പാല്‍ഘര്‍ സംഭവത്തിൽ കലാപത്തിന് പ്രകോപനം നൽകി; അര്‍ണബിന് മുംബൈ പോലീസിന്റെ നോട്ടീസ്

0
0

മുംബൈ: (www.k-onenews.in) മഹാരാഷ്ട്രയിലെ പാൽഘറിൽ സന്യാസിമാർ കൊലചെയ്യപ്പെട്ട സംഭവത്തെക്കുറിച്ച് ചാനൽ ചർച്ചക്കിടെ നടത്തിയ പരാമർശങ്ങളുടെ പേരിൽ റിപ്പബ്ലിക് ടിവി എഡിറ്റർ ഇൻ ചീഫ് അർണബ് ഗോസ്വാമിക്ക് മുംബൈ പോലീസിന്റെ നോട്ടീസ്.

ഇന്ത്യൻ ശിക്ഷാനിയമത്തിലെ 108-ാം വകുപ്പുപ്രകാരമാണ് നോട്ടീസ് അയച്ചിരിക്കുന്നത്. വെള്ളിയാഴ്ച വൈകീട്ട് നാലുമണിക്ക് സ്പെഷ്യൽ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന്റെയും അസിസ്റ്റന്റ് കമ്മിഷണർ ഓഫ് പോലീസിന്റെയും മുമ്പാകെ ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

പാൽഘർ സംഭവത്തിന്റെ പശ്ചാത്തലത്തിൽ ഏപ്രിൽ 21-ന് ‘പൂഛ്താ ഹേ ഭാരത്’ (ഇന്ത്യ ചോദിക്കുന്നു) എന്ന പേരിൽ അർണബ് ഗോസ്വാമി ചാനലിൽ ഒരു പരിപാടി നടത്തിയിരുന്നു. ഈ പരിപാടിക്കിടയിൽ ഹിന്ദുവായിയിരിക്കുന്നതും, കാവി വസ്ത്രം ധരിക്കുന്നതും കുറ്റമാണോയെന്നും ഇരകൾ ഹിന്ദുക്കളല്ലായിരുന്നെങ്കിൽ ആളുകൾ നിശബ്ദരായിരിക്കുമോയെന്നും ചോദിച്ചിരുന്നു.

കലാപത്തിന് പ്രകോപനം നൽകുക, വ്യത്യസ്ത മതവിഭാഗങ്ങൾക്കിടയിൽ ശത്രുത വളർത്തുക തുടങ്ങി ഇന്ത്യൻ ശിക്ഷാനിയമത്തിലെ വകുപ്പുകളാണ് അർണബിനെതിരെ ചുമത്തിയിരിക്കുന്നത്.

അർണബിന്റെ പരാമർശം ഹിന്ദുക്കളും മുസ്ലീങ്ങളും തമ്മിലുളള സാമുദായിക സ്പർദയ്ക്ക് ഇടയാക്കാവുന്നതാണെന്നും ആ യുട്യൂബ് വീഡിയോ ശക്തമായ പ്രതികരണങ്ങളാണ് ഉണ്ടാക്കിയതെന്നും നോട്ടീസിൽ പറയുന്നു.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ അക്രമങ്ങളൊന്നും ഉണ്ടായില്ല. എന്നാൽ പ്രതികരണങ്ങൾ സാമുദായിക ഐക്യത്തിനും ക്രമസമാധാനത്തിനും ഭീഷണിയുയർത്തുന്നതാണെന്നും അതിനാൽ നടപടി അനിവാര്യമാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

ലോക്ഡൗൺ കാലത്ത് ബാന്ദ്ര റെയിൽവേ സ്റ്റേഷന് പുറത്ത് തടിച്ചുകൂടിയ കുടിയേറ്റ തൊഴിലാളികളെ കുറിച്ച് പ്രകോപനപരമായ പരാമർശങ്ങൾ അർണബ് നടത്തിയതായി നോട്ടീസിൽ പറയുന്നുണ്ട്. ഈ സംഭവത്തിലും അർണബിനെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയിതിട്ടുണ്ട്.

ടെലിവിഷൻ റേറ്റിങ്ങുകളിൽ കൃത്രിമം കാണിച്ചു എന്നാരോപിച്ച് റിപ്പബ്ലിക് ടിവി ഉൾപ്പടെ ചില ചാനലുകൾക്കെതിരെ മുംബൈ പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here