മത്സരബുദ്ധി അഭിനന്ദനാര്‍ഹം; അമ്പയറോടു ചൂടായ ധോനിയെ പിന്തുണച്ച് ഗാംഗുലി

0

കൊല്‍ക്കത്ത:(www.k-onenews.in) അമ്പയര്‍ക്കെതിരേ രോഷാകുലനായ ചെന്നൈ സൂപ്പര്‍ കിങ്‌സ് ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോനിക്കെതിരേ വ്യാപക വിമര്‍ശനമുയരുമ്പോള്‍ പിന്തുണച്ച് ഇന്ത്യന്‍ മുന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി. എല്ലാവരും മനുഷ്യരാണെന്നും ധോനിയുടെ മത്സരബുദ്ധി അഭിനന്ദനാര്‍ഹമാണെന്നും അതാണ് അദ്ദേഹത്തിനൊപ്പം നില്‍ക്കാന്‍ കാരണമെന്നും ഡല്‍ഹി ക്യാപിറ്റല്‍സ് ഉപദേശകന്‍ കൂടിയായ ഗാംഗുലി പറഞ്ഞു.

വെള്ളിയാഴ്ച കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരേ ഡല്‍ഹി ഏഴ് വിക്കറ്റ് വിജയം നേടിയശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ഗാംഗുലി.

വ്യാഴാഴ്ച ജയ്പുരില്‍ നടന്ന ചെന്നൈ സൂപ്പര്‍ കിങ്സ്- രാജസ്ഥാന്‍ റോയല്‍സ് മത്സരത്തിനിടെയാണു വിവാദത്തിനാസ്പദമായ സംഭവം നടന്നത്. അവസാന ഓവറില്‍ ചെന്നൈക്ക് ജയിക്കാന്‍ 18 റണ്‍സ് വേണമായിരുന്നു. ബെന്‍ സ്റ്റോക്സ് എറിഞ്ഞ രണ്ടാംപന്തില്‍ ധോനി പുറത്തായി. നാലാംപന്തില്‍ ബാറ്റ് ചെയ്തിരുന്ന മിച്ചല്‍ സാന്റ്നര്‍ക്കെതിരേ സ്റ്റോക്സ് എറിഞ്ഞ പന്ത് അരയ്ക്കു മുകളില്‍ ഉയര്‍ന്നോ എന്ന സംശയത്തില്‍ അമ്പയര്‍ നോബോള്‍ വിളിച്ചു. എന്നാല്‍ ഉടന്‍തന്നെ ഫൈന്‍ ലെഗ് അമ്പയര്‍ ഇടപെട്ട് തീരുമാനം തിരുത്തിച്ചു. സാന്റ്നര്‍ പന്ത് നേരിടുമ്പോള്‍ ക്രീസിനു വെളിയിലായിരുന്നതാണു കാരണം.

എന്നാല്‍ അമ്പയര്‍ തീരുമാനം മാറ്റിയതില്‍ രോഷം പ്രകടിപ്പിച്ച ധോനി ഡഗ്ഗ് ഔട്ടില്‍ നിന്നിറങ്ങി അമ്പയറുടെ അടുത്തെത്തുകയും അദ്ദേഹത്തോടു ദേഷ്യപ്പെടുകയുമായിരുന്നു. എന്നാല്‍ അമ്പയര്‍ തീരുമാനത്തില്‍ ഉറച്ചുനിന്നു. മത്സരത്തില്‍ അവസാനപന്തില്‍ സാന്റ്നര്‍ നേടിയ സിക്സറില്‍ ചെന്നൈ ജയിച്ചിരുന്നു.

ധോനിയുടെ പെരുമാറ്റത്തില്‍ അതൃപ്തി രേഖപ്പെടുത്തി മുന്‍ ക്രിക്കറ്റ് താരങ്ങള്‍ രംഗത്തെത്തിയിരുന്നു.

ധോനിയുടെ ഫാനാണ് താനെങ്കിലും ഈ മത്സരത്തില്‍ ധോനി അതിര് ലംഘിച്ചെന്നും ഒരു പിഴയോടു കൂടി ഇതവസാനിച്ചാല്‍ ഭാഗ്യമാണെന്നും മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കര്‍ ട്വീറ്റ് ചെയ്തു.

മത്സരത്തിന് ഇതു നല്ലതല്ലെന്നായിരുന്നു മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ മൈക്കല്‍ വോനിന്റെ അഭിപ്രായം.

ഐ.പി.എല്ലില്‍ അമ്പയര്‍മാരുടെ നിലവാരം പോരെന്ന് അഭിപ്രായപ്പെട്ട മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ആകാശ് ചോപ്ര, ഔട്ടായതിനുശേഷം എതിര്‍ ടീമിന്റെ ക്യാപ്റ്റന് പിച്ചിലേക്കു വരാന്‍ അവകാശമില്ലെന്ന് ചൂണ്ടിക്കാട്ടി. തെറ്റായ കീഴ്വഴക്കമാണു ധോനി കൊണ്ടുവന്നതെന്നും അദ്ദേഹം പറഞ്ഞു.

താന്‍ ചെയ്യാന്‍ പാടില്ലാത്തതായിരുന്നു ചെയ്തത് എന്ന കാര്യം ധോനി മനസ്സിലാക്കണമെന്ന് കമന്റേറ്റര്‍ ഹര്‍ഷ ഭോഗ്ലെ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here