പോപുലർ ഫ്രണ്ട്‌ യൂണിറ്റി മാർച്ചിനെ വരവേൽക്കാനൊരുങ്ങി കാസർഗോഡ്‌ ; പ്രവർത്തകർ ആവേശത്തിൽ

0

കാസർഗോഡ്‌: (www.k-onenews.in) പോപുലർ ഫ്രണ്ട്‌ ഓഫ്‌ ഇന്ത്യ സ്ഥാപകദിനമായ ഫെബ്രുവരി പതിനേഴിനു കാസർഗോഡ്‌ നടക്കാനിരിക്കുന്ന യൂണിറ്റി മാർച്ചിനെ വരവേൽക്കാൻ നാടും നഗരവും ഒരുങ്ങി. പരിപാടി വൻവിജയമാക്കാൻ പ്രവർത്തകരും അനുഭാവികളും അരയും തലയും മുറുക്കി രംഗത്തിറങ്ങിയിരിക്കയാണ്.

യൂണിറ്റി മാർച്ച്‌ പ്രചാരണങ്ങളുടെ ഭാഗമായി ജില്ലയിലാകെ വൻ ഒരുക്കങ്ങളാണ് നടക്കുന്നത്‌.
ഇതിനായി തൃക്കരിപ്പുര്‍, നിലേശ്വരം, കാഞ്ഞങ്ങാട്, മേല്‍പറമ്പ്, വിദ്യാനഗര്‍, കുമ്പള, ഉപ്പള, മഞ്ചേശ്വരം തുടങ്ങി പ്രധാന കേന്ദ്രങ്ങളും ഗ്രാമപ്രദേശങ്ങളും കേന്ദ്രീകരിച്ച്‌ ജനകീയ സ്വാഗത സംഘങ്ങള്‍ രൂപികരിച്ചുള്ള പ്രവര്‍ത്തനങ്ങൾ നടന്നുവരികയാണ്.

സ്ക്വാഡുകളായി തിരിഞ്ഞുള്ള ഗൃഹസമ്പർക്കം, പോസ്റ്ററുകൾ, കമാനങ്ങൾ, അലങ്കാരങ്ങൾ, മധുരവിതരണം തുടങ്ങി വ്യത്യസ്തമായ രീതിയിലുള്ള പ്രചാരണങ്ങൾ ഏറെ ജനശ്രദ്ധ പിടിച്ചു പറ്റിയിട്ടുണ്ട്‌.

നൂറുകണക്കിനു കേഡറ്റുകൾ അണിനിരക്കുന്ന യൂണിറ്റി മാർച്ചും, മാർച്ചിനെ അനുഗമിച്ച്‌ ആയിരക്കണക്കിനു ആളുകൾ പങ്കെടുക്കുന്ന ബഹുജന റാലിയുമാണ് നടക്കാനിരിക്കുന്നത്‌. പുതിയബസ്റ്റാൻഡിൽ നടക്കുന്ന സമാപന പൊതുസമ്മേളനം പോപുലർ ഫ്രണ്ട്‌ സംസ്ഥാന പ്രസിഡണ്ട്‌ നാസറുദ്ധീൻ എളമരം ഉദ്ഘാടനം ചെയ്യും. അടിച്ചമര്‍ത്തപ്പെട്ട ജനതയുടെ സ്വപ്നങ്ങള്‍ക്ക് കരുത്ത് പകരുന്നതായിരിക്കും പോപുലര്‍ ഫ്രണ്ട് കേഡറ്റുകളുടെ പരേഡെന്ന് ജില്ലാ സ്വാഗതസംഘം ചെയർമാൻ വൈ.മുഹമ്മദ്‌ പറഞ്ഞു.

സംഘടന രാജ്യവ്യാപകമായി ‘പോപുലർ ഫ്രണ്ട്‌ ഡേ’ ആഘോഷിക്കുന്നതിന്റെ ഭാഗമായാണു കാസർഗോട്ട്‌ യൂണിറ്റി മാർച്ച്‌ സംഘടിപ്പിച്ചിരിക്കുന്നത്‌. കാസർഗോഡിനു പുറമെ തിരൂർ, മൂവാറ്റുപുഴ, പന്തളം എന്നീ കേന്ദ്രങ്ങളിലും മാർച്ച്‌ നടക്കുന്നുണ്ട്‌.
പോപുലർ ഫ്രണ്ടിന്റെ മുൻരൂപമായ എൻഡിഎഫ്‌ 2006 ൽ സംഘടിപ്പിച്ച ഫ്രീഡം പരേഡിനു ശേഷം പന്ത്രണ്ട്‌ വർഷങ്ങളുടെ ഇടവേളക്ക്‌ ശേഷമാണ് കാസർഗോഡ് സംഘടനയുടെ‌ പരേഡ്‌ നടക്കുന്നതെന്ന പ്രത്യേകതയും ഇതിനുണ്ട്‌.

LEAVE A REPLY

Please enter your comment!
Please enter your name here