ആഫ്രിക്കൻ വംശജനെ വെടിവെച്ചു കൊന്നു; ഇസ്രായേലിൽ പ്രതിഷേധം കത്തുന്നു

0

തെൽ അവീവ്:(www.k-onenews.in) എത്യോപ്യൻ വംശജനായ 18-കാരനെ പൊലീസ് വെടിവെച്ചു കൊലപ്പെടുത്തിയതിനെതിരെ ഇസ്രയേലിൽ ഉടനീളം പ്രതിഷേധം. ഹൈഫ നഗരത്തിൽ തിങ്കളാഴ്ചയാണ് സോളമൻ ടെക്ക എന്നയാളെ ഡ്യൂട്ടിയിൽ അല്ലാതിരുന്ന പൊലീസ് ഉദ്യോഗസ്ഥൻ പിറകുവശത്തു നിന്ന് വെടിവെച്ചു വീഴ്ത്തിയത്. കറുത്ത വർഗക്കാരായ ജൂത ചെറുപ്പക്കാർക്കെതിരെ ഇസ്രയേൽ പൊലീസ് തുടരുന്ന അതിക്രമങ്ങളുടെ ഭാഗമാണിതെന്നാരോപിച്ച് എത്യോപ്യൻ വംശജരായ ജൂതന്മാർ തെരുവിലിറങ്ങുകയായിരുന്നു.

തിങ്കളാഴ്ചയും ഇന്നലെയുമായി ഇസ്രയേലിന്റെ വിവിധ ഭാഗങ്ങളിലുണ്ടായ അക്രമ സംഭവങ്ങളിൽ 47 പൊലീസുകാർക്കും 60-ലധികം പ്രക്ഷോഭകർക്കും പരിക്കേറ്റു. ഇന്നലെ രാത്രി തെൽ അവീവ് നഗരത്തിൽ പ്രക്ഷോഭകർ റോഡ് ഉപരോധിച്ചിരുന്നു. ഹൈഫയിൽ ടയറുകൾ കത്തിച്ചും മറ്റും ഹൈവേ തടസ്സപ്പെടുത്തുകയും ചെയ്തു. കറുത്ത വർഗക്കാർക്കെതിരെ ഇസ്രയേൽ പൊലീസിൽ നിലനിൽക്കുന്ന മനോഭാവത്തിൽ മാറ്റമുണ്ടാവണമെന്ന് പ്രക്ഷോഭകർ ആവശ്യപ്പെട്ടു.

ചെറുപ്പക്കാർ തമ്മിലുള്ള അടിപിടി ഒഴിവാക്കാൻ ഇടപെട്ട പൊലീസ് ഉദ്യോഗസ്ഥൻ സോളമൻ ടെക്കയുടെ പുറകുവശത്ത് വെടിവെച്ചു എന്നാണ് ആരോപണം. തന്റെ ജീവൻ അപകടത്തിലായതിനാലാണ് തോക്ക് ഉപയോഗിക്കേണ്ടി വന്നതെന്നാണ് ഉദ്യോഗസ്ഥന്റെ ഭാഷ്യം. ഇയാളെ വീട്ടുതടങ്കലിലാക്കി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Embedded video
239 people are talking about this

കറുത്ത വർഗക്കാർക്കെതിരായ വിവേചനം ഇസ്രയേലിൽ ഇതാദ്യമല്ല. രാജ്യം നിലവിൽവന്ന് പതിറ്റാണ്ടുകളോളം ആഫ്രിക്കയിൽ നിന്നുള്ള ജൂതന്മാർക്ക് പ്രവേശനം അനുവദിച്ചിരുന്നില്ല. 1980-കളുടെ അവസാന ഘട്ടത്തിലാണ് എത്യോപ്യയിലെ ജൂതന്മാർക്ക് പ്രവേശനം അനുവദിച്ചത്. നിലവിൽ 14 ലക്ഷത്തോളമാണ് ഇസ്രയേലിലെ എത്യോപ്യൻ ജൂത ജനസംഖ്യ. ഇതിൽ അരലക്ഷത്തോളമാളുകൾക്ക് ഇസ്രയേലിൽ തന്നെ ജനിച്ചതാണ്. എത്യോപ്യൻ ജൂതന്മാർക്കെതിരെ പൊലീസിലും ഭരണസംവിധാനത്തിലും പൊതുജീവിതത്തിലും വിവേചനം നിലനിൽക്കുന്നുണ്ടെന്ന് 2015-ൽ എത്യോപ്യൻ ജ്യൂസ് എന്ന സംഘടന കണക്കുകൾ നിരത്തി ആരോപിച്ചിരുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here