ആള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ ബാബരി സമ്മേളനം നാളെ: ഇ അബൂബക്കര്‍ ഉദ്ഘാടനം ചെയ്യും

0

എറണാകുളം:(www.k-onenews.in) ബാബരി ഭൂമിയില്‍ ക്ഷേത്രമല്ല മസ്ജിദാണ് നീതി എന്ന സന്ദേശത്തില്‍ ആള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ ബാബരി സമ്മേളനം സംഘടിപ്പിക്കും. ഡിസംബര്‍ 4ന് വൈകീട്ട് 4.30 എറണാകുളം മറൈന്‍ ഡ്രൈവില്‍ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ചെയര്‍മാന്‍ ഇ അബൂബക്കര്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും.

425 വര്‍ഷം മസ്ജിദായി നില നിന്ന ബാബരി മസ്ജിദ് 1992 ഡിസംബര്‍ 6നു ഹിന്ദുത്വ ഭീകരവാദികള്‍ തച്ചു തകര്‍ത്തതിലൂടെ നഷ്ടപ്പെട്ടത് രാജ്യത്തിന്റെ മതേതര മൂല്യമാണ്. ഗാന്ധിവധത്തിനു ശേഷം ഇന്ത്യ കണ്ട ഏറ്റവും വലിയ ഭീകരാക്രമണമാണ് ബാബരിമസ്ജിദിന്റെ ധ്വംസനം. ബാബരി മസ്ജിദ് തകര്‍ത്തതിന്റെ പിറ്റേന്ന് ബാബരി മസ്ജിദ് ധ്വംസനം രാജ്യത്തിനു സംഭവിച്ച തെറ്റാണെന്നും അത് ഉടന്‍ യഥാസ്ഥാനത്ത് പുനര്‍നിര്‍മ്മിച്ചു നല്‍കുമെന്നും പ്രധാനമന്ത്രി രാജ്യത്തിന് ഉറപ്പു നല്‍കിയിരുന്നു. 26 വര്‍ഷം പിന്നിട്ടിട്ടും ഇന്ത്യന്‍ ജനതയോട് ഭരണകൂടം നല്‍കിയ വാഗ്ദാനം പാലിച്ചിട്ടില്ലെന്ന് മാത്രമല്ല മസ്ജിദ് നിലനിന്നിരുന്ന സ്ഥലത്ത് രാമക്ഷേത്രം നിര്‍മ്മിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ സര്‍ക്കാര്‍ പിന്തുണയോടെ തകൃതിയായി നടന്നുകൊണ്ടിരിക്കുകയുമാണ്.

2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നില്‍കണ്ട് ബാബരിഭൂമിയില്‍ ക്ഷേത്രം പണിയുമെന്ന് പ്രഖ്യാപിച്ച് നിയമ വ്യവസ്ഥയെ വെല്ലുവിളിക്കുകയാണ് ഹിന്ദുത്വ ഭീകരര്‍. ഹിന്ദുത്വ ഫാഷിസം ആത്യന്തികമായി ജനാധിപത്യ സംവിധാനങ്ങളെ അംഗീകരിക്കുന്നില്ല. കോടതി വിധി എന്തുതന്നെയായാലും രാമക്ഷേത്ര നിര്‍മ്മാണവുമായി മുന്നോട്ടുപോവുമെന്ന് അവര്‍ രാജ്യത്തെ വെല്ലുവിളിച്ചുകൊണ്ടിരിക്കുന്നു. ക്ഷേത്ര നിര്‍മ്മാണത്തിനുള്ള ഒരുക്കങ്ങള്‍ കര്‍സേവപുരത്ത് നടത്തിക്കൊണ്ടിരിക്കുകയും അത് വ്യാപകമായി പ്രചരിപ്പിച്ച് അന്തരീക്ഷം കലുഷിതമാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു.

നൂറ്റാണ്ടുകളായി മുസ്‌ലിം സമൂഹം നിരാക്ഷേപം പ്രാര്‍ത്ഥന നിര്‍വഹിച്ചു കൊണ്ടിരുന്ന ബാബരി മസ്ജിദിന്‍മേലുള്ള അവകാശവാദം, വെറും ഒരു ആരാധാനാലയത്തിനു വേണ്ടി മാത്രമുള്ളതല്ല. 1992 ല്‍ മസ്ജിദിനൊപ്പം ബാബരി ഭൂമിയില്‍ തകര്‍ന്നുവീണ നീതിയുടെയും ഉന്നതമായ ജനാധിപത്യമൂല്യങ്ങളുടെയും വീണ്ടെടുപ്പിനു വേണ്ടിയുള്ളതു കൂടിയാണ്.
ഈ സാഹചര്യത്തിലാണ് ആള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ പതിനായിരങ്ങളെ പങ്കെടുപ്പിച്ചു കൊണ്ട് ബാബരി സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത്. സ്വാമി അഗ്‌നിവേശ്, മൗലാനാ മുഹമ്മദ് ഉമറൈന്‍ മഹ്ഫൂസ് റഹ്മാനി തുടങ്ങിയ മത സാമൂഹിക രാഷ്ട്രീയ മേഖലയിലെ പ്രമുഖ വ്യക്തിത്വങ്ങള്‍ സംബന്ധിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here