“എന്റെ പ്രസംഗം എന്റെ ഹൃദയത്തില്‍ നിന്നാണ്, ഓരോ ഇന്ത്യക്കാരനും അത് അവരുടെ ഹൃദയത്തില്‍ നിന്നാണെന്ന് കരുതിയാണ് പങ്ക് വെച്ചത് “; തന്നെ ബന്ധനസ്ഥയാക്കാന്‍ ബിജെപിയുടെ കയ്യിലെ ചങ്ങല പോരെന്ന് മഹുവ മൊയ്ത്ര

0

ന്യൂദല്‍ഹി: (www.k-onenews.in) തൃണമൂല്‍ കോണ്‍ഗ്രസ് എം.പി മഹുവ മൊയ്ത്ര ആദ്യമായി ലോക്‌സഭയില്‍ നടത്തിയ പ്രസംഗം രാജ്യമൊട്ടാകെ ശ്രദ്ധേയമായിരുന്നു. രാജ്യം ഫാസിസത്തിലേക്ക് മാറിക്കൊണ്ടിരിക്കുകയാണെന്ന് ആരോപിച്ച് അതിന്റെ ഏഴ് അടയാളങ്ങള്‍ പറയുകയായിരുന്നു. ഇപ്പോള്‍ മഹുവ നടത്തിയ പ്രസംഗം കോപ്പിയടിച്ചതാണെന്ന ആരോപണവുമായി രംഗെത്തിയിരിക്കുകയാണ് ബി.ജെ.പി ട്രോള്‍ ആര്‍മി. ഇതിനെതിരെ മഹുവ മൊയ്ത്ര പ്രതികരിച്ചു.

ഡൊണാള്‍ഡ് ട്രംപ് ഭരിക്കുന്ന അമേരിക്കയില്‍ ഫാസിസത്തിലേക്ക് മാറുന്നുവെന്ന് പറയാവുന്ന 12 അടയാളങ്ങള്‍ ഉണ്ട് എന്ന് ഒരു വാഷിംഗ്ടണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മാസികയില്‍ വന്നിരുന്നു. അതില്‍ നിന്ന് കോപ്പിയടിച്ചാണ് മഹുവ മൊയ്ത്ര പ്രസംഗിച്ചതെന്നാണ് ബി.ജെ.പി. ട്രോള്‍ ആര്‍മിയുടെ ആരോപണം. ഇതിനെതിരെയാണ് മഹുവ മൊയ്ത്രയുടെ പ്രതികരണം.

ബി.ജെപി. ട്രോള്‍ ആര്‍മിയും ബി.ജെ.പിയോട് അനുഭാവം പുലര്‍ത്തുന്ന ചില മാധ്യമങ്ങളുും ആണ് ഈ ആരോപണം ഉന്നയിക്കുന്നത്. കോപ്പിയടി എന്നാല്‍ എവിടെ നിന്നാണ് ഇത് എന്ന് വ്യക്തമാക്കാതെ ഒരാള്‍ ചെയ്യുന്നതാണ്. എന്റെ സ്‌ത്രോതസ്സ് ഫാസിസത്തിന്റെ 14 അടയാളങ്ങള്‍ എന്ന് രാഷ്ട്രീയ നിരീക്ഷകന്‍ ഡോ. ലോറന്‍സ് ഡബ്ലു. ബ്രിട്ട് നിരീക്ഷിച്ചതില്‍ നിന്നാണെന്ന് എന്റെ പ്രസംഗത്തില്‍ തന്നെ ഞാന്‍ പറഞ്ഞിരുന്നു. ഞാനതില്‍ നിന്ന് ഇന്ത്യയില്‍ പ്രസക്തമായ ഏഴ് അടയാളങ്ങള്‍ കണ്ടെത്തുകയും അതിനെ കുറിച്ച് സംസാരിക്കുകയുമാണ് ചെയ്തത് എന്ന് മഹുവ മൊയ്ത്ര പറഞ്ഞു.

എന്റെ പ്രസംഗം എന്റെ ഹൃദയത്തില്‍ നിന്നാണ്.ഓരോ ഇന്ത്യക്കാരനും അത് അവരുടെ ഹൃദയത്തില്‍ നിന്നാണെന്ന് കരുതിയാണ് ആ പ്രസംഗം പങ്ക് വെച്ചത്. ഞാന്‍ ആവര്‍ത്തിക്കുന്നു.
നീയെന്നെ ബന്ധനസ്ഥനാക്കാന്‍ വന്നതാണ്, അതിന് നിന്റെ കയ്യിലുള്ള ചങ്ങല തികയുമോ എന്ന് മഹുവ മൊയ്ത്ര പറഞ്ഞു.

