‘കാസർഗോഡും കേരളത്തിലാണ്’., സംഘപരിവാർ അക്രമങ്ങളുടെ പശ്ചാത്തലത്തിൽ മൃദുല ഭവാനി എഴുതുന്നു.

0

മൃദുല ഭവാനി ✍🏽

കാസർ​ഗോഡ് കേരളത്തിലാണ്, കാസർ​ഗോഡ് കർണാടകവുമായി അതിർത്തി പങ്കിടുന്ന ജില്ലയാണ്. എന്നുവെച്ച് കാസർ​ഗോഡ് കർണാടകത്തിൽ അല്ല കേരളത്തിൽ തന്നെയാണ്. കേരളം ആർഎസ്എസ് പ്രൂഫ് ആണ് എന്ന് ആരും തെറ്റിദ്ധരിക്കരുത്. കാസർ​ഗോഡ് കഴിഞ്ഞ് കണ്ണൂർ വഴി അവർ കേരളത്തിലാകെ പ്രകടമായി ശക്തിപ്പെടാൻ വലിയ സമയം വേണ്ടി വരില്ല എന്ന് തോന്നിപ്പിക്കുന്നു സമീപകാലത്ത് കാസർ​ഗോഡ് നടന്ന പല അതിക്രമങ്ങളും.

മെയ്, ജൂൺ മാസങ്ങൾ മാത്രമെടുത്ത് നോക്കിയാൽ മനസ്സിലാകും കേരളത്തിലെയും കർണാടകത്തിലെയും ഹിന്ദുത്വ ഭീകരവാദികൾ ചേർന്ന്, വലിയ ക്രെെം റെക്കോർഡ്സ് ഉള്ള ക്രിമിനലുകൾ എന്തൊക്കെ അതിക്രമങ്ങളാണ് കാസർ​ഗോട് മുസ്ലിങ്ങൾക്കെതിരെ നടത്തിയിരിക്കുന്നത് എന്ന്. അതിനെക്കാളും റിപ്പോർട്ട് ചെയ്യപ്പെടാത്ത സംഭവങ്ങളും ഉണ്ടാകും എന്ന് തോന്നുന്നു. രണ്ട് മാസങ്ങൾ മാത്രമല്ല കുറച്ച് വർഷങ്ങളായി ഇതാണ് കാസർ​ഗോഡ് നടക്കുന്നത്.

അനസിനെയും ഫായിസിനെയും എയർപോർട്ടിലേക്ക് പോകുന്ന വഴിയിൽ തടഞ്ഞ് നിർത്തി അടിച്ചതും മുഖത്ത് മുറിവുണ്ടാക്കിയതും ആർഎസ്എസ് രണ്ടാം തവണയും അധികാരത്തിലെത്തിയതിന്റെ ‘ആഘോഷ വേള’യിലാണ്. മെയ് 27ന്. പേര് ചോദിച്ചായിരുന്നു ആക്രമണം. പെട്രോൾ പമ്പിൽ വെച്ച് സിറാജുദ്ദീൻ എന്ന യുവാവും ഇതുപോലെ ആക്രമിക്കപ്പെട്ടു. ഇനിയും ഇങ്ങനെ ആർക്കെങ്കിലും സംഭവിച്ചാൽ അത് തുറന്ന് പറയാൻ ധെെര്യം കിട്ടട്ടെ എന്ന് കരുതിയാണ് പരാതി നൽകിയത് എന്നവർ പറഞ്ഞിരുന്നു. ആക്രമിക്കപ്പെട്ടപ്പോഴും കാസർ​ഗോട്ടെ ചെക്കന്മാരെ ഷെയിം ചെയ്യുന്നതാണ് കണ്ടത്.
(https://keyboardjournal.com/fayis-and-anas-who-got-attacked-for-being-muslim-in-kasargod-narrate-the-incident/)
ഈ കേസിൽ ഒരാളെയാണ് അറസ്റ്റ് ചെയ്തത്. സെെനുൽ ആബിദ് കൊലപാതക കേസിൽ പന്ത്രണ്ടാം പ്രതിയാണ് അറസ്റ്റിലായ അജയ് കുമാർ ഷെട്ടി. ഇയാളിപ്പോൾ ജയിലിലാണ്. പക്ഷേ അതുകൊണ്ട് എന്ത് കാര്യം? ജയിലിൽ കഴിഞ്ഞപ്പോഴും അസീമാനന്ദ ഞാനൊരു തെറ്റും ചെയ്തിട്ടില്ല എന്ന് തന്നെയല്ലേ വിശ്വസിച്ചിരുന്നതും അഭിമുഖം നൽകിയതുമെല്ലാം?

പശുവിനെ അധിക്ഷേപിച്ച് സംസാരിച്ചു എന്ന് സാജൻ ജോസഫ് എന്ന ക്രിസ്റ്റ്യൻ യുവാവിനെതിരെ ബിജെപി പ്രവർത്തകനായ ചന്ദ്രൻ നൽകിയ പരാതിയിൽ 153 എ വകുപ്പ് ചുമത്തിയാണ് വെള്ളരിക്കുണ്ട് പൊലീസ് കേസെടുത്തത്.
(https://keyboardjournal.com/accused-sajan-joseph-and-complainant-chandran-speaks-on-vellarikundu-cow-case/)
എന്നാൽ ഈ പരാതിക്ക് അനുകൂലമായി സാക്ഷി മൊഴികൾ ഇല്ലാത്തതിനാൽ അന്വേഷണം അവസാനിപ്പിച്ചു.

