“മുസ്‌ലിം സമൂഹത്തിനു സ്വന്തം ഐഡന്റിറ്റി അനുവദിക്കാതെ നശിപ്പിച്ചുകളയാമെന്നൊരു ധാരണ ഈ കൂട്ടിയിണക്കിപ്പറച്ചിലിനുണ്ട്”., ഇസ്‌ലാമും കമ്മ്യൂണിസ്റ്റ് പ്രചാരണവും അഡ്വ: എം എം റഫീഖ് എഴുതുന്നു

0

ഇസ്‌ലാമും കമ്മ്യൂണിസ്റ്റ് പ്രചാരണവും

അഡ്വ: എം എം റഫീഖ്

www.k-onenews.in

ഈജിപ്ത്, സിറിയ, ഇറാഖ് തുടങ്ങിയ രാജ്യങ്ങളില്‍ നോക്കി ഇസ്‌ലാമിനെ കാണുന്ന കമ്മ്യൂണിസ്റ്റ് ചിന്തകരും അതിനെ തൊണ്ടതൊടാതെ വിഴുങ്ങുന്ന സഖാക്കളും ബുദ്ധിജീവികളും രാഷ്ട്രീയ ഇസ്ലാമിനെക്കുറുച്ച്‌ വീണ്ടും ചര്‍ച്ച തുടങ്ങിയിരിക്കുന്നു. മഹാരാജാസ് കോളജ് സംഭവവികാസത്തെ തുടര്‍ന്നാണ് പൊളിറ്റിക്കല്‍ ഇസ്്‌ലാമിനെക്കുറിച്ച ചര്‍ച്ചകള്‍ നാടുനീളെ ആരംഭിച്ചിരിക്കുന്നത്.

കേരളത്തിലെ ഇടതു ബുദ്ധിജീവികളൊക്കെ ആരാണ്ടൊക്കെയോ പറഞ്ഞുവച്ച സിദ്ധാന്തങ്ങളെ അതേപടി കേരളത്തിലെയും ഇന്ത്യയിലെയും ഇസ്്‌ലാമിക സംഘടനകള്‍ക്കുമേലും ഇസ്‌ലാമിനുമേലും ആരോപിച്ച് ജനതയെ വിജ്ഞാനികളാക്കാനുള്ള ഭഗീരഥ യത്‌നം ഏറ്റെടുത്തിരിക്കുകയാണ്. മുസ്‌ലിം ബ്രദര്‍ഹുഡുമായും ഈജിപ്ഷ്യന്‍ രാഷ്ട്രീയവുമായും ബന്ധപ്പെടുത്തി ഇന്ത്യയിലെ ഇസ്്‌ലാമിനെയും ഇസ്‌ലാമിക ചലനങ്ങളെയും വ്യവഹരിക്കാനുള്ള ശ്രമകരമായ യജ്ഞമാണ് കേരളത്തില്‍ നടക്കുന്നത്. വര്‍ഗീയത തുലയട്ടെ എന്ന മുദ്രാവാക്യം അതിരുകള്‍ ഭേദിച്ച് സാര്‍വലൗകിക പ്രഖ്യാപനമായി മാറാനുള്ള സാധ്യത ഏറെയാണ്. ഈജിപ്ഷ്യന്‍ രാഷ്ട്രീയമോ അവിടത്തെ ഇസ്്‌ലാമോ ഇസ്്‌ലാമിക സംഘങ്ങളോ അതുമല്ലെങ്കില്‍ ആ സമൂഹമോ നമ്മുടെ നാട്ടില്‍ നിന്ന് എത്രമാത്രം ഭിന്നമായ തരത്തിലാണ് രൂപീകരിക്കപ്പെടുകയും പ്രവര്‍ത്തിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നത്. പക്ഷേ, മുസ്‌ലിം സമൂഹത്തിനു സ്വന്തം ഐഡന്റിറ്റി അനുവദിക്കാതെ നശിപ്പിച്ചുകളയാമെന്നൊരു ധാരണ ഈ കൂട്ടിയിണക്കിപ്പറച്ചിലിനുണ്ട്.

