വിലക്കയറ്റത്തിന് വഴിയൊരുക്കി രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ്

0

ന്യൂദല്‍ഹി:(www.k-onenews.in) ആദായ നികുതി സ്ലാബിൽ മാറ്റം വരുത്താതെ രണ്ടാം മോദി സർക്കാരിന്റെ ആദ്യ ബജറ്റ്. പെട്രോള്‍, ഡീസല്‍, സ്വര്‍ണ്ണം, സിഗരറ്റ്, മൊബൈല്‍ ഫോണ്‍ തുടങ്ങി ഇരുപത്തഞ്ചോളം പ്രധാന വസ്തുക്കള്‍ക്ക് വിലകൂടും. ആദായ നികുതി സമര്‍പ്പിക്കാന്‍ ഇനി മുതല്‍ ആധാര്‍ കാര്‍ഡും ഉപയോഗിക്കാം. ഇന്ത്യന്‍ പാസ്പോട്ടുള്ള പ്രവാസികള്‍ക്ക് അതിവേഗം ആധാര്‍ അനുവദിക്കുമെന്നും ധനമന്ത്രി പറഞ്ഞു.

എല്ലാവരെയും തുണക്കുന്ന സന്തുലിത ബജറ്റ് എന്ന അവകാശ വാദത്തോടെയാണ് നിര്‍മ്മലാ സീതാരാമന്‍ കന്നി ബജറ്റ് അവതരിപ്പിച്ചത്. അഞ്ച് ലക്ഷം വരെ വാര്‍ഷിക വരുമാനമുള്ളവര്‍ ആദായനികുതി അടയ്‌ക്കേണ്ടതില്ല. എന്നാല്‍ ബാങ്ക് അക്കൗണ്ടിൽനിന്ന് ഒരു വർഷം ഒരു കോടി രൂപയ്ക്കുമേൽ പിൻവലിച്ചാൽ 2% ആദായ നികുതി ചുമത്തും. 2 കോടി മുതൽ 5 കോടി വരെ വരുമാനക്കാർക്ക് 3 ശതമാനവും 5 കോടിക്കു മുകളിൽ 7 ശതമാനവും സർചാർജ് ചുമത്തും. സ്വർണത്തിനും രത്നത്തിനും കസ്റ്റംസ് തീരുവ 10ൽ നിന്ന് 12.5 ശതമാനമാക്കി. ഇവക്ക് വിലകൂടും. പെട്രോളിനും ഡീസലിനും അധിക നികുതിയും സെസും ചുമത്തും. ഇതോടെ ഇവക്ക് ലീറ്ററിന് രണ്ടു രൂപ കൂടും എന്നാണ് കണക്കാപ്പെടുന്നത്.

ഇടത്തരക്കാരെ ലക്ഷ്യമിട്ട് ഭവന വായ്പയ്ക്ക് 1.5 ലക്ഷം രൂപയുടെ നികുതി കിഴിവ് കൂടി അധികമായി പ്രഖ്യാപിച്ചിട്ടുണ്ട്. 25 ശതമാനം കോര്‍പ്പറേറ്റ് നികുതിയുടെ പരിധി 250 കോടിയിൽനിന്ന് 400 കോടിയാക്കി ഉയര്‍ത്തിയത് കോര്‍പ്പറേറ്റുകള്‍ക്ക് ആഹ്ലാദം പകരും. 5 കോടി രൂപയിൽ കുറവ് വിറ്റുവരവുള്ള ചെറുകിട കച്ചവടക്കാർക്ക് പെൻഷൻ പദ്ധതി നടപ്പാക്കുമെന്നതാണ് മറ്റൊരു ശ്രദ്ധേയ പ്രഖ്യാപനം. വൈദ്യുതി മേഖലയില്‍ ഒരു രാജ്യം ഒരു ഗ്രിഡ് നിര്‍ദ്ദേശവും ബജറ്റിലുണ്ട്.

2025ഓടെ 5 ട്രില്യണ്‍ ഡോളര്‍ ക്രയശേഷിയുള്ള സാമ്പത്തിക ശക്തിയാവുക എന്നാണ് ബജറ്റ് മുന്നോട്ട് വക്കുന്ന ലക്ഷ്യം. നടപ്പ് സാമ്പത്തിക വര്‍ഷം തന്നെ 3 ട്രില്യണ്‍ ഡോളര്‍ ലക്ഷ്യം കൈവരിക്കുമെന്നും ധനമന്ത്രി അവകാശപ്പെടുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here