പിഞ്ചു കുഞ്ഞുമായി ആശുപത്രിയിലേക്ക്‌ പോയ കുടുംബത്തെ തടഞ്ഞ്‌ കിലോമീറ്ററുകളോളം നടത്തിച്ച സംഭവം ;കാഞ്ഞങ്ങാട്‌ പോലീസ്‌ ജനകീയ വിചാരണ നേരിടേണ്ടി വരും – എസ്ഡിപിഐ

0
0

കാഞ്ഞങ്ങാട്‌:(www.k-onenews.in)

രോഗിയായ പിഞ്ചു കുഞ്ഞിന്റെ ചിക്തസക്കായി ആശുപത്രിയിലേക്ക്‌ പോയ കുടുംബത്തെ വഴിയിൽ തടഞ്ഞ്‌ കിലോമീറ്ററുകളോളം നടത്തിച്ച സംഭവം വിവാദമാവുന്നു.
ബല്ലാ കടപ്പുറം സ്വദേശി എംഎസ്‌ ഹംസയെയും കുടുംബത്തെയുമാണ് കഴിഞ്ഞ ദിവസം ആശുപത്രിയിലേക്ക്‌ പോകുന്ന വഴിയിൽ പോലീസ്‌ തടയുകയും കിലോമീറ്ററുകളോളം നടത്തിക്കുകയും ചെയ്തത്‌. പോലീസ്‌ നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണെന്നും ജനങ്ങളോട്‌ ശത്രുതാപരമായി പെരുമാറുന്ന ഉദ്യോഗസ്ഥർ ജനകീയ വിചാരണ നേരിടേണ്ടി വരുമെന്നും എസ്ഡിപിഐ കാഞ്ഞങ്ങാട്‌ മുനിസിപ്പൽ കമ്മറ്റി മുന്നറിയിപ്പ്‌ നൽകി. ലോക്ക്ഡൗണിന്റെ മറവിൽ പോലീസ്‌ ധാർഷ്ട്യം അനുവദിക്കില്ലെന്നും മുനിസിപ്പൽ ജനറൽ സെക്രട്ടറി നൗഷാദ്‌ ഹദ്ധാദ്‌ നഗർ വാർത്താക്കുറിപ്പിൽ അറിയിച്ചു.

സംഭവം ഇങ്ങനെ; വ്യാഴാഴ്ച്ച രാവിലെ 11 മണിയോടെ പനി ബാധിച്ച രണ്ടു വയസ്സ്‌ മാത്രം പ്രായമുള്ള കൈക്കുഞ്ഞുമായി ഹംസയും ഭാര്യയും നഗരത്തിലെ അരിമല ഹോസ്പിറ്റലിലേക്ക്‌ പോവുകയായിരുന്നു. റെയിൽവേ ഗേറ്റ്‌ പരിസരത്ത്‌ നിൽക്കുകയായിരുന്ന പോലീസ്‌ സംഘം വണ്ടി തടയുകയും ഹെൽമറ്റ്‌ ധരിക്കാത്തതിനാൽ പോവാൻ പറ്റില്ലെന്ന് വ്യക്തമാക്കുകയുമായിരുന്നു. എന്നാൽ കുഞ്ഞിനു കടുത്ത പനി ആയതിനാൽ പെട്ടെന്ന് വീട്ടിൽ നിന്നിറങ്ങിയതാണെന്നും മാസ്ക്‌ ധരിച്ചിട്ടുണ്ടെന്നും എങ്ങനെയെങ്കിലും കുഞ്ഞിനെ ആശുപത്രിയിലെത്തിക്കണമെന്നും ഹംസ പോലീസ്‌ ഉദ്യോഗസ്ഥരോട്‌ കേണപേക്ഷിച്ചിട്ടും പോലീസ്‌ വണ്ടി വിട്ടു നൽകിയില്ല. നടന്ന് പോവാൻ ആവശ്യപ്പെടുകയും ചെയ്തു. ഇതേ തുടർന്ന് പൊരി വെയിലത്ത്‌ രോഗിയായ കുഞ്ഞിനെയും ഭാര്യയെയും കൂട്ടി ആശുപതിയിലേക്ക്‌ നടന്നു പോവുകയും ഡോക്ടറെ കാണിച്ച്‌ തിരിച്ച്‌ 2.5 കിലോമീറ്റർ അപ്പുറത്തുള്ള ബല്ലാ കടപ്പുറത്തെ വീട്ടിലേക്കും നടന്നു തന്നെ മടങ്ങിപ്പോവുകയായിരുന്നെന്ന് ഹംസ വേദനയോടെ പറയുന്നു. ഇദ്ധേഹത്തിന്റെ ബൈക്കും ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തിട്ടുണ്ട്‌. രോഗിയായ പിഞ്ചു കുഞ്ഞിനെയും കുടുംബത്തെയും കൊടുംവേനലിൽ കിലോ മീറ്ററുകളോളം നടത്തിച്ച കാഞ്ഞങ്ങാട്ടെ പോലീസ്‌ നടപടി വൻ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്‌.
ഇത്‌ സംബന്ധിച്ച്‌ മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്ക്‌ പരാതി നൽകുമെന്ന് ഹംസ പറയുന്നു. സംഭവം ഇതിനോടകം സോഷ്യൽമീഡിയയിൽ വിവാദമായിട്ടുണ്ട്‌.

LEAVE A REPLY

Please enter your comment!
Please enter your name here