ബി.ജെ.പി അനുകൂല ഫേസ്ബുക്ക് പേജില്‍ ദീപിക പദുക്കോണിന്റേയും രണ്‍വീറിന്റേയും പേരില്‍ വ്യാജ തെരഞ്ഞെടുപ്പ് പ്രചരണം

0

പട്‌ന:(www.k-onenews.in) ബോളിവുഡ് താര ദമ്പതികളായ ദീപിക പദുക്കോണിന്റേയും ഭര്‍ത്താവ് രണ്‍വീറിന്റേയും പേരില്‍ വ്യാജ തെരഞ്ഞെടുപ്പ് പ്രചരണം നടത്തി ബി.ജെ.പി അനുകൂല ഫേസ്ബുക്ക് പേജ്. ബി.ജെ.പിക്ക് വോട്ട് ചോദിക്കുന്ന ദീപികയുടേയും രണ്‍വീറിന്റേയും ചിത്രങ്ങളാണ് ‘ഫിര്‍ ഏക് ബാര്‍ മോദി സര്‍ക്കാര്‍’ എന്ന ഫേസ്ബുക്ക് പേജില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

ഇരുവരും കാവി ഷാള്‍ അണിഞ്ഞ് നില്‍ക്കുന്ന ചിത്രമാണ് പ്രചരിക്കുന്നത്. മോദി വീണ്ടും അധികാരത്തില്‍ വരണം, ബി.ജെ.പിക്ക് വോട്ട് ചെയ്യൂ എന്ന് ഇരുവരും ആവശ്യപ്പെടുന്ന തരത്തിലാണ് പ്രചരണം നടക്കുന്നത്. മണിക്കൂറുകള്‍ക്കകം അയ്യായിരത്തോളം ഷെയറുകളാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്.

ദീപിക- രണ്‍വീര്‍ കല്യാണത്തിന് ശേഷം ക്ഷേത്രത്തില്‍ പ്രത്യേക പൂജക്ക് പോകുന്നതിന്റെ ഫോട്ടോയാണ് വ്യാജ പ്രചരണത്തിന് വേണ്ടി ഉപയോഗിച്ചിരിക്കുന്നത്. അതേസമയം ചിത്രം പ്രചരിക്കുന്നതിനെ കുറിച്ച് താരങ്ങള്‍ പ്രതികരിച്ചിട്ടില്ല.

ചിത്രത്തിനു താഴെ ബി.ജെ.പിക്ക് വോട്ട് ചെയ്യുക, യഥാര്‍ഥ രാഷ്ട്രീയത്തില്‍ നില്‍ക്കുന്ന യഥാര്‍ഥ ദമ്പതികളാണ് ഇവര്‍, മോദിക്ക് ആശംസകള്‍ തുടങ്ങിയ കമന്റുകളുണ്ട്.

അതേസമയം, ചിത്രം എഡിറ്റ് ചെയ്തതാണെന്നും വീണ്ടും ബി.ജെ.പി ഫോട്ടോഷോപ്പ് രാഷ്ട്രീയം നടത്തുകയാണെന്നും ഇന്ത്യയില്‍ വോട്ടവകാശമില്ലാത്ത ദീപിക എങ്ങനെയാണ് ബി.ജെ.പിക്ക് വേണ്ടി വോട്ട് പിടിക്കുക എന്നും ചിലര്‍ വിമര്‍ശനം ഉന്നയിക്കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here