കത്തുവ സംഭവം, പ്രതിഷേധം ശക്തമാവുന്നു;ഒഞ്ചിയത്ത് റവല്യുഷണറി യൂത്ത് പ്രവർത്തകർ ആര്‍എസ്എസിന്റെ ‘വിചാരധാര’ കത്തിച്ചു

0

കോഴിക്കോട്: (www.k-onenews.in) കാശ്മീരിലെ കത്തുവയില്‍ എട്ടുവയസുകാരിയെ ബലാത്സംഗം ചെയ്തുകൊന്നതിനെതിരെ വടകര ഒഞ്ചിയത്ത് ആര്‍.എസ്.എസിന്റെ ദാര്‍ശിനിക ഗ്രന്ഥം ‘വിചാരധാര’ കത്തിച്ചു കൊണ്ട് പ്രതിഷേധം.

റവല്യുഷണറി യൂത്തിന്റെ നേതൃത്വത്തിലാണ് ‘വിചാരധാര’ കത്തിച്ചത്. ആര്‍.എസ്.എസിന്റെ രണ്ടാമത്തെ സര്‍സംഘചാലക് ആയ മാധവ സദാശിവ ഗോള്‍വാക്കറാണ് വിചാരധാര രചിച്ചത്.

സംഘപരിവാര്‍ പ്രയോഗിച്ചുകൊണ്ടേയിരിക്കുന്ന വംശീയതയിലധിഷ്ഠിതമായ വെറുപ്പിന്റെ രാഷ്ട്രീയത്തില്‍ നിന്നാണ് കൊച്ചു കുട്ടികള്‍ക്ക് നേരെ പോലും ഇത്തരം അതിക്രമം അരങ്ങേറുന്നതെന്നും   മുസ്‌ലിങ്ങള്‍ രാജ്യത്തിന്റെ ആഭ്യന്തരഭീഷണിയാണെന്നുമുള്ള തരത്തില്‍ അവതരിപ്പിക്കുന്ന വിചാരധാരയാണ് ആര്‍.എസ്.എസിന്റെ ഈ വിദ്വേഷ രാഷ്ട്രീയത്തിന്റെ പ്രാമാണികഗ്രന്ഥമെന്നും പ്രതിഷേധപരിപാടിയെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിച്ച റവല്യൂഷണറി യൂത്ത് ഒഞ്ചിയം ബ്ലോക്ക് സെക്രട്ടറി ടി.കെ.സിബി അഭിപ്രായപ്പെട്ടു.

കാശ്മീരിയായ മുസ്ലീം പെണ്‍കുട്ടിയായതുകൊണ്ട് മാത്രമാണ് കൊല്ലപ്പെട്ട പെണ്‍കുട്ടിക്ക് ഇത്തരമൊരനുഭവമുണ്ടായതെന്നും ഇന്ത്യയിലെ ബ്രാഹ്മണിക് ഭരണകൂടത്തിനുകീഴില്‍ ദളിതരും മുസ്‌ലീങ്ങളുമനുഭവിക്കുന്ന ഈ അവസ്ഥയ്‌ക്കെതിരെ നിരന്തരമായ പോരാട്ടങ്ങള്‍ നടത്താന്‍ തെരുവുകള്‍ സജ്ജമാവണമെന്നും അദ്ദേഹം പറഞ്ഞു. പ്രതിഷേധപ്രകടനത്തിന് രതീഷ്.ജി.ആര്‍, അപര്‍ണ, അശ്വതി, നിഖില്‍ എന്നിവര്‍ നേതൃത്വം നല്‍കി.

അതേസമയം എട്ടുവയസുകാരിയോടുള്ള കൊടും ക്രൂരതയ്‌ക്കെതിരെ സംസ്ഥാനമെങ്ങും കഴിഞ്ഞ ദിവസം പ്രതിഷേധം അരങ്ങേറിയിരുന്നു.. ഫേസ്ബുക്ക് കൂട്ടായ്മയുടെയും വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെയും നേതൃത്വത്തിലായിരുന്നു പ്രതിഷേധം.

കോഴിക്കോട് കടപ്പുറത്ത് വിവിധ ഫേസ്ബുക്ക് കൂട്ടായ്മകളുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. ജസ്റ്റിസ് ഫോര്‍ ആസിഫ എന്ന മുദ്രാവാക്യവുമായായിരുന്നു പ്രതിഷേധം. ജില്ലയില്‍ ഡി.വൈ.എഫ്.ഐ, യൂത്ത് കോണ്‍ഗ്രസ്, എസ്.ഡി.പി.ഐ തുടങ്ങി വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതൃത്വത്തിലും പ്രതിഷേധം സംഘടിപ്പിച്ചു.

ജമ്മുവിനടുത്തുള്ള കത്വയിലെ രസന ഗ്രാമത്തിലെ വീടിന് സമീപത്ത് നിന്ന് ജനുവരി 10ന് കാണാതായ എട്ടുവയസുകാരിയെ ഏഴു ദിവസങ്ങള്‍ക്ക് ശേഷമാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുന്നത്. കേസില്‍ എട്ടുപേരാണ് ഇതുവരെ അറസ്റ്റിലായത്.

പെണ്‍കുട്ടിയുടെ കുടുംബമടങ്ങുന്ന ബക്കര്‍വാല്‍ മുസ്ലിം നാടോടി സമുദായത്തെ രസനയില്‍ നിന്നും ഭയപ്പെടുത്തി ആട്ടിയോടിക്കുന്നതിനായി റിട്ട റവന്യൂ ഉദ്യോഗസ്ഥനായ സഞ്ചി റാം ആണ് കൊലപാതകവും തട്ടിക്കൊണ്ടു പോകലും ആസൂത്രണം ചെയ്തത്.

ഇയാളുടെ മകന്‍ വിശാല്‍ ജംഗോത്ര, മരുമകന്‍ എന്നിവരും പിടിയിലായിട്ടുണ്ട്. സ്‌പെഷ്യല്‍ പൊലീസ് ഒഫീസര്‍മാരായ ദീപക് ഖജൂരിയ, സുരീന്ദര്‍ കുമാര്‍, രസനയിലെ താമസക്കാരനായ പര്‍വേഷ് കുമാര്‍, അസി. സബ് ഇന്‍സ്‌പെക്ടര്‍ ആനന്ദ് ദത്ത, ഹെഡ് കോണ്‍സ്റ്റബള്‍, തിലക് രാജ് എന്നിവരാണ് മറ്റു പ്രതികള്‍.

LEAVE A REPLY

Please enter your comment!
Please enter your name here