മാളില്‍ ഒറ്റപ്പെട്ട നിലയില്‍ കണ്ടെത്തിയ അഞ്ചു വയസുകാരന്റ രക്ഷിതാക്കളെ 11 ദിവസമായിട്ടും കണ്ടെത്താനാകാതെ ദുബൈ പോലീസ്; ഉപേക്ഷിച്ച് കടന്നുകളഞ്ഞതാണെന്ന് സംശയം

0
1

ദുബൈ: (www.k-onenews.in) മാളില്‍ ഒറ്റപ്പെട്ട നിലയില്‍ കണ്ടെത്തിയ അഞ്ചു വയസുകാരന്റ രക്ഷിതാക്കളെ കണ്ടെത്താനാകാതെ ദുബൈ പോലീസ്. കുട്ടിയെ കിട്ടിയിട്ട് 11 ദിവസമായിട്ടും ഇതുവരെ യാതൊരു തുമ്പും കിട്ടാത്തതില്‍ ദുരൂഹതയുണ്ടെന്ന് പോലീസ് സ൦ശയിക്കുന്നു. അതുകൊണ്ടുതന്നെ കുഞ്ഞിനെ മാളില്‍ ഉപേക്ഷിച്ച് കടന്നുകളഞ്ഞതാകാമെന്ന സംശയമുണ്ടെന്നു൦ ദുബൈ പോലീസ്. തുടര്‍ന്ന് കുട്ടിയെ പോലീസ് ദുബൈ ഫൗണ്ടേഷന്‍ ഫോര്‍ വുമന്‍ ആന്‍ഡ് ചില്‍ഡ്രന്റെ സംരക്ഷണത്തിലാക്കിയിരിക്കുകയാണ്.

ഈ മാസ൦ ഏഴിനാണ് ഏഷ്യന്‍ കുടുംബത്തിലേതെന്ന് കരുതുന്ന അഞ്ചുവയസുകാരനെ ഒരു മാളില്‍ നിന്നും ദുബൈ പോലീസ് ഒറ്റപ്പെട്ടനിലയില്‍ കണ്ടെത്തുന്നത്. മാതാവാണ് കുട്ടിയെ മാളില്‍ ഉപേക്ഷിച്ചു കടന്നുകളഞ്ഞതെന്നാണ് പോലീസ് സംശയിക്കുന്നത്. മാളില്‍ അലഞ്ഞുനടക്കുന്ന കുട്ടിയെ ഫിലിപ്പിനോ യുവതിയാണ് മുറഖബാദ് പോലീസിലേല്‍പിച്ചത്. തുടര്‍ന്ന് പോലീസിന്റെ മേല്‍നോട്ടത്തില്‍ കുട്ടിയെ ദുബൈ ഫൗണ്ടേഷന്‍ ഫോര്‍ വുമന്‍ ആന്‍ഡ് ചിള്‍ഡ്രന്റെ സംരക്ഷണയിലാക്കി.

മാധ്യമങ്ങളിലൂടെയും സമൂഹ മാധ്യമങ്ങളിലൂടെയും കുട്ടിയുടെ രക്ഷിതാക്കളെ കണ്ടെത്താന്‍ പോലീസ് ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. അന്വേഷണം ഇപ്പോഴും തുടരുകയാണ്. കേസ് ഇതുവരെ ദുബൈ ഫാമിലി ആന്‍ഡ് ജുവനൈല്‍ പ്രോസിക്യൂഷന് കൈമാറിയിട്ടില്ലെന്ന് അഡ്വക്കേറ്റ് ജനറല്‍ മുഹമ്മദ് അലി റുസ്തം ബു അബ്ദുല്ല പറഞ്ഞു. അവകാശികളാരും ഇതുവരെ സമീപിച്ചിട്ടില്ലെന്നും കുട്ടിയുടെ രാജ്യത്തെ എംബസിയുമായി ബന്ധപ്പെട്ടിരുന്നുവെന്നും അദ്ദേഹം അറിയിച്ചു.

കാണാന്‍ നല്ല ഓമനത്തമുള്ള കുട്ടി യുഎഇയിലെ പ്രവാസികളുടെയടക്കമുള്ളവരുടെ ദുഃഖമായി മാറിയിരിക്കയാണ്. കുട്ടിയുടെ ഭാവി ഇനി എന്താണെന്ന് തീരുമാനിച്ചിട്ടില്ലെന്ന് ഫൗണ്ടേഷന്‍ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ അഫ്ര അല്‍ ബസ്തി പറഞ്ഞു. കുട്ടിയുടെ സംരക്ഷണവും പുനരധിവാസവും മറ്റും ഞങ്ങളാണ് നിര്‍വഹിക്കുന്നത്. എന്നാല്‍ രക്ഷിതാക്കളാരെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് അധികൃതരെന്നും തീരുമാനത്തിനായി കാത്തിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

കുട്ടിയെ അറിയാതെ കാണാതായിപ്പോയതാണോ ഉപേക്ഷിച്ചതാണോ എന്ന് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ഇനി രക്ഷിതാക്കള്‍ എത്തിയില്ലെങ്കില്‍ കുട്ടിയെ ആരെങ്കിലും ദത്തെടുക്കുമോ എന്നുമറിയില്ല. ഏതായാലും അധികൃതര്‍ തീരുമാനിക്കും പോലെ കാര്യങ്ങള്‍ നടക്കും. ഇതിനകം ഒട്ടേറെ കുടുംബങ്ങള്‍ കുട്ടിയുടെ സംരക്ഷണം ഏറ്റെടുക്കാനുള്ള ദൗത്യവുമായി മുന്നോട്ടുവന്നിട്ടുണ്ട്.

ഫൗണ്ടേഷനെ സഹായിക്കാന്‍ താത്പര്യമുള്ളവര്‍ക്ക് 04-6060300 എന്ന ഫോണ്‍ നമ്പരിലോ funding@dfwac.ae എന്ന ഇ മെയിലിലോ ബന്ധപ്പെടാം. പീഡനങ്ങള്‍ക്കോ അക്രമങ്ങള്‍ക്കോ ഇരകളാകുന്ന കുട്ടികള്‍ക്കും വനിതകള്‍ക്കും വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ഇതെന്നും അഫ്ര അല്‍ ബസ്തി കൂട്ടിച്ചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here