ആരാധനാലയങ്ങളിലെ പ്രസാദത്തിനും റമസാന്‍ മാസത്തില്‍ പള്ളികളില്‍ വിതരണം ചെയ്യുന്ന ഭക്ഷണങ്ങള്‍ക്കും നിബന്ധനകളുമായി സര്‍ക്കാര്‍

0

തിരുവനന്തപുരം:(www.k-onenews.in) വിവിധ ആരാധനാലയങ്ങളിലെ പ്രസാദത്തില്‍ നിന്ന് ഭക്ഷ്യവിഷ ബാധ ഉള്‍പ്പെടെയുള്ളവ റിപ്പോര്‍ട്ട് ചെയ്തതിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ നിയമം കര്‍ശനമാക്കുന്നു. ആരാധനാലയങ്ങളിലെ പ്രസാദത്തിനും റമസാന്‍ മാസത്തില്‍ പള്ളികളില്‍ വിതരണം ചെയ്യുന്ന ഭക്ഷണത്തിന്റെയും കുടിവെള്ളത്തിന്റെയും ഗുണനിലവാര പരിശോധന കര്‍ശനമാക്കുന്നതിനാണ് ഭക്ഷ്യസുരക്ഷാ കമ്മിഷണറേറ്റ് തീരുമാനിച്ചിരിക്കുന്നത്.

നേരത്തെ ആരാധനാലയങ്ങള്‍ ഭക്ഷ്യസുരക്ഷാ ലൈസന്‍സ് എടുക്കണമെന്ന് നിര്‍ദേശമുണ്ടായിരുന്നു. പക്ഷേ നിര്‍ദേശം പലരും പാലിച്ചിട്ടില്ല. ഇത് കര്‍ശനമാക്കും. റമസാന്‍ മാസം പള്ളികളില്‍ വിളമ്പുന്ന ഭക്ഷണത്തിനും ലൈസന്‍സ് എടുക്കണമെന്നാണ് പുതിയ നിര്‍ദേശം. മനോരമയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ബ്ലിസ്ഫുള്‍ ഹൈജീന്‍ ഓഫറിങ് ടു ഗോഡ് (ഭോഗ്) അനുസരിച്ച് ആരാധനാലയങ്ങളില്‍ നടപ്പിലാക്കുന്ന ഭക്ഷ്യസുരക്ഷാ നിയമം ആദ്യഘട്ടത്തില്‍ ശ്രീപത്മനാഭസ്വാമി, ഗുരുവായൂര്‍, ചോറ്റനിക്കര, ശബരിമല, അമ്പലപ്പുഴ, ഏറ്റുമാനൂര്‍, മണ്ണാറശാല, തൃശൂര്‍, തിരുവഞ്ചിക്കുളം, കോഴിക്കോട് ലോകനാര്‍കാവ്, പറശിനിക്കടവ് മുത്തപ്പന്‍ ക്ഷേത്രങ്ങളില്‍ നടപ്പാക്കും.

മറ്റുള്ള ആരാധനാലയങ്ങളില്‍ നിയമം നടപ്പാക്കുന്നതിന് കളക്ടര്‍മാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇവര്‍ ചര്‍ച്ച നടത്തി മറ്റ് ആരാധനാലയങ്ങളില്‍ രണ്ടാം ഘട്ടത്തില്‍ നിയമം നടപ്പാക്കും.

പുതിയ തീരുമാനുസരിച്ച് പ്രസാദം ഉള്‍പ്പെടെ ഭക്ഷണം തയ്യാറാക്കുന്ന സാധനങ്ങള്‍ സംരംഭിക്കുന്ന മുറിയുടെ തറ ടൈല്‍ പാകിയതായിരിക്കണം. ചുമരിലും മുകളിലും സിമന്റ് പൂശിയതാകണമെന്നും നിബന്ധനയുണ്ട്. അടുക്കളയുടെ ഭിത്തിയിലും ടൈല്‍ നിര്‍ബന്ധമാക്കി.

ഡ്രെയിനേജ് സൗകര്യമുള്ള മുറികളില്‍ മാത്രമേ ഭക്ഷ്യവസ്തുക്കള്‍ കൈകാര്യം ചെയ്യാന്‍ പാടുള്ളൂ. ഓട്ടുപാത്രങ്ങള്‍, സ്റ്റീല്‍, അലുമിനിയം പാത്രങ്ങള്‍ എന്നിവ ഉപയോഗിക്കാം. നേര്‍ച്ചയായി ലഭിക്കുന്ന ഭക്ഷ്യോത്പന്നങ്ങളുടെ കാലാവധി പരിശോധിക്കണം. തിളപ്പിക്കാതെ പാല്‍ ഉപയോഗിക്കാന്‍ പാടില്ലെന്നും ഭക്ഷ്യസുരക്ഷാ വകുപ്പ് അറിയിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here