പൊളിറ്റിക്കല്‍ ഇസ്‌ലാം അവതരിപ്പിക്കുന്നതിലൂടെ നേരത്തേയുണ്ടായിരുന്ന ‘നല്ല മുസ്്‌ലിം, ചീത്ത മുസ്്‌ലിം’ വ്യവഹാരങ്ങള്‍ക്കു കുറച്ചുകൂടി സൈദ്ധാന്തികവും ആശങ്കാകുലവുമായ ഇടം നല്‍കാന്‍ ഇടതു ചിന്തകര്‍ ശ്രമിക്കുകയാണ്. കേരളത്തിലേക്കും ഈ നല്ല/ചീത്ത സങ്കല്‍പം മഹാരാജാസിന്റെ ചെലവില്‍ കെട്ടിയെഴുന്നള്ളിക്കപ്പെടുകയാണ്. അതുകൊണ്ടുതന്നെ ഇപ്പോള്‍ ആ ചര്‍ച്ചയില്‍ നല്ല മുസ്‌ലിമിന്റെ കൂടെ നില്‍ക്കുകയാണ് ഭംഗിയെന്നു മുസ്്‌ലിം നേതൃത്വം, അല്ലെങ്കില്‍ സംഘടനകള്‍ ധരിച്ചുപോയെങ്കില്‍ അതിനു പിന്നില്‍ ഭയത്തിന്റെയോ അരുക്കാക്കപ്പെടലിന്റെയോ ആശങ്കകള്‍ തന്നെ. അതിനു ഭാവിയില്‍ മുസ്‌ലിംകള്‍ ഒരു സമുദായമെന്ന നിലയില്‍ വലിയ വില തന്നെ കൊടുക്കേണ്ടിവരും.

‘സമുദായത്തിനു വേണ്ടി തെരുവിലിറങ്ങാന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല’ എന്ന കാന്തപുരം എ പി അബൂബക്കര്‍ മുസ്്‌ല്യാരുടെ പ്രസ്താവന ഇടതു ലിബറല്‍ മതേതരം എന്നൊക്കെ ഓമനപ്പേരിട്ട കോളങ്ങളില്‍ വലിയ സ്വീകാര്യത കിട്ടിയ ഒന്നാണ്. ഇടക്കാലാശ്വാസമെന്ന നിലയില്‍ അതിനോടു മൂളുകയോ നന്നേ ചുരുങ്ങിയത് നെറ്റിചുളിക്കാതിരിക്കുകയോ ചെയ്യുന്നത് തീവ്രവാദത്തിനെതിരായ പോരാട്ടമായി ഗണിച്ചുകൊള്ളുമെന്ന സാത്വികബുദ്ധി അധികം ഗുണമൊന്നും ചെയ്യാനിടയില്ല. നമസ്‌കാരവും നോമ്പും മറ്റ് ആരാധനാകര്‍മങ്ങളും വേണമെങ്കില്‍ ഒപ്പം അല്‍പം പ്രഭാഷണമോ മന്ത്രതന്ത്രങ്ങളോ ആയാല്‍ നല്ല മുസ്്‌ലിമെന്ന ഇടതു ധാരയില്‍ അംഗത്വം കിട്ടും. അനാചാരത്തെയും അന്ധവിശ്വാസത്തെയും എതിര്‍ക്കുന്ന കാംപയിന്‍ പ്രഖ്യാപിക്കുമ്പോഴും ഉദ്ദിഷ്ട കാര്യത്തിന് ഉപകാരസ്മരണയായി ഇവരെയൊന്നും തൊടാതെ പോവാനുള്ള മെയ്്‌വഴക്കം കാണിക്കാന്‍ ഇടതനു നന്നായറിയാം. സംഗീതത്തെ എതിര്‍ക്കുകയും കണ്ണുകള്‍ മാത്രം കാണുന്ന കറുത്ത വസ്ത്രം ധരിക്കുകയും ചെയ്യുന്നത് പ്രാകൃതവും അപരിഷ്‌കൃതവുമൊക്കെയാണ്; വാക്കുകളിലും പുസ്തകങ്ങളിലും മനസ്സിലും പ്രവൃത്തിയിലും അതിനൊക്കെ മൗനാനുവാദവും പ്രോല്‍സാഹനവും നല്‍കാന്‍ കമ്മ്യൂണിസം പ്രസംഗിക്കുന്നവര്‍ക്കു മടിയേതുമില്ല.

