സംസ്ഥാനത്ത് ഇന്ന് 13 പേർക്കു കൂടി കോവിഡ്-19; കോട്ടയം 6, ഇടുക്കി 4, പാലക്കാട്, മലപ്പുറം, കണ്ണൂർ എന്നിവിടങ്ങളിൽ ഓരോരുത്തർക്കുമാണ് രോഗം സ്ഥിരീകരിച്ചത്

0
0

തിരുവനന്തപുരം: (www.k-onenews.in) സംസ്ഥാനത്ത് ഇന്ന് 13 പേർക്കു കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കൊറോണ അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം വാർത്താസമ്മേളനത്തിൽ അറിയിച്ചത്.

കോട്ടയത്ത് ആറുപേർക്കും ഇടുക്കിയിൽ നാലുപേർക്കും പാലക്കാട്, മലപ്പുറം, കണ്ണൂർ എന്നിവിടങ്ങളിൽ ഓരോരുത്തർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ അഞ്ചുപേർ തമിഴ്നാട്ടിൽനിന്നു വന്നവരാണ്. ഒരാൾ വിദേശത്തുനിന്ന് വന്നതാണ്. ഒരാൾക്ക് രോഗബാധ എങ്ങനെയുണ്ടായി എന്ന് പരിശോധിച്ചു കൊണ്ടിരിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ബാക്കിയുള്ള ആറുപേർക്ക് സമ്പർക്കം മൂലമാണ് രോഗം ബാധിച്ചത്.

ഇന്ന് 13 പേരുടെ ഫലം നെഗറ്റീവായിട്ടുണ്ട്. കണ്ണൂരിൽ ആറുപേർക്കും കോഴിക്കോട്ട് നാലുപേർക്കും തിരുവനന്തപുരം, എറണാകുളം, മലപ്പുറം എന്നിവിടങ്ങളിൽ ഓരോരുത്തർക്കുമാണ് ഇന്ന് നെഗറ്റീവായത്. ഇതുവരെ 481 പേർക്കാണ് സംസ്ഥാനത്ത് കോവിഡ്-19 സ്ഥിരീകരിച്ചിട്ടുള്ളത്. ഇതിൽ 123 പേർ ചികിത്സയിലാണ്.

20,301 പേരാണ് ആകെ നിരീക്ഷണത്തിലുള്ളത്. ഇതിൽ 19,812 പേർ വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നുണ്ട്. 489 പേർ ആശുപത്രിയിലാണ് നിരീക്ഷണത്തിലുള്ളത്. ഇന്നു മാത്രം 104 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 23,271 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു. ഇതിൽ 22,537 എണ്ണത്തിൽ രോഗബാധയില്ലെന്ന് സ്ഥിരീകരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here