ഇടുക്കി ജില്ലാ ആശുപത്രിയിൽ ആഴ്ചകളോളമായി യന്ത്രങ്ങൾ തകരാറിൽ; എക്സ്റേയും സ്കാനിങ്ങുമില്ല; രോഗികൾ ഗതികേടിൽ

0
0

ഇടുക്കി: (www.k-onenews.in) ജില്ലാ ആശുപത്രിയിലെ എക്സ്റേ യൂണിറ്റും അൾട്രാ സൗണ്ട് സ്കാനിങ്ങ് യന്ത്രവും തകരാറിൽ ആയിട്ടും അധികൃതരുടെ അവഗണന. നാലിരട്ടി തുക മുടക്കി എക്സറേയും സ്കാനിങ്ങും നടത്തേണ്ട ഗതികേടിലാണ് പാവപ്പെട്ട രോഗികൾ. രണ്ടാഴ്ചയായി തൊടുപുഴയിലുള്ള ജില്ലാ ആശുപത്രിയില്‍ എക്സ്റേ എടുക്കാൻ വരുന്നവരുടെ പരാതിയാണിത്. ബിപിഎൽ വിഭാഗത്തിലുള്ളവ‍ർക്ക് 60 രൂപ മുതൽ 120 രൂപ വരെ ആയിരുന്നു എക്സ്റേ എടുക്കുന്നതിനുള്ള ചാർജ്ജ്.

പ്രവർത്തനം നിലച്ചതോടെ എക്സ്റേ എടുക്കേണ്ടവർ വൻതുക മുടക്കി മറ്റ് സ്വകാര്യ സ്ഥാപനങ്ങളെ ആശ്രരയിക്കേണ്ട അവസ്ഥയാണ്. ഒരു മാസത്തിലധികമായി അൾട്രാ സൗണ്ട് സ്‍കാനിങ്ങ് യന്ത്രം തകരാറിലായിട്ട്. സ്കാനിങ്ങില്‍ കൃത്യമായ വിവരം ലഭിക്കാത്തതിനാൽ വളരെ അത്യാവശ്യ ഘട്ടങ്ങളിൽ മാത്രമേ ഈ യന്ത്രം ഇപ്പോൾ ഉപയോഗിക്കുന്നുള്ളൂ. ഗർഭിണികൾ ഉൾപ്പെടെയുവർ വൻ തുക മുടക്കി സ്കാനിങ് സെന്‍ററുകളെ ആശ്രയിക്കേണ്ട ഗതികേടിലാണ്.

സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിലുള്ള യന്ത്രങ്ങൾ നന്നാക്കാൻ കരാ‌ർ നൽകിയിരിക്കുന്നത് കിർലോസ്ക്കർ എന്ന കമ്പനിക്കാണ്. ഇവർ യഥാസമയം നന്നാക്കാത്തതാണ് ഇതിനു കാരണമെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. സർക്കാർ തലത്തിൽ ഇടപെടൽ ഉണ്ടായില്ലെങ്കിൽ ആശുപത്രി യന്ത്രങ്ങളുടെ കേടുപാടുകൾ തീ‍ർക്കുന്നത് അനന്തമായി നീണ്ടു പോകും.

LEAVE A REPLY

Please enter your comment!
Please enter your name here