പൊളിറ്റിക്കല്‍ ഇസ്‌ലാമെന്നത് അധികാരത്തിലിരിക്കുന്ന മുസ്്‌ലിംകളെക്കുറിച്ചാണോ സ്വാതന്ത്ര്യത്തിനു വേണ്ടി സംസാരിക്കുന്ന മുസ്്‌ലിംകളെക്കുറിച്ചാണോ അതുമല്ലെങ്കില്‍ നീതിക്കുവേണ്ടി പോരാടുന്ന മുസ്്‌ലിംകളെക്കുറിച്ചാണോ എന്നതിനനുസൃതമായിട്ടു വേണം അവതരിപ്പിക്കപ്പെടേണ്ടത്. ഇസ്്‌ലാമിക രാജ്യങ്ങളെന്നതും മുസ്‌ലിം രാജ്യങ്ങളെന്നതും വളരെയേറെ വ്യത്യാസമുള്ള സങ്കല്‍പനങ്ങളാണ്. ഇസ്്‌ലാമിന്റെ പേരില്‍ ഭരണം നടത്തുന്നവര്‍ക്കെതിരേ സമരം ചെയ്യുന്നവരും ഇസ്്‌ലാമിനെയാണ് അന്തര്‍ധാരയായി കൊണ്ടുനടക്കുന്നത്. ഭൂരിപക്ഷ മുസ്്‌ലിം പ്രദേശങ്ങളിലെ പൊളിറ്റിക്കല്‍ ഇസ്‌ലാമിനെയും ഇന്ത്യയിലെ ഇസ്‌ലാമിക സംഘടനകളെയും താരതമ്യം ചെയ്യുമ്പോള്‍ ആഗോള മാര്‍ക്‌സിസവും ഇന്ത്യന്‍ മാര്‍ക്‌സിസവും താരതമ്യം ചെയ്യുമ്പോള്‍ കാണിക്കേണ്ട വിശകലനാത്മകതയെങ്കിലും കാണിക്കണം.

രാഷ്ട്രീയ ഇസ്്‌ലാമെന്നത് ഇനിയുമേറെ ഘടകങ്ങള്‍ കൂടിച്ചേരേണ്ട ബൃഹത്തായ പദമാണ്. രാഷ്ട്രീയം എന്നത് ഇസ്‌ലാമിന് ഒഴിച്ചുകൂടാന്‍ വയ്യാത്ത ഒന്നാണ്. മദീനയില്‍ നിന്നു വന്നവരോട് പ്രവാചകന്‍ നടത്തിയ ഉടമ്പടികളോടെത്തന്നെ ആരംഭിക്കുന്ന ഒന്നാണത്. ബൗദ്ധികവും സാങ്കേതികവുമായ വിജ്ഞാനീയങ്ങളുടെ ചേര്‍ച്ചയില്‍ നിന്നാണ് ചുരുങ്ങിയ തലത്തിലെങ്കിലും രാഷ്ട്രീയ ഇസ്്‌ലാം വികാസം പ്രാപിക്കുന്നത്. മുസ്‌ലിം സമൂഹത്തിന്റെ ബൗദ്ധികമായ വളര്‍ച്ചയാണ് അതിന്റെ ആണിക്കല്ല്. ബൗദ്ധിക വളര്‍ച്ചയ്ക്കാവശ്യമായ പരിസരം വിശാലമായിരുന്ന ഒരു കാലത്ത് ഇസ്്‌ലാമിന് ചരിത്രപരമായ ദൗത്യം നിര്‍വഹിക്കാന്‍ അറച്ചുനില്‍ക്കേണ്ടിവന്നിട്ടില്ല. ആ പരിസരം എന്നു പറയുന്നത് സ്വാതന്ത്ര്യത്തിന്റെയും യുക്തിചിന്തയുടെയും പുരോഗതിയുടേയുമൊക്കെയാണ്.

