ഇന്ത്യയില്‍ വ്യാജവാര്‍ത്തകള്‍ വര്‍ദ്ധിക്കുന്നതിനു പിന്നില്‍ തീവ്രദേശീയതയെന്ന് ബിബിസി; ഇതുവരെ കൊല്ലപ്പെട്ടത് 32 പേര്‍

0

ലണ്ടന്‍: (www.k-onenews.in) ഇന്ത്യയില്‍ വ്യാപകമായി വ്യാജവാര്‍ത്തകള്‍ പ്രചരിക്കാന്‍ കാരണം ജനങ്ങള്‍ക്കിടയില്‍ ക്രമാതീതമായി വര്‍ധിക്കുന്ന ദേശീയതാ വികാരമാണെന്ന് പഠനം. ഇടതുപക്ഷ ചിന്താധാരകളെ അപേക്ഷിച്ച് തീവ്രവലതു പക്ഷ ശൃംഖലകള്‍ കൂടുതല്‍ സംഘടിതമായതാണ് ദേശീയതാ വികാരം ഉണര്‍ത്തുന്ന വ്യാജ വാര്‍ത്തകള്‍ വര്‍ദ്ധിക്കാന്‍ കാരണമെന്നും ബി.ബി.സിയുടെ പഠനത്തില്‍പറയുന്നു.

ആളുകളില്‍ ദേശീയ സത്വം ഉണര്‍ത്താന്‍ വേണ്ടി വാര്‍ത്തകളില്‍ വസ്തുതകളെക്കാള്‍ വൈകാരികതയ്ക്കാണ് ഇന്ത്യ പ്രാധാന്യം നല്‍കുന്നതെന്ന് പഠനം നിരീക്ഷിച്ചു.

ട്വിറ്റിറലെ വ്യാജവാര്‍ത്തകളുടെ സ്രോതസ്സുകളും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അനുകൂലികളും തമ്മില്‍ ബന്ധമുള്ളതായും ബി.ബി.സി വേള്‍ഡ് സര്‍വീസ് നടത്തിയ ‘വ്യാജവാര്‍ത്തകള്‍ക്ക് അപ്പുറം’ എന്ന പഠനത്തില്‍ പറയുന്നു.

വാട്‌സാപ്പിലൂടെയും മറ്റും വ്യാജ വാര്‍ത്തകള്‍ വ്യാപകമായി പങ്കുവെക്കുന്നത് ഇന്ത്യയില്‍ വ്യാപക ആക്രമണങ്ങള്‍ക്ക് കാരണമാകാറുണ്ടെന്നും ഇതു വരെ ഇത്തരത്തില്‍ 32 പേര്‍ കൊല്ലപ്പെട്ടതായും പഠനത്തില്‍ പറയുന്നു.

പഠനത്തിന്റെ ഭാഗമായ വ്യക്തികളുടെ മൊബൈല്‍ ഫോണുകളിലുള്ള വിവരങ്ങള്‍ ശേഖരിച്ച് പഠനവിധേയമാക്കി അതില്‍ നിന്നും വ്യാജവാര്‍ത്തകളുടെ സ്വഭാവത്തെക്കുറിച്ച് നിഗമനത്തിലെത്തുകയായിരുന്നു സംഘം. ആളുകള്‍ ഷെയര്‍ ചെയ്ത കാര്യങ്ങള്‍, അത് ഏത് തരം ആളുകളുമായാണ് പങ്കുവെച്ചത്, എത്ര തവണ പങ്കുവെച്ചു എന്നായിരുന്നു പഠനത്തിന് വിധേയമാക്കിയത്. ഇന്ത്യ, കെനിയ, നൈജീരിയ എന്നീ രാജ്യങ്ങളിലാണ് പഠനം നടത്തിയത്.

വസ്തുതാപരമായ വാര്‍ത്തകളാണെന്ന വിശ്വാസത്തില്‍ ലഭിക്കുന്ന വാര്‍ത്തകള്‍ സ്ഥിരീകരിക്കാതെ മറ്റുള്ളവരുമായി വിവിധ സ്രോതസ്സുകളില്‍ നിന്നും പങ്കു വെക്കാന്‍ ഈ മൂന്ന് രാജ്യങ്ങളിലേയും മുഖ്യധാരാ വാര്‍ത്താമാധ്യമങ്ങള്‍ ജനങ്ങളെ പ്രേരിപ്പിക്കുന്നതായി പഠനം കണ്ടെത്തി. വ്യാജവാര്‍ത്തകള്‍ തിരിച്ചറിയാനുള്ള കഴിവ് തങ്ങള്‍ക്കുണ്ടെന്ന അമിത ആത്മവിശ്വാസം ജനങ്ങള്‍ക്കുള്ളതായും പഠനത്തില്‍ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here