ദുരഭിമാനക്കൊല; ഗര്‍ഭിണിയായ ഭാര്യയുടെ മുന്നിലിട്ട് ഭര്‍ത്താവിനെ വെട്ടിക്കൊന്നു

0

തെലങ്കാന: (www.k-onenews.in) സമൂഹമനസാക്ഷിയെ ഞെട്ടിച്ച് രാജ്യത്ത് വീണ്ടും ദുരഭിമാനക്കൊല. നടുറോട്ടില്‍ ഗര്‍ഭിണിയായ ഭാര്യയുടെ മുന്നിലിട്ടാണ് യുവാവിനെ വെട്ടിക്കൊന്നത്. തെലങ്കാനയിലെ നാല്‍ഗൊണ്ട ജില്ലയിലാണ് സംഭവം.

ജ്യോതി ആശുപത്രിയില്‍ നിന്നും മെഡിക്കല്‍ ചെക്കപ്പിന് ശേഷം ഭാര്യ അമൃതയുമായി പുറത്തിയപ്പോഴായിരുന്നു പ്രണയ് എന്ന യുവാവ് ആക്രമിക്കപ്പെട്ടത്. രണ്ട് പേരും ആശുപത്രിയില്‍ നിന്ന് സംസാരിച്ച് പുറത്തിറങ്ങുന്നതും ഇവരുടെ പിറകെ തന്നെ ആയുധവുമായി ഒരാള്‍ എത്തുന്നതും പിറകില്‍ നിന്ന് പ്രണയിയെ വെട്ടുകയുമായിരുന്നു.

വെട്ടേറ്റ് നിലത്ത് വീണ പ്രണയിയെ അക്രമി വീണ്ടും ദേഹത്ത് വെട്ടുന്നുണ്ട്. തടുക്കാനായി അമൃത എത്തുകയും വെട്ടുന്നത് കണ്ട് ഭയന്ന് ആശുപത്രിയിലേക്ക് ഓടിക്കയറുന്നതും ദൃശ്യങ്ങളില്‍ കാണാം. ആക്രമണത്തിന്റെ ഞെട്ടിക്കുന്ന സി.സി ടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്.

ആറുമാസം മുമ്പായിരുന്നു പ്രണയുടെയും അമൃതയുടേയും വിവാഹം. ഇരുവരും വ്യത്യസ്ത ജാതിയില്‍പ്പെട്ടവരായിരുന്നു. വീട്ടുകാരുടെ എതിര്‍പ്പിനെ മറികടന്നായിരുന്നു വിവാഹം.

സവര്‍ണ വിഭാഗത്തില്‍ പെടുന്ന അമൃത മറ്റൊരു വിഭാഗത്തിലെ യുവാവിനെ വിവാഹം ചെയ്യുന്നതിനെതിരെ അമൃതയുടെ കുടുംബം രംഗത്തെത്തിയിരുന്നു.

കൊലപാതകത്തിന് പിന്നില്‍ പെണ്‍കുട്ടിയുടെ വീട്ടുകാരാണെന്ന് പ്രണയുടെ കുടുംബം ആരോപിച്ചു. പ്രതികള്‍ക്കായി ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയതായി പൊലീസ് വ്യക്തമാക്കി.

കൊലപാതകവുമായി ബന്ധപ്പെട്ട് റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരനായ അമൃതയുടെ പിതാവ് മാരുതി റാവുവിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രണയുടെ വീട്ടുകാര്‍ സ്റ്റേഷന് മുന്നില്‍ പ്രതിഷേധിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here