ഈ വളര്‍ച്ചയുടെ പ്രൈമറി തലം പോലും കാണാതെ രാഷ്ട്രീയ സംജ്ഞകളെക്കുറിച്ചും രാഷ്ട്രസങ്കല്‍പത്തെക്കുറിച്ചുമൊക്കെ സംസാരിക്കുന്നവരെ നോക്കി ഇന്ത്യയിലെ ഇസ്്‌ലാമിക പ്രസ്ഥാനങ്ങളെ വിലയിരുത്തുകയും അവയോടു ചേര്‍ത്തുവച്ച് നിവര്‍ന്നുനില്‍ക്കാനായുന്ന ഇന്ത്യന്‍ മുസ്്‌ലിം ത്വരയെ കണ്ണുരുട്ടി നോക്കുകയും ചെയ്യുന്ന കമ്മ്യൂണിസ്റ്റ് വ്യാഖ്യാനങ്ങള്‍ ചരിത്രം പൊറുക്കാത്ത അന്യായമാണു ചെയ്യുന്നത്. ഇന്ത്യയുടെ സാമൂഹിക-സാംസ്‌കാരിക-രാഷ്ട്രീയ അവസ്ഥകളെയും ഇവിടത്തെ മുസ്‌ലിം-ബഹുജന്‍ സമൂഹത്തെയും വായിക്കുന്നിടത്ത് തുടക്കക്കാരായ കമ്മ്യൂണിസ്റ്റുകള്‍ക്കു സംഭവിച്ച അതേ പാളിച്ചകള്‍ തന്നെയാണ് ഇപ്പോഴും സംഭവിക്കുന്നത്.
ആഗോളതലത്തിലുള്ള ഇസ്്‌ലാമിക പ്രസ്ഥാനങ്ങളോട് ഇന്ത്യന്‍ മുസ്്‌ലിംകളുടെ അതിജീവനശ്രമങ്ങളെ ചേര്‍ത്തുവയ്ക്കാനുള്ള പെടാപ്പാടാണ് രാഷ്ട്രീയ ഇസ്്‌ലാമിനെക്കുറിച്ച് ഇത്രമേല്‍ വേവലാതിപ്പെടാന്‍ ഇടതുപക്ഷത്തെ പ്രേരിപ്പിക്കുന്നത്. താലിബാന്‍, ഇഖ്്‌വാനുല്‍ മുസ്്‌ലിമൂന്‍, ഹമാസ് എന്നിവയിലൂടെയൊക്കെ സഞ്ചരിച്ച് ഒടുവില്‍ മൗദൂദിയിലെത്തി സ്തംഭിച്ചുനില്‍ക്കും ഇടതുചിന്തകള്‍. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ അദ്ദേഹത്തിന്റെ ചിന്തകള്‍ എത്രത്തോളം സ്വാധീനം ചെലുത്തിയിട്ടുണ്ട്? ഇന്ത്യന്‍ മുസ്്‌ലിംകളുടെ ചിന്തകളിലോ പ്രവൃത്തികളിലോ ഈ ചിന്തകള്‍ക്ക് എത്രമാത്രം പിന്തുണ അവകാശപ്പെടാനുണ്ട്? ലോകത്തിലെ പൊളിറ്റിക്കല്‍ ഇസ്്‌ലാമെന്ന് ഇടതുപക്ഷം വിശേഷിപ്പിക്കുന്ന ആളുകളിലും സംഘടനകളിലും എത്രപേര്‍ ഈ ചിന്തകളുടെ ഉല്‍പന്നങ്ങളായിട്ടുണ്ട്? ഇതിനൊക്കെ കൃത്യമായി ഉത്തരം കണ്ടെത്താതെ ബാലകഥകളിലെ രക്ഷസ്സുകളെപ്പോലെ ചിലരെ നിരന്തരം അവതരിപ്പിച്ച് മാര്‍ക്‌സിസ്റ്റ് ബുദ്ധിജീവികള്‍ കാണിക്കുന്ന കോമിക്കുകള്‍ അവരെ സ്വയം അപഹാസ്യരാക്കാനേ ഉപകരിക്കൂ.