ജൂണ്‍ 25നാണ് മഹുവ മൊയ്ത്ര തന്റെ ആദ്യ പ്രസംഗം ലോക്‌സഭയില്‍ നടത്തിയത്.
പാര്‍ലമെന്റിന്റെ സമീപകാല ചരിത്രത്തില്‍ ഇത്രയധികം ശക്തമായ വാക്ധോരണി ഉണ്ടായിട്ടില്ലെന്നാണ് രാഷ്ട്രീയനിരീക്ഷകര്‍ വിലയിരുത്തുന്നത്.

ഇന്ത്യ ഒരു ഫാസിസ്റ്റ് രാജ്യമായി മാറിക്കൊണ്ടിരിക്കുകയാണെന്ന് ആരോപിച്ച മഹുവ, അതിന്റെ ഏഴു കാരണങ്ങളും എണ്ണിയെണ്ണിപ്പറഞ്ഞു.

‘അതില്‍ ആദ്യത്തേത്, ബി.ജെ.പിയുടെ അമിതമായ ദേശീയതാവാദമാണ്. അപരിചിതരെയും വിദേശികളെയും വെറുക്കുന്ന, ഉപരിപ്ലവും ഇടുങ്ങിയതുമായ ആ ചിന്താഗതി രാജ്യത്തെ വിഭജിക്കുന്നതാണ്, ഒന്നിപ്പിക്കുന്നതല്ല. അതിന്റെ ഫലമായാണ് ഭരണഘടന ഇന്ന് ഭീഷണി നേരിടുന്നത്.

മുസ്‌ലിങ്ങളെ ലക്ഷ്യംവെച്ചു മാത്രമാണ് മോദിസര്‍ക്കാര്‍ ദേശീയ പൗരത്വപ്പട്ടികയും പൗരത്വബില്ലും അടക്കമുള്ളവ കൊണ്ടുവന്നത്.

രാജ്യം കീറിമുറിക്കപ്പെട്ടുകഴിഞ്ഞു. പൗരന്മാരെ വീടുകളില്‍ നിന്നു പുറത്താക്കി, അവരെ അനധികൃത കുടിയേറ്റക്കാരെന്നു വിളിക്കുന്നു. 50 വര്‍ഷമായി രാജ്യത്തു ജീവിക്കുന്നവര്‍ തങ്ങള്‍ ഇന്ത്യക്കാരാണെന്നു തെളിയിക്കാന്‍ ഒരു കഷ്ണം പേപ്പര്‍ കാണിക്കേണ്ട അവസ്ഥയിലാണ്. കോളേജില്‍ നിന്ന് ബിരുദം നേടിയവരാണെന്നു തെളിയിക്കാന്‍ വേണ്ടി ഡിഗ്രി കാണിക്കാത്ത മന്ത്രിമാരുള്ള രാജ്യത്താണ് ജനങ്ങള്‍ ഇതു ചെയ്യേണ്ടിവരുന്നത്.’- മോദിയെയും കേന്ദ്രമന്ത്രി സ്മൃതി ഇറാനിയെയും ലക്ഷ്യംവെച്ച് മഹുവ പറഞ്ഞു.

 

ഇതിനിടെ തന്റെ പ്രസംഗം തടസ്സപ്പെടുത്താന്‍ വേണ്ടി മുദ്രാവാക്യം വിളിച്ച ഭരണകക്ഷി എം.പിമാരെ മഹുവ പരിഹസിച്ചു. രാജഭക്തി കാണിക്കാന്‍ വേണ്ടിയാണ് ഈ മുദ്രാവാക്യങ്ങളെന്നും രാജ്യസ്‌നേഹം കാണിക്കാന്‍ വേണ്ടിയല്ലെന്നും മഹുവ പറഞ്ഞു.

കുടുംബവാഴ്ചയുടെ പേരിലാണ് കോണ്‍ഗ്രസിനെ ബി.ജെ.പി ആക്രമിക്കുന്നത്. കോണ്‍ഗ്രസ് അത്തരത്തിലുള്ള 36 പേര്‍ക്ക് ഇത്തവണ ടിക്കറ്റ് നല്‍കിയപ്പോള്‍ ബി.ജെ.പി 31 പേര്‍ക്കു നല്‍കിയെന്നും അവര്‍ ചൂണ്ടിക്കാട്ടി.

