മക്കയെ ‘മക്കേശ്വര്‍ മഹാദേവ മന്ദിര്‍’, താജ് മഹലിന് ‘തേജോ മഹാലയ ക്ഷേത്രവും എന്നാക്കിയ ഹിന്ദു മഹാസഭയുടെ കലണ്ടര്‍ വിവാദമാകുന്നു

0

ആഗ്ര: (www.k-onenews.in) മക്കയും മുഗള്‍ സ്മാരകങ്ങളും ഏഴു മുസ്‌ലീം പള്ളികളും ‘ഹിന്ദു ക്ഷേത്ര’ങ്ങളെന്ന് നാമകരണം ചെയ്ത കലണ്ടറുമായി ഹിന്ദു മഹാസഭ. ഹിന്ദു മഹാസഭയുടെ അലിഗഢ് യൂണിറ്റ് ഞായറാഴ്ച്ചയാണ് കലണ്ടര്‍ പുറത്തിറക്കിയത്.

 

 

താജ് മഹലിന് ‘തേജോ മഹാലയ ക്ഷേത്രം’ എന്നു നാമകരണം ചെയ്ത കലണ്ടറില്‍ മക്കയിലെ മുസ്‌ലീം ആരാധനാലയത്തെ ‘മക്കേശ്വര്‍ മഹാദേവ മന്ദിര്‍’ എന്നും മധ്യപ്രദേശിലെ കമല്‍ മൗലാ മസ്ജിദിനെ ‘ഭോജ്ശാല’ എന്നും കാശിയിലെ ഗ്യാന്‍വാപി പള്ളിയെ ‘വിശ്വനാഥ ക്ഷേത്രം’ എന്നുമാണ് വിശേഷിപ്പിച്ചിട്ടുള്ളത്. മെഹ്‌റൗളിയിലെ കുത്തബ് മിനാര്‍ കലണ്ടറില്‍ ‘വിഷ്ണു സ്തംഭ’വും ജൗന്‍പൂരിലെ അട്ടലാ പള്ളി ‘അത്‌ല ദേവി ക്ഷേത്ര’വുമാണ്. അയോധ്യയിലെ തകര്‍ക്കപ്പെട്ട ബാബരി മസ്ജിദിനെ ‘രാമജന്മഭൂമി’ എന്നും വിശേഷിപ്പിച്ചിരിക്കുന്നു.

 

 

‘ഞങ്ങള്‍ ഈ രാഷ്ട്രത്തെ ഒരു ഹിന്ദുരാഷ്ട്രമാക്കി മാറ്റാന്‍ തീരുമാനം എടുത്തിട്ടുണ്ട്’, ഹിന്ദു മഹാസഭയുടെ ദേശീയ സെക്രട്ടറി പൂജ ശകുന്‍ പാണ്ഡേ പറഞ്ഞു. പണ്ട് ഭാരതത്തെ കൊള്ളയടിച്ച വിദേശികള്‍ ഹിന്ദു ആരാധനാലയങ്ങള്‍ തട്ടിയെടുത്ത് പേരുകള്‍ മാറ്റി അവയെ പള്ളികളാക്കുകയായിരുന്നു. കലണ്ടറില്‍ പാമര്‍ശിച്ചിട്ടുള്ള അവയുടെ യഥാര്‍ത്ഥ പേരുകളിലേക്ക് തിരികെകൊണ്ടുവന്ന് ഹിന്ദുക്കള്‍ക്ക് തിരിച്ചുനല്‍കണമെന്നായിരുന്നു പൂജ ശകുന്‍ പാണ്ഡേയുടെ വാദം. ഇന്ത്യയെ ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കണമെന്ന തങ്ങളുടെ ആവശ്യത്തെ സര്‍ക്കാര്‍ അംഗീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

‘ഈ വാദങ്ങള്‍ യാതൊരു കഴമ്പുമില്ലാത്തവയാണ്’, ആള്‍ ഇന്ത്യ മുസ്‌ലീം പേഴ്‌സണല്‍ ലോ ബോര്‍ഡിന്റെ (എ.ഐ.എം.പി.എല്‍.ബി) എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ഇമാം ഇ-ഈദ്ഗാഹ് മൗലാന ഖാലിദ് റഷീദ് ഫിരംഗി മഹാലി പ്രതികരിച്ചു. ഇത്തരത്തിലുള്ള അവകാശവാദങ്ങളെ കൊണ്ട് ഇന്ത്യയിലെ സമാധാന അന്തരീക്ഷം തകര്‍ക്കാനും വര്‍ഗവിദ്വേഷം പ്രചരിപ്പിക്കാനും ശ്രമിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

 

 

LEAVE A REPLY

Please enter your comment!
Please enter your name here