13.5 ലക്ഷം രൂപയുടെ സാമ്പത്തിക ക്രമക്കേട്; ലീഗ് നേതാവിനെ കെ സി എ പ്രാഥമികാംഗത്വത്തില്‍ നിന്നും പുറത്താക്കി

0
കാസര്‍കോട്: (www.k-onenews.in 08 sep 2018) 13.5 ലക്ഷം രൂപയുടെ സാമ്പത്തിക ക്രമക്കേട് നടത്തിയ മധൂര്‍ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ടും നിലവില്‍ കാസര്‍കോട് ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡണ്ടുമായിരുന്ന ഹാരിസ് ചൂരിയെ തല്‍സ്ഥാനത്തു നിന്നും പുറത്താക്കി. ശനിയാഴ്ച തിരുവനന്തപുരം കെ സി എ ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍ ചേര്‍ന്ന പ്രത്യേക ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനമുണ്ടായത്. 
 
കെ സി എ പ്രാഥമികാംഗത്വത്തില്‍ നിന്നും ഹാരിസിനെ നീക്കം ചെയ്തിട്ടുണ്ട്. രണ്ടു വര്‍ഷം മുമ്ബ് രഞ്ജി ട്രോഫി ക്രിക്കറ്റിന്റെ കേരള മാനേജറായിരുന്ന സമയത്തും ടീമിന്റെ ലോജിസ്റ്റിക് മാനേജറായിരുന്ന കാലഘട്ടത്തിലും നടത്തിയ ക്രമക്കേടിനെ തുടര്‍ന്നാണ് ഇപ്പോള്‍ അച്ചടക്ക നടപടി സ്വീകരിച്ചിരിക്കുന്നത്. രഞ്ജി ട്രോഫി ക്രിക്കറ്റ് ടീമിന്റെ മാനേജറായിരുന്നപ്പോഴും ലോജിസ്റ്റിക് മാനേജറായിരുന്നപ്പോഴും 60 ലക്ഷത്തോളം രൂപയാണ് ഹാരിസ് ചൂരി കൈപറ്റിയിരുന്നത്. എന്നാല്‍ 13.5 ലക്ഷം രൂപയുടെ ക്രമക്കേട് ഇതില്‍ കണ്ടെത്തുകയായിരുന്നു.
 
കെ സി എയുടെ ഓഡിറ്റിംഗിലാണ് ക്രമക്കേട് കണ്ടെത്തിയത്. 8,08,000 രൂപയുടെ വ്യാജ ബില്ലുകളാണ് ഹാരിസ് ചൂരി സമര്‍പ്പിച്ചതെന്ന് ഓഡിറ്റ് റിപോര്‍ട്ട് കണ്ടെത്തിയിട്ടുണ്ട്. 5.88 ലക്ഷം രൂപയ്ക്ക് ബില്ലോ വൗച്ചറോ സമര്‍പ്പിക്കുകയും ചെയ്തിട്ടില്ല. ഇതേ തുടര്‍ന്ന് 13.5 ലക്ഷം രൂപ തിരിച്ചടയ്ക്കാന്‍ കെ സി എ സെക്രട്ടറി ശ്രീജിത്ത് വി നായര്‍ പല തവണ ആവശ്യപ്പെട്ടിട്ടും ഹാരിസ് ചൂരി കൂട്ടാക്കിയില്ല. ഇതേ തുടര്‍ന്നാണ് കെ സി എ എക്‌സിക്യൂട്ടീവ് യോഗം ഹാരിസ് ചൂരിക്കെതിരെ നടപടി സ്വീകരിച്ചിരിക്കുന്നത്.
 
ക്രമക്കേടിനെ കുറിച്ച്‌ അന്വേഷണം നടത്താന്‍ മൂന്നംഗ കമ്മിറ്റിയെ യോഗം നിയോഗിച്ചു. കെ സി എ ഭാരവാഹികളായ ബിനീഷ് കോടിയേരി (കണ്ണൂര്‍), സാജന്‍ വര്‍ഗീസ് (പത്തനംതിട്ട), ബിജു (കൊല്ലം) എന്നിവരെയാണ് അന്വേഷണ കമ്മീഷനായി നിയമിച്ചിരിക്കുന്നത്. പണം തിരിച്ചടച്ചില്ലെങ്കില്‍ ഹാരിസ് ചൂരിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് കെ സി എ കേന്ദ്രങ്ങള്‍ സൂചിപ്പിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here