ഇന്ത്യയില്‍ ഇതുവരെ നടന്നതും ഇപ്പോള്‍ നടക്കുന്നതുമായ പൊളിറ്റിക്കല്‍ ഇസ്്‌ലാമിന്റെ (ഇടതിനോടു കടപ്പാട്) വ്യാഖ്യാനങ്ങള്‍ നോക്കുക. ബ്രിട്ടിഷ് ഭരണകാലത്തു നടന്ന ചലനങ്ങള്‍ നോക്കുക. എവിടെയാണ് ഇടതുപക്ഷം പറഞ്ഞ കൂട്ടരില്‍ നിന്ന് ഇന്ത്യന്‍ മുസ്‌ലിം നേതൃത്വം കടംകൊണ്ടത്? അബുല്‍കലാം ആസാദ്, മുഹമ്മദലി ജിന്ന, സയ്യിദ് അഹ്്മദ് ശഹീദ്, ഷാ വലിയുള്ളാ ദഹ്‌ലവി തുടങ്ങി ദേശീയതലത്തിലെ സമരനായകരിലോ സൈനുദ്ദീന്‍ മഖ്ദൂം, ഉമര്‍ഖാസി, ആലി മുസ്‌ല്യാര്‍ തുടങ്ങിയ പ്രാദേശിക സമരനായകരിലോ നടേ പറഞ്ഞ പ്രത്യയശാസ്ത്രങ്ങളുടെയും ചിന്തകരുടെയും സ്വാധീനം എത്രത്തോളം കാണാന്‍ കഴിയും? അധിനിവേശത്തോടു സന്ധിയില്ലാസമരം നടത്തി രക്തസാക്ഷിത്വത്തിന്റെ അമരത്വത്തിലേക്കു സഞ്ചരിക്കാനോ പോരാളികളുടെ സഞ്ചയങ്ങള്‍ രൂപീകരിക്കാനോ ഇവര്‍ക്ക് ഖുര്‍ആനില്‍ നിന്നും പ്രവാചകനില്‍ നിന്നും മാത്രമേ കടംകൊള്ളേണ്ടിവന്നിട്ടുള്ളൂ. ഇസ്‌ലാം നിഷിദ്ധമാക്കിയവയൊഴിച്ച് ബാക്കി മേഖലകളിലൊക്കെ നാടിനൊപ്പം നിന്നാണ് ഇവരൊക്കെ സഞ്ചരിച്ചിട്ടുള്ളത്.

ഇസ്്‌ലാമിക സമൂഹത്തിലോ മുസ്‌ലിം ഭൂരിപക്ഷ സമൂഹത്തിലോ ഉണ്ടായ സംഘടനാതത്ത്വങ്ങളും ഇന്ത്യയില്‍ എഴുതിയവയും തമ്മില്‍ ഒരുപാട് അന്തരമുണ്ടാവും; ഉണ്ടാവണം. അഥവാ ഈ അതിരിനെ ലംഘിക്കാന്‍ ശ്രമിക്കുന്നവരെ തിരുത്താന്‍ കഴിയുന്ന ഒരു കാലാവസ്ഥ ഇന്ത്യന്‍ അന്തരീക്ഷത്തില്‍ നിലനില്‍ക്കുന്നുമുണ്ട്. പക്ഷേ, സൈനുദ്ദീന്‍ മഖ്ദൂമിനെ ഇടതുപക്ഷത്തിന്റെ ഫഌക്‌സില്‍ സ്ഥാപിക്കുകയും ആലിമുസ്്‌ല്യാരെ കമ്മ്യൂണിസ്റ്റ് സമ്മേളന നഗരിയുടെ കവാടനാമമായി മാറ്റുകയും ചെയ്യുമ്പോള്‍ നിങ്ങള്‍ക്കിതാ ഉസാമാ ബിന്‍ ലാദിന്റെയും മൗദൂദിയുടെയും ഛായാചിത്രങ്ങള്‍ എന്ന് മാര്‍ജിനുകളില്‍ നിന്നു തലയുയര്‍ത്തിനോക്കുന്ന മുസ്‌ലിം സമുദായത്തിന്റെ മൂര്‍ധാവ് ലക്ഷ്യമാക്കി എറിഞ്ഞുകൊടുക്കുകയും ചെയ്യുന്നത് മിതമായി പറഞ്ഞാല്‍ കമ്മ്യൂണിസ്റ്റ് ഗൂഢാലോചനയല്ലാതെ മറ്റെന്താണ്?

