മുസ്‌ലിങ്ങളും ക്രിസ്ത്യാനികളും വിദേശികളാണെന്ന രാഷ്ട്രപതിയുടെ മുന്‍ പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണമെന്ന് അലിഗഡ് മുസ്‌ലിം സര്‍വകലാശാല

0

ലക്‌നൗ: (www.k-onenews.in) മുസ്‌ലിങ്ങളും ക്രിസ്ത്യാനികളും വിദേശികളാണെന്ന രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ മുന്‍ പ്രസ്താവന പിന്‍വലിക്കണമെന്ന് അലിഗഡ് മുസ്‌ലിം സര്‍വകലാശാല യൂണിയന്‍. മാര്‍ച്ച് 7ന് സര്‍വകലാശാല ബിരുദദാന ചടങ്ങില്‍ രാഷ്ട്രപതി പങ്കെടുക്കാനിരിക്കെയാണ് കോളെജ് യൂണിയന്റെ ആവശ്യം.

2010-ലായിരുന്നു രാംനാഥ് കോവിന്ദിന്റെ വിവാദ പ്രസ്താവന. മുസ്‌ലിങ്ങള്‍ക്ക് 10 ശതമാനവും മറ്റ് ന്യൂനപക്ഷങ്ങള്‍ക്ക് അഞ്ച് ശതമാനവും സംവരണം ഏര്‍പ്പെടുത്തണമെന്ന രംഗനാഥ മിശ്ര കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ പ്രതികരിക്കവേയാണ് രംനാഥ് കോവിന്ദ് വിവാദ പരാമര്‍ശം നടത്തിയത്. മുസ്‌ലിങ്ങളെയും ക്രിസ്ത്യാനികളെയും പട്ടിക ജാതിയില്‍ പെടുത്തുന്നത് ഭരണഘടനാ വിരുദ്ധമാണെന്നാണ് അന്ന് ബി.ജെ.പി നേതാവായിരുന്ന രാംനാഥ് കോവിന്ദ് അഭിപ്രായപ്പെട്ടത്. എന്നാല്‍ സിഖുകാരെ ഇതേ പട്ടികയില്‍ ഉള്‍പ്പെടുത്തിയത് ചോദ്യം ചെയ്തപ്പോഴാണ് മുസ്‌ലിങ്ങളും ക്രിസ്ത്യാനികളും ഇന്ത്യയെ സംബന്ധിച്ച് അന്യരാണെന്ന് പറഞ്ഞത്.

പ്രസ്താവനയില്‍ രാഷ്ട്രപതി മാപ്പുപറയുകയോ അല്ലെങ്കില്‍ ബിരുദദാന ചടങ്ങില്‍ നിന്ന് വിട്ടു നില്‍ക്കുകയോ ചെയ്യണമെന്ന് യൂണിയന്‍ വൈസ് പ്രസിഡന്റ് സജ്ജാദ് സുബാന്‍ പറഞ്ഞു. ഈ അവസ്ഥയില്‍ രാഷ്ട്രപതി കോളെജില്‍ സന്ദര്‍ശനം നടത്തുന്നത് നല്ല അന്തരീക്ഷമുണ്ടാക്കില്ലെന്നും എന്തെങ്കിലും സംഭവിച്ചാല്‍ വൈസ് ചാന്‍സലറും രാഷ്ട്രപതിയുമായിരിക്കും ഉത്തരവാദികളെന്നും സജ്ജാദ് മുന്നറിയിപ്പ് നല്‍കി.

രാഷ്ട്രപതി എല്ലാ മതങ്ങളെയും ഒരു പോലെ സ്വീകരിക്കണമെണം. വൈസ് ചാന്‍സലറുടെ താല്‍പര്യപ്രകാരമാണ് രാഷ്ട്രപതിയെ ക്ഷണിച്ചത്. ഇത് അലിഗഡ് മുസ്‌ലിം യൂണിവേഴ്‌സിറ്റി ബി.ജെ.പി ആശയങ്ങളെ സ്വീകരിക്കുന്നു എന്ന സന്ദേശമാണ് നല്‍കുകയെന്നും സജ്ജാദ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here