മുസ്ലിം ആയി ജീവിക്കണം,“വീട്ടുതടങ്കലില്‍ ആയിരുന്നപ്പോള്‍ തന്ന ഭക്ഷണത്തില്‍ മയക്കുമരുന്ന് കലര്‍ത്തിയിരുന്നു”: ഡോ ഹാദിയ സുപ്രിം കോടതിയില്‍

0
ദില്ലി: (www.k-onenews.in) മുസ്ലിം ആയി ജീവിക്കണം, തനിക്ക് മാതാപിതാക്കളോട് വെറുപ്പില്ല ഞാന്‍ മുസ്ലിമാണ്. തനിക്ക് സ്വതന്ത്രയായി ജീവിക്കുന്നതിനുള്ള പൂര്‍ണസ്വാതന്ത്രം വേണം. അതു കോടതി പുനഃസ്ഥാപിക്കണമെന്ന് ഹാദിയ സുപ്രീം കോടതിയെ അറിയിച്ചു. വീട്ട് തടങ്കലില്‍ ആയിരുന്നപ്പോള്‍ തന്ന ഭക്ഷണത്തില്‍ മയക്ക് മരുന്ന് കലര്‍ത്തിയിരുന്നു. തെളിവ് കൈമാറാമെന്ന് അറിയിച്ചിട്ടും കോട്ടയം ജില്ലാ പൊലീസ് മേധാവി തന്നെ കാണാന്‍ എത്തിയില്ല. പൊലീസിനോട് പറഞ്ഞിട്ടും ഒരു നടപടിയും ഉണ്ടായില്ല. താന്‍ കൊല്ലപ്പെട്ടേക്കാം എന്ന് രാഹുല്‍ ഈശ്വറിനോട് പറഞ്ഞിരുന്നതായും ഡോ ഹാദിയ.
ഹൈക്കോടതി വിധിയെ തുടര്‍ന്ന് വീട്ടിലേക്ക് മാറ്റിയതിന് ശേഷം കടുത്ത പീഡനങ്ങളാണ് മാതപിതാക്കളില്‍ നിന്ന് നേരിടേണ്ടി വന്നത് എന്നാണ് സുപ്രിം കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്ന സത്യവാങ്മൂലത്തില്‍ ഹാദിയ ആരോപിച്ചിരിക്കുന്നത്. വീട്ടില്‍ അമ്മ പാകം ചെയ്തിരുന്ന ഭക്ഷണമാണ് കഴിച്ചിരുന്നത്.
ഒരു ദിവസം അമ്മ പ്രാതല്‍ ഭക്ഷണം ഉണ്ടാക്കികൊണ്ടിരുന്നപ്പോള്‍ അടുക്കളയിലേക്ക് പോയി. അടുക്കളയില്‍ തന്റെ സാന്നിധ്യം അമ്മ ശ്രദ്ധിച്ചില്ല. അടുക്കളയില്‍ എത്തിയപ്പോള്‍ തനിക്ക് ഉണ്ടാക്കുന്ന ഭക്ഷണത്തില്‍ അമ്മ അസ്വാഭാവികമായി എന്തോ ചെയ്യുന്നത് കണ്ടുവെന്ന് ഹാദിയ സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇത് തന്നെ ഞെട്ടിപ്പിച്ചു.
