തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രവര്‍ത്തിക്കുന്നത് മോദിയുടെ നിര്‍ദേശമനുസരിച്ച്; അപാകതകള്‍ ചൂണ്ടിക്കാണിച്ച് ചന്ദ്രബാബു നായിഡു

0

ന്യൂദല്‍ഹി:(www.k-onenews.in) തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഗുരുതര ആരോപണവുമായി ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രവര്‍ത്തിക്കുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കേന്ദ്ര സര്‍ക്കാരിന്റെയും നിര്‍ദേശങ്ങള്‍ അനുസരിച്ചാണെന്ന് നായിഡു പറഞ്ഞു.

തെരഞ്ഞെടുപ്പ് കമ്മീഷന്‍ സ്വയം ഭരണാധികാരമുള്ള സ്ഥാപനമാണെന്നും എന്നാല്‍ അവര്‍ തങ്ങളുമായി സഹകരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ദല്‍ഹിയിലെത്തി തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയ ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ആദ്യ ഘട്ട ലോക്സഭാ തെരഞ്ഞെടുപ്പ് അവസാനിച്ചതിന് പിന്നാലെ സംസ്ഥാനത്തെ തെരഞ്ഞെടുപ്പിലെ അപാകതകള്‍ ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ചന്ദ്രബാബു നായിഡു രംഗത്തെത്തിയിരുന്നു. ഭരണഘടനാ ഉത്തരവാദിത്വം നിറവേറ്റുന്നതില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ദയനീയമായി പരാജയപ്പെട്ടെന്നും ചന്ദ്രബാബു നായിഡു മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ സുനില്‍ അറോറയ്ക്ക് നല്‍കിയ കത്തില്‍ പറഞ്ഞിരുന്നു.

വോട്ടെടുപ്പിന് ഇനി മുതല്‍ ബാലറ്റ് പേപ്പറിലേക്ക് മടങ്ങി വരണമെന്നും, ഇ.വി.എമ്മുകളുടെ ഉപയോഗം അവസാനിപ്പിക്കണമെന്നും ചന്ദ്രബാബു നായിഡു ആവശ്യപ്പെട്ടിരുന്നു. ഇ.വി.എമ്മുകളുടെ വിശ്വാസതയില്‍ സംശയമുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തില്‍ വ്യാപകമായ ഇ.വി.എം തകരാറുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ആന്ധ്രയില്‍ വോട്ടെടുപ്പ് രാത്രി ഒരു മണി വരെ നീണ്ടിരുന്നു. ഏതാണ്ട് 80 ശതമാനത്തോളം പോളിങ്ങാണ് ആന്ധ്രാപ്രദേശില്‍ രേഖപ്പെടുത്തിയത്. ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചതു മുതല്‍ വലിയ അക്രമസംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.

ആന്ധ്രയിലെ 30 ശതമാനം ബൂത്തുകളിലും റീപോളിംഗ് വേണമെന്ന് ചന്ദ്രബാബു നായിഡു
ഇലക്ട്രോണിക് വോട്ടിങ് മെഷീനില്‍ തകരാറുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെ പല ബൂത്തുകളിലും വോട്ടെടുപ്പ് തടസ്സപ്പെട്ടിരുന്നു. ഇതിനിടെ ടി.ആര്‍.എസും വൈ.എസ്.ആര്‍.സി.പി പ്രവര്‍ത്തകരും തമ്മില്‍ കയ്യേറ്റവും നടന്നു. പല പോളിങ് ബൂത്തുകള്‍ക്ക് മുന്‍പിലും പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. വൈ.എസ്.ആര്‍.സി.പിയുടേയും ടി.ആര്‍.എസിന്റെയും ഓരോ പ്രവര്‍ത്തകര്‍ അക്രമസംഭവങ്ങളില്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു.

ഇതിനു പിന്നാലെ ആന്ധ്രപ്രദേശിലെ 30 ശതമാനം പോളിംഗ് ബൂത്തുകളിലും റീപോളിംഗ് വേണമെന്ന് ചന്ദ്രബാബു നായിഡു അടുത്ത ദിവസം ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം ആവശ്യപ്പെട്ട് അദ്ദേഹം തെരഞ്ഞെടുപ്പ് കമ്മീഷന് പരാതിയും നല്‍കിയിരുന്നു.

ഏപ്രില്‍ 11നായിരുന്നു ആന്ധ്രയില്‍ 25 ലോക്‌സഭ മണ്ഡലങ്ങളിലേക്കും 175 നിയമസഭ സീറ്റിലേക്കും വോട്ടെടുപ്പ് നടന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here