ഒരു അജ്ഞാതനായ ശത്രുവുണ്ടെന്നു പറഞ്ഞ് ദേശീയ സുരക്ഷയുടെ പേരില്‍ ഉപദ്രവിക്കുന്നതാണ് നാലാമത്തെ പ്രശ്‌നം. സൈനികനേട്ടങ്ങള്‍ പോലും ചിലപ്പോള്‍ ഒരാളിലേക്കു ചുരുങ്ങുന്നുവെന്ന് മോദിയെ ലക്ഷ്യംവെച്ച് അവര്‍ പറഞ്ഞു. അതേസമയം ഭീകരാക്രമണങ്ങള്‍ വര്‍ധിക്കുന്നു. കശ്മീരിലെ ജവാന്മാരുടെ മരണത്തില്‍ 106 മടങ്ങ് വര്‍ധനയാണുണ്ടായിരിക്കുന്നത്.

ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു സര്‍ക്കാരും മതവും തമ്മില്‍ കൂടി പിണഞ്ഞു കിടക്കുകയാണെന്നാണ് അഞ്ചാമത്തെ കാരണമായി അവര്‍ ചൂണ്ടിക്കാട്ടിയത്. ഇന്ത്യ നിലനില്‍ക്കുന്ന 80 ഏക്കറിനേക്കാള്‍ രാമജന്മഭൂമിയുടെ 2.77 ഏക്കറിലാണ് പാര്‍ലമെന്റംഗങ്ങളുടെ ആശങ്കയെന്ന് അവര്‍ പരിഹസിച്ചു.

ബുദ്ധീജിവികളോടും കലയോടുമുള്ള വെറുപ്പാണ് ആറാമത്തെ പ്രശ്‌നം. വിയോജിപ്പിനെ അടിച്ചമര്‍ത്തുന്നത് വര്‍ധിച്ചു. ലിബറല്‍ വിദ്യാഭ്യാസത്തിന്റെ ഫണ്ട് കുറച്ചു.

ഇന്ത്യയെ കറുത്തകാലത്തേക്കു തള്ളിവിടുകയാണ്. സെക്കന്‍ഡറി സ്‌കൂള്‍ പാഠപുസ്തകങ്ങളില്‍ കൃത്രിമം കാണിക്കുന്നു. ചോദ്യംചോദിക്കുന്നതിനെ നിങ്ങള്‍ ഇഷ്ടപ്പെടുന്നില്ല.

ഇലക്ടറല്‍ സംവിധാനത്തില്‍നിന്ന് സ്വാതന്ത്ര്യം ചോര്‍ന്നുപോയതാണ് ഫാസിസത്തിന്റെ അവസാനസൂചകമെന്നും അവര്‍ പറഞ്ഞു. പ്രധാന ഉദ്യോഗസ്ഥരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ സ്ഥലംമാറ്റി. തെരഞ്ഞെടുപ്പിന് ആഴ്ചകള്‍ക്കുമുന്‍പ് ബംഗാളിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി.

എന്നാല്‍ തെരഞ്ഞെടുപ്പിന് ചെലവാക്കിയ 60000 കോടിയില്‍ 27000 കോടിയും ചെലവാക്കിയ ബി.ജെ.പിക്കെതിരേ കമ്മീഷന്‍ നടപടിയെടുക്കുന്നില്ല.

യു.എസിലെ ഹോളോകോസ്റ്റ് സ്മാരകത്തില്‍ 2017-ല്‍ ഒരു പോസ്റ്റര്‍ ഉണ്ടായിരുന്നെന്നും അതില്‍ ഫാസിസത്തിന്റെ സൂചകങ്ങളെക്കുറിച്ചുള്ള മുന്നറിയിപ്പുണ്ടെന്നും അവര്‍ ചൂണ്ടിക്കാട്ടി.

തനിക്ക് വിയോജിക്കാനുള്ള അവകാശമുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് മഹുവ തന്റെ പ്രസംഗം അവസാനിപ്പിച്ചത്.

ബെഞ്ചിലിരിക്കുന്നതിന് മുമ്പ് രണ്ടുവരി കവിത കൂടി അവര്‍ ചൊല്ലി- ‘സഭീ കാ ഖൂന്‍ ഹേ ശാമില്‍ യഹാ കാ മിട്ടീ മേ.. കിസീ കാ ബാപ് കാ ഹിന്ദുസ്ഥാന്‍ തോഡീ ഹേ..’

LEAVE A REPLY

Please enter your comment!
Please enter your name here