2019 ലെ വിജയം പ്രവചിച്ച് മോദി; മൂന്ന് വര്‍ഷത്തിന് ശേഷം ഉദ്ഘാടനത്തിന് കാണാമെന്ന് തറക്കല്ലിടല്‍ ചടങ്ങില്‍ പ്രഖ്യാപനം

0

ഭുവനേശ്വര്‍: (www.k-onenews.in) 2019 ല്‍ ബി.ജെ.പി തന്നെ വീണ്ടും അധികാരത്തിലെത്തുമെന്ന് ഉറപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒഡീഷയിലെ താല്‍ച്ചര്‍ ഫെര്‍ടിലൈസര്‍ പ്ലാന്റിന് തറക്കല്ലിട്ട ശേഷം സംസാരിക്കവേയാണ് മോദി ലോക്‌സഭാ തെരഞ്ഞെടുപ്പിലെ വിജയം പ്രവചിച്ചത്.

മൂന്ന് വര്‍ഷത്തിന് ശേഷം പദ്ധതി ഉദ്ഘാടനം ചെയ്യാന്‍ താന്‍ വീണ്ടുമെത്തുമെന്നായിരുന്നു 2019 ല്‍ വിജയം ഉറപ്പിച്ചവണ്ണമുള്ള മോദിയുടെ പ്രസ്താവന.

മുഖ്യമന്ത്രി നവീന്‍ പട്‌നായിക്, കേന്ദ്രമന്ത്രിമാരായ ജോള്‍ ഒറാം, ധര്‍മേന്ദ്ര പ്രധാന്‍ തുടങ്ങിയവരും ബി.ജെ.പിയുടെ ദങ്കനല്‍ എം.പി തദാംഗത സത്പതിയും വേദിയിലുണ്ടായിരുന്നു.

”ഞാന്‍ എവിടെ പദ്ധതി ഉദ്ഘാടനം ചെയ്യാന്‍ പോയാലും നിങ്ങള്‍ എന്ന് ഉത്പാദനം തുടങ്ങാനാകുമെന്നാണ് ചോദിക്കാറ്. ഇവിടേയും ഞാനത് ചോദിച്ചു. പണി പൂര്‍ത്തിയാകാന്‍ 36 മാസം എടുക്കുമെന്നാണ് ഉദ്യോഗസ്ഥര്‍ എന്നോട് പറഞ്ഞത്.

തല്‍ച്ചറിലേയും ഒഡീഷയിലേയും ജനങ്ങള്‍ക്ക് ഞാന്‍ ഉറപ്പ് നല്‍കുകയാണ്. 36 മാസത്തിന് ശേഷം ഞാന്‍ തന്നെ വന്ന് ഇത് നിങ്ങള്‍ക്കായി സമര്‍പ്പിക്കും- മോദി പറഞ്ഞു.

ആയുഷ്മാന്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് സ്‌കീമുമായി ഒഡീഷയിലെ ജനങ്ങളെ ബന്ധിപ്പിക്കണമെന്നും മുഖ്യമന്ത്രി നവീന്‍ പട്‌നായികിനോട് മോദി ആവശ്യപ്പെട്ടു. കേന്ദ്രസര്‍ക്കാര്‍ ജനങ്ങള്‍ക്കായി നിരവധി പദ്ധതികള്‍ക്ക് രൂപം നല്‍കിയിട്ടുണ്ടെന്നും അതെല്ലാം ജനങ്ങള്‍ക്ക് ലഭ്യമാകുന്നുണ്ട് എന്ന് മുഖ്യമന്ത്രി ഉറപ്പുവരുത്തണമെന്നും മോദി പറഞ്ഞു.

ഏറെ നാളായുള്ള ജനങ്ങളുടെ ആഗ്രഹം സാധിപ്പിച്ചു തന്ന കേന്ദ്രസര്‍ക്കാരിനോടുള്ള നന്ദി പട്‌നായിക് അറിയിച്ചു. ഈ പ്ലാന്റ് ജനങ്ങള്‍ക്ക് എന്തുകൊണ്ടും ഗുണം ചെയ്യും. ഇവിടുത്തെ 68ശതമാനം ഭൂമിയും കൃഷി ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതാണ്. ദേശീയ ശരാശരിയുടെ പകുതിയാണ് ഇത്. ഒഡീഷയിലെ കര്‍ഷകര്‍ ആന്ധ്രയില്‍ നിന്നും ഉത്തര്‍പ്രദേശില്‍ നിന്നും മഹാരാഷ്ട്രയില്‍ നിന്നും യൂറിയ വരുന്നതിന് കാത്തുനില്‍ക്കാറെന്നും അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here