ദുരഭിമാനക്കൊല; ദളിത് യുവാവിനെ പ്രണയിച്ചതിന് മകളെ കൊന്ന് കുഴിച്ചിട്ടു

0
0

ബെംഗളൂരു: (www.k-onenews.in) ബെംഗളൂരു മഗഡി താലൂക്കിൽ 18-കാരിയുടെ മൃതദേഹം കണ്ടെത്തിയ സംഭവം ദുരഭിമാനക്കൊലയെന്ന് പോലീസ്. ദളിത് യുവാവിനെ പ്രണയിച്ചതിന്റെ പേരിൽ പിതാവും ബന്ധുക്കളും ചേർന്നാണ് പെൺകുട്ടിയെ കൊലപ്പെടുത്തി മാവിൻ തോട്ടത്തിൽ കുഴിച്ചിട്ടതെന്ന് പോലീസ് കണ്ടെത്തി. സംഭവത്തിൽ പ്രതികളായ കൃഷ്ണപ്പ(48) ബന്ധുക്കളായ ചേതൻ എന്ന യോഗി(21) 17-കാരൻ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.

ഒക്ടോബർ ഒമ്പതിനാണ് ബി.കോം വിദ്യാർഥിയായ മകൾ ഹേമലതയെ കാണാനില്ലെന്ന് കൃഷ്ണപ്പ പോലീസിൽ പരാതി നൽകിയത്. അന്വേഷണം നടക്കുന്നതിനിടെ കൃഷ്ണപ്പ തന്നെ മറ്റുചില സൂചനകളും നൽകി. മകളെ തോട്ടത്തിൽ ചിലർ കണ്ടതായും മകളുടെ നിലവിളി കേട്ടതായും ഇയാൾ പോലീസിനോട് പറഞ്ഞു. തുടർന്ന് ഇവിടെ പരിശോധിച്ചപ്പോൾ കുഴിച്ചിട്ടനിലയിൽ മകളുടെ മൃതദേഹം കണ്ടെത്തിയെന്നും കൃഷ്ണപ്പ പറഞ്ഞു. മകളുടെ കൊലപാതകത്തിന് പിന്നിൽ കാമുകനായ പുനീത് ആണെന്നും ഇയാൾ പോലീസിനെ അറിയിച്ചിരുന്നു. ഇതിനിടെ ഹേമലതയെ പുനീതും കൂട്ടാളികളും ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതാണെന്ന സന്ദേശങ്ങൾ സാമൂഹികമാധ്യമങ്ങളിലും പ്രചരിച്ചു. കൃഷ്ണപ്പയുടെ ബന്ധുക്കൾ തന്നെയാണ് ഹാഥ്റസ് സംഭവവുമായി താരതമ്യപ്പെടുത്തി വ്യാജ പ്രചരണം നടത്തിയത്.

എന്നാൽ പോലീസ് നടത്തിയ അന്വേഷണത്തിൽ പുനീത് നിരപരാധിയാണെന്ന് കണ്ടെത്തി. തുടർന്ന് കൃഷ്ണപ്പയെ വിശദമായി ചോദ്യംചെയ്തതോടെ ഇയാൾ കുറ്റംസമ്മതിക്കുകയായിരുന്നു. മകളെ താനും ബന്ധുക്കളായ രണ്ടുപേരും ചേർന്നാണ് തോട്ടത്തിലേക്ക് കൊണ്ടുപോയതെന്നും തുടർന്ന് പാറക്കല്ല് കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയെന്നും പ്രതി വെളിപ്പെടുത്തി. മരണം ഉറപ്പിച്ച ശേഷം മൂവരും ചേർന്ന് കുഴിയെടുത്ത് മൃതദേഹം മറവുചെയ്യുകയായിരുന്നു. ദളിത് യുവാവായ പുനീതുമായി ഹേമലത പ്രണയത്തിലായതാണ് കൊലപാതകത്തിന് കാരണമായതെന്നും പ്രതികൾ സമ്മതിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here