‘അങ്ങനെ ഒരു തീവ്രവാദി-ജിഹാദി കൂടി തീര്‍ന്നു’; ഇര്‍ഫാന്‍ ഖാന്റെ മരണത്തില്‍ വിദ്വേഷവും വിഷവും തുപ്പി സംഘപരിവാര്‍

0
0

മുംബൈ: (www.k-onenews.in) ഇന്ത്യന്‍ സിനിമാലോകത്തില്‍ നികത്താനാവാത്ത നഷ്ടമായ നടന്‍ ഇര്‍ഫാന്‍ ഖാന്റെ വിയോഗത്തില്‍ വിദ്വേഷം പ്രചരിപ്പിച്ചിച്ചും ആഘോഷിച്ചും സംഘപരിവാര്‍ പ്രവര്‍ത്തകര്‍. ട്വിറ്ററും ഫേസ്ബുക്കും അടക്കമുള്ള സോഷ്യല്‍മീഡിയകളിലൂടെയാണ് വിദ്വേഷ പരാമര്‍ശങ്ങള്‍. ബിജെപിക്കെതിരെയോ സംഘപരിവാറിനെതിരെയോ മോദി സര്‍ക്കാരിനെതിരെയോ യാതൊരു വിമര്‍ശനവും ഉന്നയിക്കാത്ത നടനായിട്ടു കൂടി അദ്ദേഹത്തിന്റെ സ്വത്വം മുന്‍നിര്‍ത്തിയുള്ള വംശീയ ആക്രമണത്തെ ഞെട്ടലോടെയാണ് അദ്ദേഹത്തെ സ്‌നേഹിക്കുന്നവര്‍ കാണുന്നത്.

Also Read: നടന്‍ ഇര്‍ഫാന്‍ ഖാന്‍ അന്തരിച്ചു

‘ഒരു തീവ്രവാദി കൂടി തീര്‍ന്നു, ഹഹഹ’ എന്നാണ് ചന്ദ്രശേഖര്‍ യാദവ് എന്നയാളുടെ ട്വീറ്റ്. ടിവി അവതാരകന്‍ അനുരാഗ് മുസ്‌കാന്റെ ട്വീറ്റ് റീട്വീറ്റ് ചെയ്തുകൊണ്ടായിരുന്നു ഇയാളുടെ വിദ്വേഷ പരാമര്‍ശം. ‘ഒരു കോമാളി കൂടി പോയി’ എന്നാണ് പന്നിയുടെ ചിത്രം ഉള്‍പ്പെടുത്തിയുള്ള റോക്കി ബന്ന എന്ന ട്വിറ്റര്‍ ഹാന്‍ഡിലില്‍ നിന്നുള്ള പരാമര്‍ശം. ‘ഇന്നത്തെ സന്തോഷ വാര്‍ത്തയാണ് ഇത്’ എന്നും ‘നരകത്തില്‍ വിശ്രമിക്കൂ’ എന്നുമാണ് ഇയാള്‍ പറയുന്നത്.

‘നടന്‍ ഇര്‍ഫാന്‍ ഖാന്‍ ഇപ്പോള്‍ ഈ ഭൂമിയില്‍ ഇല്ല. ഭാരതത്തില്‍ നിന്നും ഒരു ജിഹാദി തീര്‍ന്നു’ എന്നാണ് സഞ്ജനാ ഹിന്ദു എന്ന ഫേസ്ബുക്ക് ഐഡിയില്‍ നിന്നുള്ള വിദ്വേഷ-വംശീയ പോസ്റ്റ്. ഇര്‍ഫാന്‍ ഖാന് ആദരാജ്ഞലികള്‍ അര്‍പ്പിച്ചുള്ള രജ്ദീപ് സര്‍ദേശായിയുടെ ട്വീറ്റ് റീട്വീറ്റ് ചെയ്ത് 100% ഹിന്ദുസ്ഥാനി എന്ന ട്വിറ്റര്‍ ഹാന്‍ഡിലില്‍ നിന്നും വംശീയ കമന്റുണ്ടായിട്ടുണ്ട്. ‘വരൂ, ഒരു മുസ്‌ലിം കൂടി തീര്‍ന്നു’ എന്നാണ് ഇയാളുടെ ട്വീറ്റ്.

