നീലേശ്വരത്ത്‌ പ്രാർത്ഥനാ മുറി അടച്ചുപൂട്ടിയ നഗരസഭാ നടപടി ; പ്രതിഷേധവുമായി വിശ്വാസികൾ

0

നീലേശ്വരം:(www.k-onenews.in)

നീലേശ്വരത്ത്‌ നമസ്കാര മുറി അടച്ചു പൂട്ടിയ മുനിസിപ്പാലിറ്റി അധികൃതരുടെ നടപടിയിൽ പ്രതിഷേധമുയരുന്നു. 

നീലേശ്വരം മുസ്ലിം ജമാഅത്ത്‌ കമ്മറ്റിയായ തർബിയ്യത്തുൽ ഇസ്ലാം സഭയുടെ ഉടമസ്ഥതയിൽ രാജാസ്‌ ഹൈസ്കൂളിനു സമീപത്തെ ഓവർബ്രിഡ്ജിനു താഴെയുള്ള കെട്ടിടത്തിലെ ഒരു മുറിയിലാണ് പ്രാർത്ഥന നടത്തുന്നത്‌. ഇത്‌ ചട്ടലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നഗരസഭാ അധികൃതർ കെട്ടിടം അടച്ചുപൂട്ടി സീൽ ചെയ്തത്‌. 

നിലവിൽ രാജാസ്‌ ഹയർസെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥികളും ബസ്‌സ്റ്റാൻഡിലെ വ്യാപാരികളും യാത്രക്കാരുമൊക്കെ നമസ്കാരത്തിനായി പേരോൽ മസ്ജിദിലേക്കോ മെയിൻ ബസാറിലെ ബദരിയ മസ്ജിദിലേക്കോ പോകേണ്ട അവസ്ഥയാണ്. 

പ്രാർത്ഥനാ സൗകര്യമൊരുക്കണമെന്ന വിദ്യാർത്ഥികളുടെ ഏറെ നാളത്തെ ആവശ്യത്തിന്റെ ഭാഗമായാണ് ബിൽഡിംഗിൽ നിസ്കാര സൗകര്യമൊരുക്കാൻ ജമാഅത്ത്‌ കമ്മറ്റി മുൻകൈ എടുത്തത്‌. എന്നാൽ സാങ്കേതിക ന്യായങ്ങൾ പറഞ്ഞ്‌ പ്രാർത്ഥനാമുറി അടച്ചുപൂട്ടാനുള്ള നഗരസഭയുടെ നീക്കം വിശ്വാസികൾക്ക്‌ തിരിച്ചടിയായിരിക്കയാണ്. 

നഗരസഭാ പരിധിയിൽ നിരവധി അനധികൃത കൈയേറ്റങ്ങളും നിർമ്മാണങ്ങളും നടക്കുന്നുണ്ടെങ്കിലും അതിലൊക്കെ അധികൃതർ മൗനം പാലിക്കുമ്പോഴും സാങ്കേതിക വാദങ്ങളുയർത്തി പ്രാർത്ഥനാമുറി അടച്ചു പൂട്ടാനുള്ള നീക്കം പ്രതിഷേധാർഹമാണെന്ന് നാട്ടുകാർ പറയുന്നു.

അതേ സമയം, ജമാഅത്ത്‌ കമ്മറ്റി ഭാരവാഹികൾ ഇക്കാര്യം വിശ്വാസികളിൽ നിന്നും മറച്ചു വെച്ചതിനെച്ചൊല്ലിയും ആക്ഷേപമുയരുന്നുണ്ട്‌. ഇക്കാര്യം കമ്മറ്റിയിൽ ചർച്ച ചെയ്യാൻ പോലും ഭാരവാഹികൾ തയ്യാറായിട്ടില്ല എന്നും ആരോപണമുണ്ട്‌.

LEAVE A REPLY

Please enter your comment!
Please enter your name here