ആഷസ് ടെസ്റ്റിനിടെ ഇസ്‌ലാമോഫോബിയ; ആസ്‌ട്രേലിയന്‍ താരം ‘ഒസാമ’ എന്ന് വിളിച്ചതായി മോയിന്‍ അലി: അന്വേഷിക്കുമെന്ന് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡ്

0

ലണ്ടന്‍: (www.k-onenews.in) ആഷസ് ടെസ്റ്റ് പരമ്പരക്കിടെ വംശീയാധിക്ഷേപം നേരിട്ടതായി ഇംഗ്ലീഷ് താരം മോയിന്‍ അലി. 2015 ആഷസ് പരമ്പരക്കിടെ ഉണ്ടായ സംഭവമാണ് താരം ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

കാര്‍ഡിഫില്‍ നടന്ന ആദ്യ ടെസ്റ്റിനിടെയാണ് സംഭവം. മത്സരത്തില്‍ 77 റണ്‍സും, 5 വിക്കറ്റും നേടി മോയിന്‍ അലി മികച്ച പ്രകടനം നടത്തിയിരുന്നു. മത്സരത്തിനിടെ ഒരു ആസ്‌ട്രേലിയന്‍ താരം ”ടേക് ദാറ്റ്, ഒസാമ” എന്ന് തന്നോട് പറഞ്ഞതായാണ് ഇപ്പോള്‍ മോയിന്‍ അലി വെളിപ്പെടുത്തിയിരിക്കുന്നത്.

എന്നാല്‍ ആരാണ് ഈ വിധം പെരുമാറിയതെന്ന് മോയിന്‍ അലി പറയുന്നില്ല. വ്യക്തിപരമായി ഈ പരാമര്‍ശം തന്നെ ഏറെ വിഷമിപ്പിച്ചെന്ന് മോയിന്‍ അലി പറയുന്നു.

ഇംഗ്ലണ്ട് കോച്ച് ട്രെവര്‍ ബെയിലിസ് ഈ സംഭവം അന്നത്തെ ഓസ്‌ട്രേലിയന്‍ കോച്ചായ ഡാരന്‍ ലേമാനൊട് പറഞ്ഞിരുന്നു. എന്നാല്‍ ലേമാന്‍ വിശദീകരണം തേടിയപ്പോള്‍ താരം ഇത് നിഷേധിക്കുകയാണ് ചെയ്തതെന്നും അലി പറഞ്ഞു.

2015 ആഷസിനിടെ മോയിന്‍ അലിയെ ഓസ്‌ട്രേലിയന്‍ താരം ‘ഒസാമ’ എന്ന വിളിച്ച സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ. ഇത്തരം കമന്റുകള്‍ അംഗീകരിക്കാന്‍ പറ്റാത്തതാണെന്നും ഓസ്‌ട്രേലിയന്‍ സമൂഹത്തിലോ ക്രിക്കറ്റിലോ ഇതിന് സ്ഥാനമില്ലെന്നും ക്രിക്കറ്റ് ഓസ്‌ട്രേലിയ വക്താവ് പറഞ്ഞു.

സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിശദാംശങ്ങള്‍ കിട്ടുന്നതിനായി ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡുമായി ബന്ധപ്പെടുമെന്നും ക്രിക്കറ്റ് ഓസ്‌ട്രേലിയ വക്താവ് വ്യക്തമാക്കി.
ദ ടൈംസില്‍ പരമ്പരയായി പ്രസിദ്ധീകരിക്കുന്ന തന്റെ ആത്മകഥയിലാണ് മോയിന്‍ അലി വംശീയാധിക്ഷേപത്തെ കുറിച്ച് വെളിപ്പെടുത്തിയിരുന്നത്.

ക്രിക്കറ്റ് ലോകത്ത് പുതിയ വിവാദത്തിന് തുടക്കമിട്ടിരിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here