അമ്മയുടെ ഈ പ്രവൃത്തി പൊലീസിന്റെ ശ്രദ്ധയില്‍പ്പെടുത്തി. എന്നാല്‍ തന്നെ കേള്‍ക്കാനോ താന്‍ ഉന്നയിച്ച വിഷയങ്ങളില്‍ എന്തെങ്കിലും നടപടി സ്വീകരിക്കാനോ പൊലീസ് തയ്യാറായില്ല. അന്ന് മുതല്‍ സ്വന്തമായി ഭക്ഷണം തയ്യാറാക്കാന്‍ തുടങ്ങി. തനിക്കെതിരെ ഉണ്ടാകുന്ന കുറ്റകൃത്യങ്ങളില്‍ പൊലീസ് നടപടി സ്വീകരിക്കില്ലെന്ന് അതോടെ വ്യക്തമായതായും ഹാദിയ സുപ്രിം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ഭക്ഷണത്തില്‍ മാതാപിതാക്കള്‍ മയക്കുമരുന്ന് കലര്‍ത്തുന്നതായി മനസിലായതിനെ തുടര്‍ന്ന് കോട്ടയം ജില്ലാ പൊലീസ് മേധാവിയെ കാണണമെന്ന് ആവശ്യപ്പെട്ടു. ഭക്ഷണത്തില്‍ മയക്കുമരുന്ന് കലര്‍ത്തുന്നു എന്നതിന് തെളിവുണ്ടെന്നും ഇക്കാര്യം ജില്ലാ പൊലീസ് മേധാവിക്ക് കൈമാറാമെന്നും പൊലീസുകാരെ അറിയിച്ചു. തുടര്‍ച്ചയായി മൂന്ന് ദിവസം ഭക്ഷണം ഉപേക്ഷിച്ചു. പച്ചവെള്ളം പോലും കുടിച്ചില്ല. മൂന്നാം ദിവസം സ്‌പെഷ്യല്‍ ബ്രാഞ്ചിലെ ഡിവൈഎസ്പി തന്നെ സന്ദര്‍ശിക്കുകയും ജില്ലാ പൊലീസ് മേധാവി രണ്ട് ദിവസത്തിനുള്ളില്‍ തന്നെ സന്ദര്‍ശിക്കുമെന്ന് അറിയിക്കുകയും ചെയ്തു. എന്നാല്‍ പറഞ്ഞ ദിവസവും ജില്ലാ പൊലീസ് മേധാവി കാണാന്‍ എത്തിയില്ല.
ഇതേത്തുടര്‍ന്ന് വീണ്ടും നിരാഹാരം ആരംഭിച്ചു. റംസാന്‍ മാസത്തിലെ നിരാഹാരവും തുടര്‍ന്നുള്ള ആറ് ദിവസത്തെ നിരാഹാരവും ആരോഗ്യനില വഷളാക്കി. കടുത്ത അണു ബാധയെ തുടര്‍ന്ന് ഒരിക്കല്‍ ആശുപത്രിയില്‍ കൊണ്ട് പോയതായും ഹാദിയ സുപ്രിം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. സ്ഥിതി അനുദിനം വഷളായിട്ടും കോട്ടയം ജില്ലാ പൊലീസ് മേധാവി തന്റെ പക്കലുള്ള തെളിവ് പരിശോധിക്കാന്‍ തയ്യാറായില്ലെന്നും സുപ്രിം കോടതിയില്‍ ഫയല്‍ ചെയ്തിരിക്കുന്ന സത്യവാങ്മൂലത്തില്‍ ഹാദിയ വ്യക്തമാക്കിയിട്ടുണ്ട്.
രാഹുല്‍ ഈശ്വര്‍ കാണാന്‍ മൂന്ന് തവണ വന്നിരുന്നു. ഇസ്ലാം മതം ഉപേക്ഷിക്കണം എന്ന് നിര്‍ബന്ധിച്ചു. എന്നാല്‍ ഇസ്ലാം മതത്തില്‍ തുടരാന്‍ ഉള്ളതന്റെ നിശ്ചയദാര്‍ഢ്യം രാഹുല്‍ ഈശ്വറിന് ബോധ്യം ആയി. ഏതു സമയവും താന്‍ കൊല്ലപ്പെട്ടേക്കാം എന്ന് ഒരിക്കല്‍ രാഹുല്‍ ഈശ്വരനോട് പറഞ്ഞിരുന്നു. താന്‍ മരിച്ചാല്‍ മാതാപിതാക്കള്‍ തന്റെ ശിരോ വസ്ത്രം നീക്കി, ഹിന്ദു മതത്തിലേക്ക് തിരികെ മതം മാറിയതായി അവകാശപ്പെടും എന്ന് രാഹുല്‍ ഈശ്വറിനെ അറിയിച്ചിരുന്നു. മരിച്ചാല്‍ ഇസ്ലാം ആചാര പ്രകാരം ആണ് തന്റെ സംസ്‌കാരം നടത്തേണ്ടത് എന്നും ഇക്കാര്യം പുറം ലോകത്തെ അറിയിക്കണം എന്നും രാഹുല്‍ ഈശ്വരനോട് അഭ്യര്‍ഥിച്ചതായും ഹാദിയ സത്യവാങ്മൂലത്തില്‍ വെളിപ്പെടുത്തി.