വന്‍കുടലിന് അണുബാധയേറ്റ് കഴിഞ്ഞദിവസം ആശുപത്രിയിലായ ഇര്‍ഫാന്‍ ഖാന്‍ ഇന്നാണ് മരണത്തിനു കീഴടങ്ങിയത്. ഇന്ത്യന്‍ സിനിമാലോകം ഏറെ ബഹുമാനത്തോടെയും ആദരവോടെയും കണ്ടിരുന്ന അഭിനയ പ്രതിഭയായിയിരുന്നു ഇര്‍ഫാന്‍ ഖാന്‍. അപൂര്‍വ രോഗമായ ന്യൂറോ എന്‍ഡോക്രൈന്‍ ട്യൂമര്‍ ബാധിച്ച് ഒരിക്കല്‍ മരണത്തിലേക്ക് നടന്നതാണ് ഇര്‍ഫാന്‍. പക്ഷേ എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് അയാള്‍ തിരിച്ച് വരികയായിരുന്നു.

2011ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ച അദ്ദേഹം അതേ വര്‍ഷം പാന്‍സിങ് തോമറിലെ അഭിനയത്തിന് മികച്ച നടനുള്ള ദേശീയ പുരസ്‌കാരം നേടിയ അതുല്യ നടനാണ്. 2013ല്‍ പുറത്തിറങ്ങിയ ഇര്‍ഫാന്‍ ചിത്രം ദ ലഞ്ച് ബോക്‌സ് വന്‍ വിജയമായിരുന്നു. 2014ല്‍ അമിതാഭ് ബച്ചനും ദീപിക പദുക്കോണും അണിനിരന്ന പികുവില്‍ പ്രധാന കഥാപാത്രം ചെയ്തും ഇര്‍ഫാന്‍ വിസ്മയിപ്പിച്ചിരുന്നു. 2001ല്‍ ദ വാരിയറിലൂടെയാണ് ഇര്‍ഫാന്റെ സിനിമാപ്രവേശം. 2005ല്‍ റോഗില്‍ പ്രധാന വേഷം ചെയ്ത് ഇര്‍ഫാന്‍ ബോളിവുഡില്‍ കാലുറപ്പിച്ചു. സ്ലം ഡോഡ് മില്യനയര്‍, ദ അമേസിങ് സ്‌പൈഡര്‍ മാന്‍, ലൈഫ് ഓഫ് പൈ, ജുറാസിക് വേള്‍ഡ് തുടങ്ങിയ ഹോളിവുഡ് ചിത്രങ്ങളിലും അദ്ദേഹം വേഷമിട്ടു. 

2017ല്‍ പ്രദര്‍ശനത്തിനെത്തിയ ഖാന്‍ ചിത്രം ഹിന്ദി മീഡിയവും വിജയക്കൊടുമുടി കയറി. ഇതിനിടെ അദ്ദേഹത്തിന് അര്‍ബുദബാധയുണ്ടായി. എന്നാല്‍ ആത്മബലം കൊണ്ടും ലണ്ടനിലെ മികച്ച ചികിത്സകൊണ്ടും അദ്ദേഹം അഭിനയരംഗത്ത് തിരികെയെത്തി. 2018ല്‍ ദുര്‍ഖര്‍ സല്‍മാന്‍, മിതില പാര്‍ക്കര്‍, കൃതി ഖര്‍ബന്ദ എന്നിവര്‍ക്കൊപ്പം കര്‍വാന്‍ എന്ന ചിത്രത്തില്‍ ഇര്‍ഫാന്‍ പ്രധാനവേഷത്തിലെത്തി. അംഗ്രേസി മീഡിയമാണ് ഇര്‍ഫാന്റെ അവസാനചിത്രം. 2020 മാര്‍ച്ച് 13നായിരുന്നു ചിത്രം പ്രദര്‍ശനത്തിനെത്തിയത്.

Also Read: ട്വിറ്ററിൽ മോദിയെയും രാഷ്ട്രപതിയേയും അൺഫോളോ ചെയ്ത് വൈറ്റ് ഹൗസ്

ഏതാനും ദിവസം മുമ്പായിരുന്നു ഇര്‍ഫാന്റെ മാതാവ് സഈദ ബീഗം മരിച്ചത്. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ മൂലം ഇര്‍ഫാന് സംസ്‌കാരച്ചടങ്ങില്‍ പങ്കെടുക്കാന്‍ പോലുമായിരുന്നില്ല. അതിലദ്ദേഹം തെല്ലും പരിഭാവം കാട്ടിയില്ല. എന്റെ ഉമ്മ പോയി എന്ന് മാത്രം ലോകത്തോട് പറഞ്ഞു. അപ്പോഴും തനിക്ക് വേണ്ടി പ്രാര്‍ഥിക്കാന്‍ ഇര്‍ഫാന്‍ ഖാന്‍ ആവശ്യപ്പെട്ടില്ല. ഒടുവില്‍ മാതാവിനു പിന്നാലെ ഇര്‍ഫാനും അപ്രതീക്ഷിതമായി ജീവിതത്തോട് വിട പറയുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here