രക്തം രക്തത്തെ തിരിച്ചറിഞ്ഞുകൊണ്ടാണ് ഇന്ത്യയില്‍ സ്വാതന്ത്ര്യത്തിനു മുമ്പും ശേഷവും വ്യവസ്ഥാപിത മുസ്്‌ലിം സംഘടനകളൊക്കെ പ്രവര്‍ത്തിച്ചിട്ടുള്ളത്. അതു വിറളിപിടിപ്പിക്കുക സവര്‍ണ മേല്‍ക്കോയ്മാ ബോധത്തെയാണ്. ഈ കാര്യത്തിലും ഇടതുപക്ഷത്തിന് ചില വീഴ്ചകള്‍ സംഭവിക്കുന്നു. ഇസ്്‌ലാമിക പ്രസ്ഥാനങ്ങളുടെ ഇത്തരം ബഹുജന്‍ മുന്നേറ്റങ്ങളെ സത്യസന്ധതയോടെ സമീപിക്കാന്‍ ഇടതുപക്ഷം ഇനിയും ഒരുപാടു വളരേണ്ടതുണ്ട്. മതസ്വത്വവാദമെന്നതു മറയാണ്, പരിസ്ഥിതി-കീഴാള-ദലിത് പിന്നാക്ക ഐക്യമെന്നത് മൂടുപടമാണ്, മനുഷ്യാവകാശമെന്നത് പ്രച്ഛന്നരൂപമാണ്- ഇത്തരത്തില്‍ മുസ്‌ലിം ചലനങ്ങളെ വിശകലനം ചെയ്യുന്നിടത്തേ ഇടതുധാരയ്ക്ക് എത്താന്‍ സാധിക്കുന്നുള്ളൂവെന്നത് ദു:ഖകരം തന്നെ. ഇസ്്‌ലാമിക് സംഘങ്ങള്‍ക്ക് ഇതിനൊന്നും സാധിക്കേണ്ടതില്ലെന്നും ശ്രമിച്ചാലും സാധിക്കില്ലെന്നും അവര്‍ ദൈനംദിന ‘ദീനികാര്യങ്ങളില്‍’ അടങ്ങി ജീവിക്കുകയാണു വേണ്ടതെന്നുമെന്നാണ് ഇതിന്റെ ധ്വനി.
മുസ്‌ലിം, ദലിത്, പരിസ്ഥിതി, കീഴാള, പിന്നാക്ക ഐക്യത്തെ കമ്മ്യൂണിസ്റ്റുകള്‍ ഭയപ്പെടുക സ്വാഭാവികമാണ്. അധികാരം കൈയിലുള്ളപ്പോള്‍ ആളും അര്‍ഥവും പ്രചാരണവും ഉപയോഗിച്ച് അതിനെ ആവുംവിധം തടയാന്‍ സാധിച്ചേക്കാം. പക്ഷേ, ഇന്ത്യയില്‍ ഈ സമൂഹങ്ങള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് അടിസ്ഥാനപരമായി തന്നെ ഒരു ചേര്‍ച്ചയുണ്ട്. മുസ്‌ലിം സമുദായത്തിലെ ജാതിവിഭജനത്തെ പര്‍വതീകരിച്ച് ഇവര്‍ക്ക് ജാതിക്കെതിരായി സംസാരിക്കാന്‍ കഴിയില്ലെന്ന ഒരു വാദം നിലനില്‍ക്കുന്നുണ്ട്. അതിന് ഇടതുധാരയ്ക്കു മാത്രമേ കഴിയുവെന്നാണു പ്രചാരണം. പക്ഷേ, അതിനേക്കാള്‍ എളുപ്പത്തില്‍ മുസ്്‌ലിമിനെ അപരനാക്കുകയും അവനെതിരേ ജാതിക്കതീതമായി ഹിന്ദുവിനെ ഏകോപിപ്പിക്കുകയും ചെയ്യാമെന്ന ഹിന്ദുത്വ ഫാഷിസ്റ്റ് അജണ്ടയാണ്

