച് തസ്ലീമിനെ കൊലപ്പെടുത്തി സംഘം കടന്നുകളയുകയായിരുന്നുവെന്നാണ് പോലീസ് കേന്ദ്രങ്ങൾ നൽകുന്ന വിശദീകരണം.

എന്നാൽ, ഒരേ സമയം ദുബൈ പോലീസിന്റെയും ഇന്ത്യൻ രഹസ്യാന്വേഷണ വിഭാഗത്തിന്റെയും ഇൻഫോർമറായി പ്രവർത്തിച്ചിരുന്ന ഇയാൾക്ക്‌ നിരവധി ശത്രുക്കളുണ്ടായിരുന്നു. ബിജെപി ന്യൂനപക്ഷ മോർച്ച ജില്ലാ നേതാവായിരുന്ന തസ്‌ലീമിനെ ഡല്‍ഹിയിലെ ഒരു കേസുമായി ബന്ധപ്പെട്ട് ഡൽഹി പോലീസ്‌ കസ്റ്റഡിയിലെടുത്ത് കൊണ്ടുപോയത്‌ നേരത്തെ വിവാദമായിരുന്നു. എന്നാല്‍ പിന്നീട് യുവാവിനെ വിട്ടയക്കുകയായിരുന്നു. ഇതിനു ശേഷമാണ് കര്‍ണാടകയിലെ ഒരു ആര്‍ എസ് എസ് നേതാവിനെ തട്ടിക്കൊണ്ടുപോകാന്‍ പദ്ധതിയിട്ടെന്ന പേരില്‍ പോലീസ് വീണ്ടും കസ്റ്റഡിയിലെടുത്തത്. ഈ കേസില്‍ നിന്നും യുവാവിനെ വിട്ടയച്ചിരുന്നു.

ഇതിനു പിന്നാലെ അഫ്ഗാന്‍ സ്വദേശിയുള്‍പെട്ട ഒരു ജ്വല്ലറി കവര്‍ച്ചാ കേസില്‍ 2019 സെപ്തംബര്‍ 16നാണ് പോലീസ് അറസ്റ്റു ചെയ്തു കൊണ്ടുപോയത്. ഈ കേസില്‍ റിമാന്‍ഡില്‍ കഴിഞ്ഞ് ജാമ്യം ലഭിച്ച് സുഹൃത്തുക്കള്‍ക്കൊപ്പം കാസര്‍കോട്ടേക്ക് മടങ്ങുന്നതിനിടെയാണ് ക്വട്ടേഷന്‍ സംഘം യുവാവിനെ തട്ടിക്കൊണ്ടുപോയത്. സംഭവത്തില്‍ നെലോഗി പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയായിരുന്നു. ഇതിനിടയിലാണ് യുവാവിനെ തട്ടിക്കൊണ്ടുപോയ അക്രമികളെ കുറിച്ച് പോലീസിന് സൂചന ലഭിച്ചത്. രഹസ്യതാവളം വളഞ്ഞ പോലീസിനെ കണ്ട് ഗുണ്ടാസംഘം കാറില്‍ രക്ഷപ്പെടുകയായിരുന്നു. പോലീസ് പിന്നാലെ പിന്തുടരുന്നതിനിടെ യുവാവിനെ കാറില്‍ വെച്ച് കൊലപ്പെടുത്തി അക്രമി സംഘം രക്ഷപ്പെട്ടുവെന്നാണ് കര്‍ണാടക പോലീസ് കേന്ദ്രങ്ങള്‍ വ്യക്തമാക്കുന്നത്. തസ്ലീം കൊല്ലപ്പെട്ടതായി കാസര്‍കോട് പോലീസും സ്ഥിരീകരിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here