ഗുജറാത്ത് മുസ്ലിം കൂട്ടക്കൊലയുടെ ഓർമകൾക്ക് 17 വർഷം; രാജ്യം ഓർക്കുന്നുണ്ടോ കൗസറിനെയും ബിൽക്കീസിനെയും?

0

ഗുജറാത്ത് (www.k-onenews.in) 2002 ൽ ഫെബ്രുവരി ഇരുപത്തിയെട്ടിനായിരുന്നു സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ വംശഹത്യകളിലൊന്നായ മുസ്ലിം കൂട്ടക്കൊലക്ക് ഗുജറാത്ത് സാക്ഷ്യം വഹിച്ചത്. മൂവായിരത്തോളം വരുന്ന മുസ്ലിംകളെ തെരഞ്ഞുപിടിച്ചു സംഘപരിവാർ കർസേവകർ കൊല്ലുകയായിരുന്നു. അന്ന് ഗുജറാത്തിന്റെ മുഖ്യമന്ത്രി ആയിരുന്ന നരേന്ദ്രമോദിയുടെ പിന്തുണയോടെയാണ് വംശഹത്യ അരങ്ങേറിയതെന്നു വ്യക്തമാവുന്ന തെളിവുകൾ അനേകം പുറത്തുവന്നിട്ടും നടപടികളൊന്നും ഉണ്ടായില്ല. ഇന്നും ആ വംശഹത്യയിലൂടെ ഹിന്ദുത്വവികാരം വളർത്തിയെടുത്തു മുസ്ലിംവിരുദ്ധത പ്രചരിപ്പിക്കുകയാണ് ബിജെപിയും സംഘപരിവാർ സംഘടനകളും.

2002 ലെ ഗുജറാത്തിലെ മുസ്ലിം വംശഹത്യകാലത്ത് ഒമ്പതുമാസം ഗര്‍ഭിണിയായിരുന്നു കൗസര്‍ബാനു. സംഘ് തീവ്രവാദികളുടെ ക്രൂരമായ ആക്രമണത്തിനാണ് കൗസർ ഇരയായത്. കൗസറിനെ അവർ വലിച്ചിഴച്ച് വയറ്റില്‍ ത്രിശൂലം കുത്തിക്കയറ്റി ഭ്രൂണാവസ്ഥയിലെ കുഞ്ഞിനെ പുറത്തെടുത്ത് അടുത്തുള്ള തീയിലേക്ക് വലിച്ചെറിഞ്ഞു. പിടഞ്ഞുവീണ കൗസര്‍ബാനുവിനെയും ജീവനോടെ കത്തിച്ചു.

2002ലെ ഗുജറാത്തിലെ മുസ്ലിം വംശഹത്യയില്‍ ഏറ്റവും ഭീകരമായ ഒന്നായിരുന്നു ബിൽകിസ് ബാനു ബലാത്സംഗക്കേസ്. മാർച്ച് മൂന്നിന് 19കാരിയായ അഞ്ചുമാസം ഗർഭിണിയായ ബില്‍ക്കീസിനെ ഒരു സംഘം ബലാത്സംഗം ചെയ്യുകയും കുടുംബത്തിലെ 14 പേരെ കൊലപ്പെടുത്തുകയും ചെയ്യുകയായിരുന്നു. കൊല്ലപ്പെട്ടവരിൽ അവരുടെ മൂന്നുവയസ്സുള്ള മകളും മാതാവ് ഹലിമയും ബന്ധു ഷമീമും ഉൾപ്പെടുന്നു.

‘ഉമ്മയെ എന്റെ മുന്നിൽ വെച്ച് തന്നെ ക്രൂരമായി കൊന്നു. മൂന്ന് വയസ്സുള്ള എന്റെ കുഞ്ഞിനെ ദൂരേക്ക് വലിച്ചെറിഞ്ഞു. അവളുടെ തല കല്ലില്‍ തട്ടി തെറിക്കുകയായിരുന്നു. മരിച്ചെന്ന് കരുതി അവർ ഉപേക്ഷിച്ച് പോയ ഞാന്‍ ഒരു കുന്നിൻ മുകളിൽ കിടന്നത് ഒന്നര ദിവസമായിരുന്നു.’ ബില്‍ക്കീസ് ബാനുവിന്റെ വാക്കുകളാണ്.

സംഭവത്തിൽ സുപ്രീംകോടതി സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ടു. മുംബൈ കോടതിയിൽ ആറ് പൊലീസ് ഉദ്യോഗസ്ഥരും ഒരു സർക്കാർ ഡോക്ടറുമുൾപ്പെടെ 19 പേർക്കെതിരെയായിരുന്നു കേസ്. 2008 ജനുവരിയിൽ അവരിൽ 11 പേർക്ക് കൂട്ടബലാത്സംഗത്തിനും കൊലപാതകത്തിനും ജീവപര്യന്തം ശിക്ഷ ലഭിച്ചു. സംഭവം ആസൂത്രണം ചെയ്ത് നടപ്പാക്കുന്നതിൽ മുഖ്യപങ്ക് വഹിച്ചെന്നുകരുതുന്ന ജസ്വന്ത്ഭായ് നായ്, ഗോവിന്ദ്ഭായ് നായ്, രാധേശാം ഷാ എന്നിവർക്ക് വധശിക്ഷ നൽകണമെന്ന് 2011 ജൂലൈയിൽ സി.ബി.ഐ ആവശ്യപ്പെട്ടിരുന്നു. ബില്‍ക്കീസിനെ ക്രൂരമായി ബലാല്‍സംഗം ചെയ്യുകയും കുടുംബാംഗങ്ങളടക്കം 13 പേരെ കൊല്ലപ്പെടുത്തുകയും ചെയ്തവരുടെ വധശിക്ഷ ബോംബൈ ഹൈക്കോടതി തള്ളിയിരുന്നു.  15 വർഷമായി ബിൽകിസ് ബാനു നീതി തേടി പ്രാദേശിക പൊലീസ്, സന്നദ്ധസംഘടന, സി.ബി.ഐ, കോടതികൾ എന്നിവയുടെ സഹായം തേടുന്നു.

 

കടപ്പാട്: മക്തൂബ് മീഡിയ

LEAVE A REPLY

Please enter your comment!
Please enter your name here