തല്‍ക്കാലത്തേക്കെങ്കിലും വിജയിച്ചുകാണുന്നത്. മുസ്്‌ലിം ജാതിയും ഹിന്ദു ജാതിയും തമ്മില്‍ ഒട്ടധികം വ്യത്യാസമുണ്ടെന്നറിയാവുന്ന അക്കാദമിക് ഇടതുപോലും ഈ പ്രചാരണത്തെ വഹിക്കുന്നുണ്ട്.
ജാതിയാണ് ഏറ്റവും വലിയ പ്രശ്‌നമെന്ന് മുസ്്‌ലിം പക്ഷം ധീരമായി തന്നെ പറയുന്നുണ്ട്, ഈ പ്രചാരണങ്ങള്‍ക്കിടയിലും. മുസ്‌ലിം സമുദായത്തില്‍ നിന്നുള്ള നവജാഗരണപ്രസ്ഥാനങ്ങളാവട്ടെ സമുദായത്തിലെ ജാതിയെ അഡ്രസ്സ് ചെയ്യാന്‍ മടികാണിക്കുന്നുമില്ല. അവയെ എങ്ങനെ പരിഹരിക്കണമെന്നതിന് വിവിധ ഭാഷ്യങ്ങളുണ്ടെങ്കിലും അതിനേക്കാള്‍ ഭീകരമാണ് ഹിന്ദു ജാതിസങ്കല്‍പമെന്നും അവര്‍ മനസ്സിലാക്കുന്നുണ്ട്.

ദലിതന്റെ പ്രശ്‌നം വിഭവാധികാരവുമായി ബന്ധപ്പെട്ടതാണെന്നും അതിനെക്കുറിച്ച് ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ മിണ്ടില്ലെന്നും വിഭവാധികാരപ്രശ്‌നം ഭൂപരിഷ്‌കരണവുമായി ബന്ധപ്പെട്ടതാണെന്നും അതില്‍ ഇടതിനു മാത്രമേ സംസാരിക്കാനാവൂമെന്നുമുള്ള ഏകശിലാവാദമാണ് ഇടതു കോണുകളില്‍ നിന്നു വിശദീകരിക്കപ്പെടുന്നത്. അതേസമയം, വിഭവാവകാശത്തില്‍ നിന്നു ദലിതനെ ഒഴിച്ചുനിര്‍ത്തുന്നത് ജാതിമര്‍ദനമാണെന്നു പതിഞ്ഞ ശബ്ദത്തില്‍ പറയും. ആ ജാതിമര്‍ദനത്തെ കൈക്കു പിടിച്ച് മുന്നിലേക്കു നിര്‍ത്തി ചോദ്യംചെയ്യാന്‍ മൂലധനാധിപത്യം, ചരിത്രത്തിന്റെ ഭൗതികവാദം എന്നിവയ്ക്കു കഴിയില്ലെന്ന് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകളില്‍ ചിലരെങ്കിലും മനസ്സിലാക്കിയിട്ടുണ്ട്. സവര്‍ണത അത്രമേല്‍ ഇഴചേര്‍ന്ന സമൂഹമായതിനാല്‍ കമ്മ്യൂണിസത്തിനുപോലും ന്യൂനപക്ഷം വരുന്ന ഈ ബുദ്ധിജീവികളെ പരിഗണിക്കാന്‍ കഴിയുന്നില്ല. വിഭവാധികാരത്തെ അഭിമുഖീകരിക്കണമെങ്കില്‍ ഘടനാപരമായി സ്ഥാപിതമായിരിക്കുന്ന ജാതിയെക്കുറിച്ച് ചര്‍ച്ച നടക്കണം. സമൂഹത്തിന്റെ ഘടനാപരമായ മാറ്റത്തെക്കുറിച്ച് വിശകലനങ്ങള്‍ നടക്കണം.

