പാനായിക്കുളം കേസ്: ഹൈക്കോടതിവിധി സ്വാഗതാര്‍ഹം പോപുലര്‍ ഫ്രണ്ട്

0
കോഴിക്കോട്:(www.k-onenews.in) പാനായിക്കുളം സിമി ക്യാമ്പ് കേസില്‍ എന്‍.ഐ.എ കോടതി ശിക്ഷിച്ച അഞ്ചുപ്രതികളെയും വെറുതെവിട്ട ഹൈക്കോടതി വിധിയെ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന ജനറല്‍ സെക്രട്ടറി സി പി മുഹമ്മദ് ബഷീര്‍ സ്വാഗതം ചെയ്തു. കേസില്‍ നേരത്തേ വെറുതെ വിട്ട എട്ടുപേര്‍ക്കെതിരേ എന്‍.ഐ.എ നല്‍കിയ അപ്പീലും കോടതി തള്ളിക്കളഞ്ഞിരിക്കുകയാണ്. ചെയ്യാത്ത കുറ്റത്തിന്റെ പേരില്‍ വര്‍ഷങ്ങളോളം അന്യായമായി ജയിലില്‍ കഴിയേണ്ടിവന്നവര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇല്ലാത്ത തീവ്രവാദം ആരോപിച്ച് മുസ്‌ലിം യുവാക്കളെ അനന്തമായി ജയിലിടക്കുന്ന ഭരണകൂടഭീകരതക്ക് ഏറ്റ കനത്ത തിരിച്ചടിയാണ് വിധി. സ്വാതന്ത്ര്യദിനത്തില്‍ പരസ്യമായി നടത്തിയ സെമിനാറിനെ രഹസ്യക്യാമ്പായി ചിത്രകരിച്ച കേരള പോലിസും എന്‍.ഐ.എയും അടക്കമുള്ള അന്വേഷണ ഏജന്‍സികള്‍ പ്രചരിപ്പിച്ച നിറംപിടിപ്പിച്ച കഥകളുടെ പൊള്ളത്തരമാണ് ഹൈക്കോടതി വിധിയിലൂടെ തുറന്നുകാട്ടപ്പെട്ടിരിക്കുന്നത്. ഭീകരനിയമമായ യു.എ.പി.എ ദുരുപയോഗം ചെയ്യപ്പെടുന്നതിന്റെയും മുസ്‌ലിംകള്‍ പ്രതികളായ കേസുകളില്‍ എന്‍.ഐ.എ വച്ചുപുലര്‍ത്തുന്ന പക്ഷപാതപരമായ സമീപനത്തിന്റെയും മറ്റൊരു ഉദാഹരണമാണ് പാനായിക്കുളം കേസ്. നേരത്തേ യു.എ.പി.എ ചുമത്തിയ നാറാത്ത് കേസിലും എന്‍.ഐ.എക്ക് ഹൈക്കോടതിയില്‍ തിരിച്ചടി നേരിട്ടിരുന്നു. യു.എ.പി.എ റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരേ നല്‍കിയ അപ്പീല്‍ സുപ്രീംകോടതി ഫയലില്‍ സ്വീകരിക്കാന്‍ പോലും തയ്യാറായില്ല.
കള്ളസാക്ഷികളെ അണിനിരത്തിയും മാപ്പുസാക്ഷികളെ സൃഷ്ടിച്ചും കെട്ടിച്ചമക്കുന്ന ഇത്തരം കേസുകള്‍ ചൂണ്ടിക്കാട്ടിയാണ് മുസ്‌ലിംവിരുദ്ധ ശക്തികള്‍ രാജ്യത്ത് ഇസ്‌ലാംഭീതി പരത്തിക്കൊണ്ടിരിക്കുന്നത്. എന്നാല്‍ ഇവ ഓരോന്നായി കോടതികളില്‍ പരാജയപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഇത്തരം കേസുകളില്‍പ്പെട്ട് രാജ്യത്തെ വിവിധ ജയിലുകളില്‍ നൂറുകണക്കിനു നിരപരാധികള്‍ ജാമ്യം പോലും നിഷേധിക്കപ്പെട്ട് കഴിയുന്നുണ്ട്. അവ പുനപരിശോധിക്കാനും അന്യായമായി തടവില്‍ക്കഴിയുന്നവര്‍ക്ക് ജാമ്യം അനുവദിക്കാനും ഇത്തരം വിധികള്‍ കാരണമാകണമെന്നും സി പി മുഹമ്മദ് ബഷീര്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here