അത് കഴിഞ്ഞ് കുറച്ചു ദിവസങ്ങൾക്ക് ശേഷം കർണാടകയിൽ നിന്നുള്ള രണ്ട് പേരും കേരളത്തിലെ നാല് പേരും ചേർന്ന് പശുവിനെ കൊണ്ടുവരികയായിരുന്ന വാഹനം പിന്തുടർന്ന് ഡ്രെെവറെയും സഹായിയെയും ആയുധങ്ങളുപയോ​ഗിച്ച് ആക്രമിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഈ സംഭവത്തിൽ പരാതിക്കാരൻ പ്രതികളിൽ നാല് പേരെ തിരിച്ചറിഞ്ഞിട്ടും ബദിയടുക്ക പൊലീസ് അവരെ അറസ്റ്റ് ചെയ്യുന്നില്ല മാത്രമല്ല അവർ ബജ്റം​ഗ് ദൾ പ്രവർത്തകരല്ലെന്ന് മാധ്യമങ്ങളോട് പറയുകയും ചെയ്യുന്നു. (https://keyboardjournal.com/the-attackers-followed-us-with-weapons-and-attacked-hamza-who-was-transporting-cow-to-kerala-speaks/)

എല്ലാം വ്യക്തമാണ്. പൊലീസിന്റെ രാഷ്ട്രീയം ഇന്ത്യൻ സാമൂഹ്യാവസ്ഥയിൽ എന്നേ പ്രതിഫലിച്ചു കഴിഞ്ഞു, പക്ഷേ വ്യവസ്ഥ ഇതായതുകൊണ്ട് വ്യവസ്ഥയ്ക്ക് അടിപ്പെട്ട് നിന്നേ പറ്റൂ എന്ന്. ഏത് വ്യവസ്ഥയ്ക്ക്? സംഘപരിവാറിന് കീഴ്പ്പെട്ട വ്യവസ്ഥയ്ക്ക്.

കർണാടകത്തിലെ ചിക്മം​ഗ്ലൂരിൽ ബജ്റം​ഗ് ദൾ പ്രവർത്തകർ ധന്യശ്രീയോട് ചെയ്തത് എന്താണെന്ന് ഇടയ്ക്കിടെ ഓർക്കുന്നത് നല്ലതാണ്. ഒരൊറ്റ ദിവസത്തെ വാട്സപ് വർക്ക് കൊണ്ട് അവർ ധന്യശ്രീയെ ആത്മഹത്യ ചെയ്യിച്ച് കൊന്നു. ധന്യശ്രീയുടെ ആത്മഹത്യക്കുറിപ്പിൽ അവളെഴുതിയത് ഇനിയൊരു പെൺകുട്ടിയും ലവ് ജിഹാദിന്റെ പേരിൽ ഞാനനുഭവിച്ച വേദന അനുഭവിക്കരുത് എന്നാണ്. ചില കാര്യങ്ങൾ എത്ര തവണ പറഞ്ഞാലാണ് മനുഷ്യരുടെ ഓർമയിൽ പതിയുക?

മുസ്ലിം യുവാവിനെ പ്രണയിച്ചതിന് തൃശൂർ സ്വദേശിയായ ഒരു ഇരുപത്തിനാലുകാരിയെ ‘ജാതിയഭിമാന’ത്തിന്റെ പേരിൽ ഒരു വര്ഷത്തോളം തടവിലിട്ട് ടോർച്ചർ ചെയ്യാൻ അവളുടെ അമ്മ കൊണ്ടുപോയത് കർണാടകത്തിലേക്കാണ്. അവിടെ നാല് സ്ഥലങ്ങളിലെ തടവറകളിലായി കഴിയേണ്ടിവന്നു എന്നാണ് ആ സ്ത്രീ പറഞ്ഞത്, ലെെം​ഗിക പീഡനം അടക്കം സഹിച്ച്. ഇതിലെല്ലാം പ്രവർത്തിച്ചത് കേരളത്തിലുള്ള ബിജെപി നേതാക്കളാണ്. ഘർവാപസിക്ക് പൊലീസിന്റെ പൂർണ പിന്തുണ. ഇതിനെതിരെ ഡിജിപിക്ക് സമർപ്പിച്ച പരാതി ഇപ്പോഴും പെൻഡിങ് ആണ്. 2016ൽ കേരളത്തിലെ ഒരു തടവറയിൽ നിന്ന് മുഖ്യമന്ത്രി പിണറായി വിജയന് കാര്യങ്ങൾ വിശദീകരിച്ച് കത്തെഴുതിയ ശേഷമാണ് ഇതെല്ലാം. പിന്നീടു തടവറയിൽ നിന്ന് സ്വന്തം നിലയ്ക്ക് രക്ഷപ്പെട്ട ശേഷം മുഖ്യമന്ത്രിയെ കണ്ടിട്ടും നടപടികൾ ഉണ്ടായിട്ടില്ല. ഇതുപോലെ എവിടെ ആണെന്ന് അറിയാത്ത എത്ര സ്ത്രീകൾ.
കേരളം ആർഎസ്എസ് പ്രൂഫ് അല്ല. കേരളത്തിലെ വർ​ഗീയവാദികളുടെ നെറ്റ്വര്ക്ക് പ്രത്യക്ഷമായി തന്നെ കർണാടകയിലേക്ക് നീളുന്നതാണ്.

കാസർ​ഗോഡ് കേരളത്തിലാണ് എന്ന് ഇനിയും എത്രകാലം പറയേണ്ടിവരും?

LEAVE A REPLY

Please enter your comment!
Please enter your name here