മമ്മൂട്ടി നായകനായ ‘ഡോ:അംബേദ്‌കർ’ മലയാളത്തിലെത്തിക്കാൻ‌ പിന്തുണ തേടി സംവിധായകൻ

0

കൊച്ചി:(www.k-onenews.in) 

ഇന്ത്യൻ ഭരണഘടനാ ശിൽപി ഡോ:ബി ആർ അംബേദ്കറുടെ ജീവിതം ആസ്‌പദമാക്കി ചിത്രീകരിച്ച ‘ബാബാസാഹബ്‌ അംബേദ്‌കർ’ എന്ന സിനിമ മലയാളത്തിലേക്ക്‌ മൊഴിമാറ്റി പ്രദർശനത്തിനെത്തിക്കാൻ പിന്തുണ തേടി സംവിധായകൻ ജബ്ബാർ പട്ടേൽ. 

മലയാളത്തിൽ ഉടൻ തന്നെ ചിത്രം പുറത്തിറക്കാൻ ആഗ്രഹിക്കുന്നതായും എന്നാൽ മലയാള  ചലചിത്ര രംഗത്തെ ചില പ്രമുഖർ ഇതിനോട്‌ കടുത്ത എതിർപ്പാണ് പ്രകടിപ്പിക്കുന്നതെന്നും സംവിധായകൻ വെളിപ്പെടുത്തിയിട്ടുണ്ട്‌. ഇതു സംബന്ധിച്ച്‌ കേരള ഹൈക്കോടതിയിൽ കേസ്‌ ഫയൽ ചെയ്ത കേരള ദളിത്‌ പാന്ഥേഴ്സ്‌ നേതാവ്‌ കെ.അംബുജാക്ഷനോടാണ് അദ്ധേഹം ഇക്കാര്യം വെളിപ്പെടുത്തിയത്‌. 

മമ്മൂട്ടിക്ക്‌ മികച്ച നടനുള്ള ദേശീയ അവാർഡ്‌ നേടിക്കൊടുത്ത ഈ ചിത്രം 9 കോടി മുടക്കി 2000- ലാണ് നിർമിച്ചത്‌. ചിത്രം മലയാളത്തിലേക്ക്‌ മൊഴിമാറ്റി തീയറ്ററുകളിലെത്തുന്നതും കാത്തിരിക്കുകയാണ് രാഷ്ട്രീയ വിദ്യാർത്ഥികളും സിനിമാ പ്രേമികളും. 

കെ.അംബുജാക്ഷന്റെ കുറിപ്പ്‌ ചുവടെ; 

ബാബാസാഹെബ് ഡോ.അംബേദ്കറുടെ ജീവിതവും ദർശനവും അഭ്രപാളികളിൽ സന്നിവേശിപ്പിച്ച ചലച്ചിത്രകാവ്യം  മലയാളത്തിലേക്ക് മൊഴിമാറ്റം നിർവഹിച്ച്  തീയറ്ററുകളിൽ പ്രദർശിപ്പിച്ചു കാണാൻ ആഗ്രഹിക്കുന്ന കേരളീയരായ  ജനലക്ഷങ്ങൾക്ക് പ്രതീക്ഷ നല്ലിക്കൊണ്ടൊരു  സന്തോഷ വാർത്ത. 

ഭരത് മമ്മൂട്ടിക്ക്  അന്തർദ്ദേശീയ പുരസ്ക്കാരം നേടിക്കൊടുത്ത “ബാബാ സാഹെബ് അംബേദ്കർ” എന്ന ജബ്ബാർ പട്ടേൽ സംവ്വിധാനം ചെയ്ത സിനിമ മലയാളത്തിലേക്ക് ഡബ്ബ് ചെയ്ത് തീയറ്ററുകളിൽ പ്രദർശിപ്പിക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് കേരള ദലിത് പാന്തർ പ്രസ്ഥാനത്തെ പ്രതിനിധീകരിച്ച്, അഡ്വ.കെ.കെ.പ്രീത മുഖാന്തിരം ഞാൻ കേരള ഹൈക്കോടതിയിൽ ഫയൽ ചെയ്ത കേസ് പോസിറ്റീവ് ആയ ഒരു വഴിത്തിരിവിലേക്ക് എത്തിയിരിക്കുന്നു. കേസുമായി ബന്ധപ്പെട്ട് നാഷണൽ ഫിലിം ഡവലപ്മെന്റ് കോർപ്പറേഷൻ, സംവ്വിധായകനായ ജബ്ബാർ പട്ടേൽ എന്നിവരോട് കോടതി വിശദീകരണം  തേടിയിരുന്നു. 

ഇന്നലെ ഈ വിഷയവുമായി ബന്ധപ്പെട്ട് ജബ്ബാർ പട്ടേൽ എന്നെ നേരിട്ട് ഫോണിൽ ബന്ധപ്പെടുകയും മലയാളത്തിൽ ഉടൻ തന്നെ  സിനിമ പുറത്തിറക്കാൻ ആഗ്രഹിക്കുന്നതായി അറിയിക്കുകയും ചെയ്തു. വ്യവഹാരത്തിൽ ഏർപ്പെട്ടിരിക്കുന്നതിനാൽ KDP യുടെ നിർലോഭമായ പിൻതുന്ന ആവശ്യപ്പെട്ട അദ്ദേഹം ഒരു സുപ്രധാന കാര്യം കൂടി വെളിപ്പെടുത്തുകയുണ്ടായി. പ്രസ്തുത സിനിമയുമായി ബന്ധപ്പെട്ടവരുൾപ്പെടെ കേരളത്തിൽ നിന്നുള്ള ലോക പ്രശസ്തരായ ചില ചലച്ചിത്ര പ്രവർത്തകർക്ക് സിനിമ മലയാളത്തിൽ വരുന്നതിനോട് കടുത്ത വിയോജിപ്പാണുള്ളതെന്ന്. കൂടുതൽ  ചർച്ചകൾക്കായി ജബ്ബാർ പട്ടേൽ ആവശ്യപ്പെട്ടിരിക്കുകയാണ്. എന്തായാലും ഈ സിനിമ  മലയാളത്തിൽ ഡബ്ബ് ചെയ്ത് പ്രദർശിപ്പിക്കുകയെന്നതല്ലാതെ  യാതൊരു വിട്ടുവീഴ്ചയും നമ്മൾ ആഗ്രഹിക്കുന്നില്ല. ബാബാ സാഹേബ് അംബേദ്ക്കറെ  സ്നേഹിക്കുന്ന  മുഴുവൻ സദ്ഹൃദയരുടെയും ജനാധിപത്യ വാദികളുടെയും  പിൻതുണയും സഹകരണവും അഭ്യർത്ഥിക്കുന്നു. അഭിപ്രായങ്ങൾ അറിയിക്കുമല്ലോ. 

ജയ് ഭീം. 

LEAVE A REPLY

Please enter your comment!
Please enter your name here