പ്രളയ രക്ഷാപ്രവര്‍ത്തനം തെളിയിച്ചത് ഒരുമയുടെ കരുത്ത്: എന്‍ പി ചെക്കുട്ടി

0

കോഴിക്കോട്: (www.k-onenews.in) പ്രളയ രക്ഷാപ്രവര്‍ത്തനം തെളിയിച്ചത് മലയാളികളുടെ ഒരുമയുടെ കരുത്താണെന്ന് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ എന്‍ പി ചെക്കുട്ടി. കെ പി കേശവമേനോന്‍ ഹാളില്‍ എസ്ഡിപിഐ ജില്ലാ കമ്മിറ്റി രക്ഷാപ്രവര്‍ത്തകര്‍ക്ക് വേണ്ടി സംഘടിപ്പിച്ച സ്‌നേഹാദരം പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജാതി, മത, രാഷ്ട്രീയ ഭേദമന്യോ സഹജീവികളുടെ ജീവന്‍ രക്ഷിക്കാന്‍ ജീവന്‍ തൃണവല്‍ക്കരിച്ച് രക്ഷാപ്രവര്‍ത്തനം നടത്തിയവര്‍ വ്യക്തമാക്കി തന്നത ഏത ആപത്ഘട്ടങ്ങളിലും മലയാളികള്‍ എല്ലാം മറന്ന് ഒന്നിക്കുമെന്ന സന്ദേശമാണ്. രാജ്യത്ത് അസഹിഷ്ണുത പരത്തി ജനങ്ങളെ ഭിന്നിപ്പിച്ച് കൊണ്ടിരിക്കുന്ന കാലത്ത് മലയാളികള്‍ കാണിച്ച ഈ ഐക്യത്തിന്റെ മാതൃക നിസ്തുലമാണ്. നിപ പ്രതിരോധത്തിലും കട്ടിപ്പാറ കരിഞ്ചോലയിലെ ഉരുള്‍പൊട്ടലിലും മലയാളികളുടെ സന്‍മനസും ഐക്യവും വ്യക്തമായതാണ്. ഈ ജനകീയ ഐക്യം വലിയ പ്രതീക്ഷ നല്‍കുന്നു.

കാലവസ്ഥാ വ്യതിയാനവും പ്രകൃതി ക്ഷോഭങ്ങളും പരിസ്ഥിതിക്ക് മേല്‍ മുതലാളിത്തം നടത്തുന്ന ലജ്ജാകരമായ കടന്നാക്രമണത്തിന്റെ അനന്തര ഫലമാണ്. പ്രകൃതി ചൂഷണത്തിനെതിരേ നാം രാഷ്ട്രീയമായി തയ്യാറെടുക്കണമെന്നും എന്‍ പി ചെക്കുട്ടി പറഞ്ഞു.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയ 40 ല്‍പരം സന്നദ്ധഭടന്‍മാരെ, എ വാസു, എന്‍ പി ചെക്കുട്ടി, എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി, സംസ്ഥാന സെക്രട്ടറിമാരായ മുസ്തഫ കൊമ്മേരി, പി ആര്‍ സിയാദ് തുടങ്ങിയവര്‍ ആദരിച്ചു. രക്ഷാപ്രവര്‍ത്തനത്തില്‍ മികച്ച പ്രകടനം നടത്തിയ എസ്ഡിപിഐ മണ്ഡലം കമ്മറ്റികളും ആദരം ഏറ്റുവാങ്ങി. ചടങ്ങില്‍ എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് മുസ്തഫ പാലേരി അധ്യക്ഷത വഹിച്ചു. സലിം കാരാടി, എം എ സലിം, ടി പി മുഹമ്മദ്, ഷമീര്‍ വെള്ളയില്‍ സംബന്ധിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here