മെയ് മൂന്നിന് ശേഷം റെഡ്സോണുകളില്‍ ലോക്ക്ഡൗണ്‍ നീട്ടിയേക്കും;
മുഖ്യമന്ത്രിമാരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിംഗിലാണ് പ്രധാനമന്ത്രി നിലപാട് അറിയിച്ചത്.

0
0

തിരുവനന്തപുരം: (www.k-onenews.in) കോവിഡ് വ്യാപനം തടയാന്‍ രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക്ഡൌണ്‍ മെയ് മൂന്നിന് ശേഷം റെഡ് സോണുകളില്‍ നീട്ടിയേക്കും. വൈറസിന്‍റെ വ്യാപനം തടയാനായത് ലോക്ക്ഡൌണ്‍ മൂലമെന്ന് പ്രധാനമന്ത്രി പറഞ്ഞു. അന്തിമ തീരുമാനം മെയ് മൂന്ന് വരെയുളള സാഹചര്യങ്ങള്‍ വിലയിരുത്തിയ ശേഷമേ പ്രഖ്യാപിക്കൂ. ഇന്ന് മുഖ്യമന്ത്രിമാരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിംഗിലാണ് പ്രധാനമന്ത്രി നിലപാട് അറിയിച്ചത്. കോവിഡ് നേരിടാന്‍ സംസ്ഥാനങ്ങള്‍ കൂടുതല്‍ സാമ്പത്തിക സഹായം കേന്ദ്രത്തോട് ആവശ്യപ്പെട്ടു.

രാജ്യത്ത് കോവിഡ് ലോക്ക്ഡൗണ്‍ ആരംഭിച്ചതിന് ശേഷം പ്രധാനമന്ത്രി വിളിച്ചു ചേര്‍ത്ത നാലാമത്തെ അവലോകന യോഗമായിരുന്നു ഇത്. ഒമ്പത് മുഖ്യമന്ത്രിമാര്‍ക്കാണ് സംസാരിക്കാന്‍ അനുമതി ഉണ്ടായിരുന്നതെങ്കിലും എല്ലാ സംസ്ഥാനങ്ങളില്‍ നിന്നുള്ള വിലയിരുത്തലുകളും പ്രധാനമന്ത്രി എഴുതിവാങ്ങിയിരുന്നു. നികുതി വരുമാനം കുറഞ്ഞ സാഹചര്യത്തില്‍ അടിയന്തരമായി സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കണമെന്ന ആവശ്യമാണ് മിക്ക സംസ്ഥാനങ്ങളും ഉയര്‍ത്തിയത്. നികുതി വരുമാനം കുറഞ്ഞതു സംസ്ഥാനങ്ങളില്‍ കടുത്ത സാമ്പത്തിക പ്രതിസന്ധി ഉണ്ടായിട്ടുണ്ടെന്നാണ് മുഖ്യമന്ത്രിമാര്‍ ചൂണ്ടിക്കാട്ടിയത്. നിത്യോപയോഗ വസ്തുക്കളുടെ വില്‍പ്പനക്ക് പുറമെ ഉപഭോഗ മേഖലയിലും ചില ഇളവുകള്‍ വേണമെന്ന ആവശ്യം ഉയര്‍ന്നു. കേന്ദ്രം പ്രഖ്യാപിക്കാനിരിക്കുന്ന ഉത്തേജക പാക്കേജിന് പുറമെ നേരത്തെ തന്നെ ജി.എസ്.ടി ഇനത്തിലും മറ്റുമായി സംസ്ഥാനങ്ങള്‍ക്ക് കൊടുത്തു തീര്‍ക്കാനുള്ള കുടിശ്ശിക ഉടന്‍ നല്‍കണമെന്നും റിസര്‍വ് ബാങ്ക് വഴി കൂടുതല്‍ വായ്പയെടുക്കാന്‍ അവസരമൊരുക്കണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്.

നിയന്ത്രണങ്ങള്‍ക്ക് വിധേയമായി തൊഴിലാളികള്‍ക്ക് കൂടുതല്‍ സഞ്ചാര സ്വാതന്ത്ര്യം അനുവദിക്കാനും ഗതാഗത സൗകര്യങ്ങള്‍ പുനസ്ഥാപിക്കാനും ആവശ്യമുയര്‍ന്നിട്ടുണ്ട്. കോവിഡ് ബാധയുടെ അടിസ്ഥാനത്തില്‍ ജില്ലകള്‍ തിരിച്ച് ലോക്ക്ഡൗണ്‍ എടുത്തു കളയാനും റെഡ്‌സോണുകള്‍ക്ക് പുറത്ത് കൂടുതല്‍ ഇളവ് അനുവദിക്കാനും മിക്ക സംസ്ഥാനങ്ങളും ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ട്.

അതേസമയം ഡല്‍ഹി, തെലങ്കാന, മേഘാലയ, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങള്‍ ലോക്ക്ഡൗണ്‍ കാലാവധി നീട്ടണമെന്നാണ് ആവശ്യപ്പെട്ടത്. മെയ് 16 വരെയെങ്കിലും ഇപ്പോഴത്തെ നിയന്ത്രണങ്ങള്‍ അനിവാര്യമാണെന്ന നിലപാടാണ് ഡല്‍ഹിയുടേത്. ആഭ്യന്തര മന്ത്രി അമിത് ഷായും പ്രധാനമന്ത്രിയോടൊപ്പം യോഗത്തില്‍ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here