ജാതിമര്‍ദനത്തോടൊപ്പം തന്നെ ദലിത് സമൂഹം അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ മുസ്‌ലിംകളുടെ പ്രശ്‌നങ്ങള്‍ക്കു തുല്യമാണ്്. ദേശീയ ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുപ്രകാരം മുസ്്‌ലിം, ഒബിസി, എസ്‌സി, എസ്ടി വിഭാഗങ്ങള്‍ ജയിലിലടയ്ക്കപ്പെടാനുള്ള സാധ്യത കൂടുതല്‍ നിലനില്‍ക്കുന്നുണ്ട്. വിചാരണത്തടവുകാരില്‍ 60 ശതമാനം ഒബിസിയും പട്ടികജാതി-വര്‍ഗക്കാരുമാണ്. ഭരണഘടനയും രാഷ്ട്രസംവിധാനവും അനുവദിക്കുന്നതും അവരര്‍ഹിക്കുന്നതുമായത് ദലിതനും മുസ്്‌ലിമിനും ഇനിയും ലഭിച്ചിട്ടില്ല; ജയിലറകളിലൊഴികെ. സംവരണം, നീതി, അവഗണന, പ്രാന്തവല്‍ക്കരണം, പട്ടിണി, ഭയം എന്നിവയൊക്കെ മുസ്്‌ലിം, ദലിത്, ആദിവാസി സമൂഹങ്ങള്‍ നേരിടുന്ന അടിസ്ഥാന പ്രശ്‌നങ്ങളാണ്. ഇതിന്റെ കാരണങ്ങള്‍ ഏറിയും കുറഞ്ഞും ഒന്നുതന്നെ.

ശാക്തീകരണത്തെക്കുറിച്ചു ദലിതുകളും മുസ്്‌ലിംകളും ഒച്ചവയ്ക്കുന്നത് ഞങ്ങള്‍ക്കുവേണ്ടി ഞങ്ങള്‍ തന്നെ സംസാരിച്ചേ പറ്റൂ എന്ന തിരിച്ചറിവില്‍ നിന്നാണ്. ഇതാണ് ഇന്ത്യയുടെ ആധുനിക നവോത്ഥാനം. ഇതിനെ വരട്ടുതത്ത്വവാദങ്ങളില്‍ കുരുക്കിയിട്ട് ഭൂരിപക്ഷ കീഴാളജനതയുടെ വിമോചനത്തെ ചങ്ങലയ്ക്കിടുകയല്ല ഇടതു മതേതരവാദികള്‍ ചെയ്യേണ്ടത്. അയ്യങ്കാളിയെ ഓര്‍ക്കുന്നതിനൊപ്പം പുതിയ അയ്യങ്കാളിമാരെ അംഗീകരിക്കാനും തയ്യാറാവേണ്ടതുണ്ട്. അവരോട് ആശയപരമായി സംവദിക്കാന്‍ തയ്യാറാവണം. അതു മതരാഷ്ട്രവാദമാണ്, ഇതു ദലിത് ഭീകരതയാണ് എന്നു വാതില്‍ കൊട്ടിയടയ്ക്കുന്നത് ജനാധിപത്യ മര്യാദയല്ല.

LEAVE A REPLY

Please enter your comment!
Please enter your name here