സുഗതന്‍ ആരെന്നതല്ല, ലക്ഷ്യമാണ് പ്രധാനം; സി.പി സുഗതനെ തള്ളാതെ കാനം രാജേന്ദ്രന്‍

0

തിരുവനന്തപുരം: (www.k-onenews.in) ഹിന്ദു പാര്‍ലമെന്റ് ജനറല്‍ സെക്രട്ടറി സി.പി സുഗതനെ പിന്തുണച്ച് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. സുഗതന്‍ ആരെന്നതല്ല ലക്ഷ്യമാണ് പ്രധാനമെന്ന് കാനം പറഞ്ഞു. വനിതാ മതിലിന്റെ സംഘാടക സമിതിയില്‍ ആരെന്നതല്ല, ലക്ഷ്യമാണ് പ്രധാനമെന്നാണ് കാനം രാജേന്ദ്രന് പറഞ്ഞത്.

ഹാദിയയുടെ അച്ഛന്റെ സ്ഥാനത്ത് താനായിരുന്നെങ്കില്‍ അവളുടെ തട്ടം വലിച്ചുകീറി ഉടലും തലയും രണ്ടാക്കി ജയിലില്‍ പോകുമായിരുന്നു എന്ന് പറഞ്ഞ സി.പി. സുഗതനെ സര്‍ക്കാര്‍ നേതൃത്വത്തില്‍ നടത്തുന്ന വനിതാ മതിലിന്റെ ജോയിന്റ് കണ്‍വീനറാക്കിയതില്‍ നവമാധ്യമങ്ങളില്‍ പ്രതിഷേധം ശക്തമായിരുന്നു.

കോണ്‍ഗ്രസ് നേതാവും എം.എല്‍.എയുമായ വി.ടി ബല്‍റാം, മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനായ ബി.ആര്‍.പി ഭാസ്‌കര്‍ എന്നിവര്‍ സുഗതനെതിരെ രംഗത്ത് വന്നിരുന്നു. ശബരിമലയിലെ യുവതി പ്രവേശനത്തെയും സുഗതന്‍ എതിര്‍ത്തിരുന്നു.

വനിതാ മതില്‍ ശബരിമല യുവതീ പ്രവേശനത്തിന് വേണ്ടിയാണെങ്കില്‍ പിന്മാറുമെന്ന് സി.പി. സുഗതന്‍ അറിയിച്ചിരുന്നു. വനിതാ മതില്‍ യുവതീ പ്രവേശവുമായി ബന്ധപ്പെട്ടതല്ലെന്നാണ് കരുതുന്നത്. യുവതീപ്രവേശത്തെ താന്‍ അനുകൂലിക്കുന്നുമില്ല. സുപ്രീംകോടതിയില്‍ അന്തിമ തീരുമാനമാകും വരെ യുവതീപ്രവേശം പാടില്ലെന്നാണ് നിലപാടെന്നും സുഗതന്‍ പറഞ്ഞിരുന്നു.

പിന്നീട് ശബരിമലയിലെ യുവതി പ്രവേശന വിഷയത്തില്‍ പിശക് പറ്റിയെന്നും താന്‍ നിലപാട് മാറ്റിയെന്നും സുഗതന്‍ പറഞ്ഞിരുന്നു. തിരുവനന്തപുരത്ത് ചേര്‍ന്ന വനിതാമതില്‍ സംഘാടകസമിതി യോഗത്തില്‍ പങ്കെടുത്തതിന് ശേഷമാണ് സുഗതന്‍ നിലപാട് മാറ്റം അറിയിച്ചത്. കര്‍സേവ നടത്തിയത് പക്വതയില്ലാത്ത പ്രായത്തിലാണെന്നും. ഹാദിയയോട് മാപ്പ് പറയുന്നതായും സുഗതന്‍ പറഞ്ഞിരുന്നു.

2019 ജനുവരി ഒന്നിന് നവോത്ഥാന പാരമ്പര്യമുള്ള സംഘടനകളുടെ നേതൃത്വത്തില്‍ കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ സ്ത്രീകളെ അണിനിരത്തി വനിതാ മതില്‍ സൃഷ്ടിക്കുമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here