അമിത് ഷാക്കെതിരെയുള്ള ‘കറുത്ത മതിൽ’‍ മുസ്‌ലിം ലീഗ് റദ്ദാക്കി ; അതൃപ്തിയറിയിച്ച്‌ പികെ ഫിറോസ്‌

0
2

കോഴിക്കോട്‌:(www.k-onenews.in)

പൗരത്വ ഭേദഗതി നിയമം ന്യായീകരിക്കാന്‍ കോഴിക്കോട്ടെത്തുന്ന ബിജെപി ദേശീയ അധ്യക്ഷൻ അമിത്ഷായ്‌ക്കെതിരേ യൂത്ത് ലീഗ് നടത്താനിരുന്ന പ്രതിഷേധ സമരം മാറ്റിവെച്ചതായി പികെ. കുഞ്ഞാലിക്കുട്ടി എംപി വ്യക്തമാക്കി. അമിത്ഷാ വരുന്ന ദിവസം യൂത്ത് ലീഗ് സമരം ഉണ്ടാകില്ലെന്ന് അദ്ദേഹം മാധ്യമങ്ങളെ അറിയിച്ചു. അമിത് ഷായുടെ സന്ദര്‍ശന ദിവസം സംഘര്‍ഷമുണ്ടാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും യൂത്ത് ലീഗുമായി സംസാരിച്ചു സമരം വേണ്ടെന്ന് വച്ചുവെന്നും കുഞ്ഞാലിക്കുട്ടി മാധ്യമ പ്രവർത്തകരെ അറിയിക്കുകയായിരുന്നു.

അതേ സമയം പ്രതിഷേധ മതിൽ മാറ്റി വെച്ചതിൽ അതൃപ്തി അറിയിച്ച്‌ യൂത്ത്‌ലീഗ്‌ സംസ്ഥാന ജനറൽ സെക്രട്ടറി പികെ ഫിറോസ്‌ രംഗത്തെത്തിയിരിക്കയാണ്. യൂത്ത്‌ ലീഗ്‌ പ്രഖ്യാപിച്ച പരിപാടി റദ്ദാക്കിയ വിവരം വാർത്താ മാധ്യമങ്ങളിലൂടെയാണ് താൻ അറിഞ്ഞതെന്ന് ഫിറോസ്‌ തുറന്നടിച്ചു. ഇതോടെ യൂത്ത്‌ ലീഗ്‌ നേതൃത്വവുമായി ആലോചിച്ചാണ് പ്രതിഷേധ പരിപാടി മാറ്റി വെച്ചതെന്ന പികെ കുഞ്ഞാലിക്കുട്ടിയുടെ അവകാശവാദം പൊളിയുകയാണ്. പ്രതിഷേധ മതിൽ പ്രഖ്യാപിച്ച ഉടനെ സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ വ്യാപക പ്രചാരണവുമായി യൂത്ത്‌ലീഗ്‌ പ്രവർത്തകർ രംഗത്തെത്തിയിരുന്നെങ്കിലും പൊടുന്നനെ റദ്ദാക്കിയത്‌ അണികളിൽ രോഷത്തിനിടയാക്കിയിട്ടുണ്ട്‌.

ഈ മാസം 15നാണ് അമിത്ഷാ കോഴിക്കോട്ടെത്തുന്നത്. അന്നേദിവസം കരിപ്പൂര്‍ വിമാനത്താവളം മുതല്‍ വെസ്റ്റ് ഹില്‍ ഹെലിപ്പാഡുവരെ കറുത്ത മതില്‍ സംഘടിപ്പിക്കുമെന്നാണ് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസ് അറിയിച്ചിരുന്നത്. 35 കിലോമീറ്റര്‍ നീളത്തില്‍ ഒരുലക്ഷം ആളുകളെ പ്രതിഷേധത്തില്‍ അണിനിരത്തുമെന്നും ഫിറോസ് വ്യക്തമാക്കിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here