തന്റെ അനുമതി ഇല്ലാതെ രാഹുല്‍ ഈശ്വര്‍ ഫോട്ടോയും വീഡിയോ ദൃശ്യങ്ങളും മൊബെയിലില്‍ പകര്‍ത്തുമ്പോള്‍ അച്ഛനും പൊലീസും വെറും കാഴ്ചക്കാരായി നോക്കി നില്‍ക്കുകയായിരുന്നെന്നും ഹാദിയ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ആറു മാസത്തോളം വീട്ടുതടങ്കലില്‍ ആയിരുന്നു. ഈ സമയത്തൊക്കെ വീട്ടുതടങ്കലിലാക്കാന്‍ കോടതി ഉത്തരവ് ഇട്ടിട്ടുണ്ടോയെന്ന് പൊലീസിനോട് ആരാഞ്ഞിരുന്നു. മൊബൈല്‍ ഫോണ്‍ ലഭിക്കാന്‍ മൂന്ന് മാസം നിരാഹാരം കിടന്നു.
വീട്ടുതടങ്കലില്‍ കഴിഞ്ഞ വേളയില്‍ അനുഭവിച്ച യാതനങ്ങള്‍ക്ക് നഷ്ടപരിഹാരം വേണം. തനിക്ക് ഉണ്ടായത് പരിഹരിക്കാന്‍ സാധിക്കാത്ത നഷ്ടമാണ്. പലതരത്തില്‍ തനിക്കെതിരെ പ്രചരണങ്ങളുണ്ടായി. ഇവ അടിസ്ഥാനരഹിതവും വിദ്വേഷം നിറഞ്ഞതുമായിരുന്നു. തന്റെ മാനസികനില തകര്‍ന്നുവെന്നും ഐഎസുമായി ബന്ധമുണ്ടെന്നും ആരോപണങ്ങളുണ്ടായി. ഇതിന്റെ പേരില്‍ മാധ്യമവിചാരണ നടന്നു. തന്റെ ഭാവിയെ ഇത് പ്രതികൂലമായി ബാധിക്കും. എന്‍ഐഎയിലെ ചില ഉദ്യോഗസ്ഥര്‍ എന്നോട് പെരുമാറിയത് ക്രിമിനലും തീവ്രവാദിയും എന്ന നിലയിലാണ്. തെറ്റ് ചെയ്യാതെയാണ് ഇത്തരം പീഡനങ്ങള്‍ നേരിട്ടത്. പീഡനങ്ങള്‍ക്ക് കാരണമായി മാറിയത് മൗലികഅവകാശം വിനയോഗിച്ചതാണ്. തനിക്ക് ഇതിനു നഷ്ടപരിഹാരം വേണം. നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാരിനോടും ഉത്തരവാദിത്തപ്പെട്ടവരോടും നിര്‍ദേശിക്കണം.
25 പേജ് ദൈര്‍ഘ്യമുള്ളതാണ് സത്യവാങ്മൂലം. മാതാപിതാക്കളോടുള്ള കടപ്പാട് വിലമതിക്കാന്‍ സാധിക്കില്ല. അവരെ ഉപേക്ഷിക്കുകയോ തള്ളിപ്പറയുകയോ ചെയില്ല. മാതാപിതാക്കള്‍ ഇസ്ലാം വിശ്വാസം ഉപേക്ഷിക്കാനാണ് പറയുന്നത്. ഇസ്ലാം വിശ്വാസം ഉപേക്ഷിക്കാതെ വീട്ടിലേക്ക് വരാന്‍ പാടില്ലെന്നാണ് അവര്‍ പറയുന്നത്. പക്ഷേ തനിക്ക് ഇന്ത്യന്‍ പൗരയായി ജീവിക്കാനും മരിക്കുന്നതിനുള്ള അവകാശം ചോദ്യം ചെയ്യാന്‍ ആര്‍ക്കും അധികാരമില്ലെന്നും ഹാദിയ സത്യവാങ്മൂലത്തില്‍ അറിയിച്ചു.
അഭിഭാഷകനായ സയ്യദ് മര്‍സൂക് ബാഫഖി ഫയല്‍ ചെയ്ത ഹാദിയയുടെ സത്യവാങ്മൂലം സുപ്രിം കോടതി വ്യാഴാഴ്ച പരിഗണിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here