മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പ്‌; എസ്ഡിപിഐ വോട്ട്‌ ആർക്കു വീഴും? തീരുമാനം അറിയാൻ ഇരു മുന്നണികളും

0
2

കാസർഗോഡ്‌:(www.k-onenews.in)

മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പിൽ എസ്ഡിപിഐ വോട്ടുകൾ ആരുടെ പെട്ടിയിൽ വീഴുമെന്ന് കാത്തിരിക്കുകയാണ് ഇടത്‌ വലതു‌ മുന്നണികൾ. ശക്തമായ ത്രികോണ മത്സരം നടക്കുന്ന മണ്ഡലത്തിൽ ഈ വോട്ടുകൾക്ക്‌ നിർണായക സ്വാധീനം ചെലുത്താനാവുമെന്നാണു രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്‌.
എന്നാൽ ആർക്ക്‌ വോട്ടു ചെയ്യുമെന്ന കാര്യത്തിൽ എസ്ഡിപിഐ നേതൃത്വത്തിൽ നിന്ന് ഒരു സൂചന പോലും ഇനിയും പുറത്തു വന്നിട്ടില്ല. ഇത്‌ മുന്നണി നേതൃത്വത്തിന്റെ നെഞ്ചിടിപ്പ്‌ കൂട്ടുന്നുണ്ട്‌.

പാർട്ടിക്ക്‌ മഞ്ചേശ്വരം മണ്ഡലത്തിൽ അയ്യായിരത്തോളം ഉറച്ച വോട്ടുകളുണ്ടെന്നാണു സ്പെഷ്യൽ ബ്രാഞ്ചിന്റെ കണക്ക്‌. എന്നാൽ അനുഭാവികൾ ഉൾപ്പെടെയുള്ളവരുടെ വോട്ടുകളുടെ എണ്ണവും ചേർത്താൽ ഇതിലും കൂടുമെന്നാണു സൂചന.
ഉറുദു ഭാഷക്കാരായ ഹനഫി വിഭാഗക്കാരുടെ വോട്ടും മഞ്ചേശ്വരത്തിൽ മണ്ഡലത്തിൽ നിർണായകമാണ്. ദക്ഷിണ കന്നഡയിൽ വേരുകളുള്ള ഈ വിഭാഗത്തിനിടയിലും എസ്ഡിപിഐക്ക്‌ നിർണ്ണായക സ്വാധീനമുണ്ട്‌.

മുസ്ലിം യൂത്ത്‌ലീഗിലെയും കോൺഗ്രസിലെയും ഒരു വിഭാഗം പ്രവർത്തകർ തങ്ങളുടെ വോട്ട്‌ എൽഡിഎഫ്‌ സ്ഥാനാർത്ഥി ശങ്കർ റൈക്ക്‌ മറിക്കുമെന്ന് നേരത്തെ മുന്നറിയിപ്പ്‌ നൽകിയത്‌ യുഡിഎഫ്‌ നേതൃത്വത്തിനും, ശബരിമല വിഷയത്തിൽ അസംതൃപ്‌തരായ ഹൈന്ദവ വോട്ടുകൾ സിപിഎമ്മിൽ നിന്ന് അകന്നത്‌ എൽഡിഎഫിനും തലവേദന സൃഷ്ടിച്ചിട്ടുണ്ട്‌. ഈ വോട്ടു ചോർച്ചകൾ മുന്നിൽ കണ്ടാണു എസ്‌ഡിപിഐ വോട്ടുകൾ എങ്ങനെയും പെട്ടിയിലാക്കാൻ മുന്നണി നേതൃത്വങ്ങൾ തിരക്കിട്ട ചർച്ചകൾ നടത്തിക്കൊണ്ടിരിക്കുന്നത്‌.

അതേസമയം, പാർട്ടിക്ക്‌ സ്ഥാനാർത്ഥികളില്ലാത്ത മണ്ഡലങ്ങളിൽ സംഘപരിവാറിന്റെ വിജയം തടയാൻ മതനിരപേക്ഷ ചേരിയിലുള്ള ഏറ്റവും വിജയ സാധ്യതയുള്ള സ്ഥാനാർത്ഥിയെ പിന്തുണക്കുക എന്നതാണു പാർട്ടിയുടെ പ്രഖ്യാപിത നയമെന്ന് എസ്‌ഡിപിഐ ഒരു ജില്ലാ നേതാവ്‌ കെ-വൺ ന്യൂസിനോട്‌ വ്യക്തമാക്കി.

 

sponsored link :-

LEAVE A REPLY

Please enter your comment!
Please enter your name here